Enter your Email Address to subscribe to our newsletters

Kochi, 06 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനും ഇന്ന് നിര്‍ണായക ദിനം. ഇരുവരും നല്‍കിയ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ശബരിമലയ്ക്ക് വലിയ തോതില്‍ സംഭാവനകള്‍ നല്‍കുന്ന വ്യക്തിയാണ്, തട്ടിപ്പില്‍ ഒരു പങ്കുമില്ല എന്നാണ് സ്വര്‍ണ വ്യാപാരിയായ ഗോവര്‍ദ്ധന്‍ ജാമ്യ ഹര്‍ജിയില്‍ വാദിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വര്‍ണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ പത്തുലക്ഷം രൂപ ഡിഡിയായും പത്ത് പവന്‍ മാലയായും തിരികെ നല്‍കിയിട്ടുണ്ടെന്നും ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നല്‍കിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നുമാണ് ഗോവര്‍ദ്ധന്റെ വാദം. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പൂര്‍ണമായും നിഷേധിക്കുകയാണ് ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും. ദേവസ്വത്തിന്റെ ഭരണപരമായ പദവിയില്‍ ഇരുന്ന തനിക്ക് ജീവനക്കാരെ ശബരിമലയില്‍ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നതെന്നും കൂട്ടായ്മയില്‍ അല്ലാതെ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് വാദം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഇന്നലെ കൂടുതല്‍ സമയം അനുവദിച്ചിരുന്നു. ആറാഴ്ചത്തെ സമയമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം ദേവസ്വം ബെഞ്ച് അനുവദിച്ചത്. ഈ മാസം 19ന് എസ്.ഐ.ടി ഹൈക്കോടതിയില്‍ അടുത്ത ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണ സംഘത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താന്‍ അവധിക്കാല ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ക്ക് പകരം പുതിയ രണ്ട് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു. ഇതിന് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് അനുമതി നല്‍കി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പി.എസ് പ്രശാന്തിന്റെ ഭരണസമിതിയ്‌ക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. 2025 സെപ്റ്റംബറില്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണപൂശിയതിലെ എല്ലാ ഇടപാടും നാലുഘട്ടമുള്ള അന്വേഷണത്തിലുണ്ടെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു. ആദ്യ രണ്ട് കേസിലാണ് ഇപ്പോഴത്തെ അന്വേഷണമെങ്കിലും ശേഷിക്കുന്ന അന്വേഷണത്തില്‍ ആരും രക്ഷപ്പെടില്ലെന്ന് കരുതുന്നതായാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ നിര്‍ഭയമായ അന്വേഷണം തുടരണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദ്ദേശിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്ന് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് ആവര്‍ത്തിക്കുമ്പോഴാണ് പ്രശാന്തിന്റെ ഭരണസിമിതിയക്കെതിരെയും അന്വേഷണം ഉണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Sreejith S