Enter your Email Address to subscribe to our newsletters

Thiruvanathapuram, 06 ജനുവരി (H.S.)
സിദ്ധയുടെ ചരിത്രം പരിശോധിച്ചാല്‍ ഈ കാലഘട്ടത്തില്‍ നടത്തിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളെന്ന് കാണാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ കാലഘട്ടത്തില്‍ സിദ്ധ രംഗത്ത് 8 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. വര്‍മ്മ ചികിത്സ ജനകീയമാക്കുന്നതിന് കഴിഞ്ഞു. വേദന രഹിതമായ വര്‍മ്മ ചികിത്സയ്ക്ക് വലിയ ജനപ്രീതിയാണുള്ളത്. 7 പുതിയ വര്‍മ്മ യൂണിറ്റുകള്‍ ആരംഭിച്ചു. സ്ത്രീകളുടെ സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കായി മഗളിര്‍ ജ്യോതി പദ്ധതി ആരംഭിച്ചു. ജീവിതശൈലി രോഗ ക്ലിനിക്ക്, പാലിയേറ്റീവ് ഓങ്കോളജി ക്ലിനിക് എന്നിവ യാഥാര്‍ത്ഥ്യമാക്കി. 2 സിദ്ധ ആശുപത്രികള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ശരീരത്തേയും മനസിനേയും ശുദ്ധീകരിക്കുന്ന ഒരു ജീവിത പദ്ധതിയാണ് സിദ്ധ. ഭക്ഷണമാണ് മരുന്ന്, മരുന്നാണ് ഭക്ഷണം എന്ന ആപ്തവാക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രകൃതിയും മനുഷ്യനുമൊക്കെ മനോഹരമായി സമന്വയിക്കപ്പെട്ട സന്തുലിതമായ നിലയില്‍ പോകുന്ന ഒരു വൈദ്യമാണ്. ഈ വൈദ്യശാസ്ത്രത്തെ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രീയ കെ. എസ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, പൂജപ്പുര സിദ്ധ റീജിയണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ചാര്‍ജ്ജ് ഡോ. എസ്. നടരാജന്‍, ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ (എ.എസ്.യു) ഡോ. ജയ വി ദേവ്, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. നീലാവതി, നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ ഡോ. സജി പി.ആര്‍, ഡോ. ജയനാരായണന്‍ ആര്‍, സിദ്ധ ദിനാചരണം സംസ്ഥാന നോഡല്‍ ഓഫീസറും നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുമായ ഡോ. ഗായത്രി ആര്‍.എസ്. എന്നിവര്‍ സംസാരിച്ചു.
ഇതോടൊപ്പം സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു.
---------------
Hindusthan Samachar / Sreejith S