പ്രസവത്തിന് പിന്നാലെ ദുരിതം; യുവതിയുടെ വയറ്റിൽ തുണിക്കെട്ട് മറന്നുവെച്ചു; മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം
Wayanad , 06 ജനുവരി (H.S.) വയനാട്: വയനാട് ജില്ലയിലെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രമായ മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന തുണിക്
പ്രസവത്തിന് പിന്നാലെ ദുരിതം; യുവതിയുടെ വയറ്റിൽ തുണിക്കെട്ട് മറന്നുവെച്ചു; മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം


Wayanad , 06 ജനുവരി (H.S.)

വയനാട്: വയനാട് ജില്ലയിലെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രമായ മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന തുണിക്കഷ്ണം (Gauze) മറന്നുവെച്ചതായാണ് പരാതി. മാനന്തവാടി സ്വദേശിനിയായ ദേവി (21) ആണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്.

പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷമാണ് യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ദേവിയുടെ പ്രസവം മാനന്തവാടി മെഡിക്കൽ കോളേജിൽ നടന്നത്. പ്രസവത്തിന് പിന്നാലെ യുവതിക്ക് അസഹനീയമായ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. വേദന സഹിക്കാനാവാതെ യുവതി രണ്ടുതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ കൃത്യമായ പരിശോധന നടത്താൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. സ്കാനിംഗ് ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾ നടത്താതെ സാധാരണ വേദനയ്ക്കുള്ള മരുന്ന് നൽകി തിരിച്ചയക്കുകയായിരുന്നുവത്രേ.

കഴിഞ്ഞ ഡിസംബർ 29-നാണ് യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നത്. ഇതോടെയാണ് മാസങ്ങളായി അനുഭവിച്ചിരുന്ന വേദനയുടെ യഥാർത്ഥ കാരണം വ്യക്തമായത്. ശസ്ത്രക്രിയയ്ക്കിടെയോ പ്രസവാനന്തര ശുശ്രൂഷയ്ക്കിടെയോ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ഇത്തരമൊരു അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആരോഗ്യ മന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ആരോപണങ്ങൾ ഇതാദ്യമായല്ല ഉയരുന്നത്. മുൻപ് ശസ്ത്രക്രിയയിലെ അശ്രദ്ധമൂലം രോഗിക്ക് വൃഷണം നഷ്ടമായ സംഭവവും, കുട്ടിയുടെ കാലിൽ തറച്ച മുള്ളെടുക്കാൻ പത്തുദിവസം കിടത്തി ചികിത്സിച്ചിട്ടും ഫലമുണ്ടായില്ലെന്ന പരാതിയും ഏറെ വിവാദമായിരുന്നു. മതിയായ സൗകര്യങ്ങളില്ലാതെ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയത് മേഖലയിലെ സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. സായാഹ്ന ഒപി നിലച്ചതും ആംബുലൻസ് സൗകര്യങ്ങളുടെ കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ ഗോത്രവർഗക്കാരുൾപ്പെടെയുള്ള സാധാരണക്കാർ ആശ്രയിക്കുന്ന ഈ വലിയ ആശുപത്രിയിൽ ആവർത്തിച്ചുണ്ടാകുന്ന ഇത്തരം വീഴ്ചകൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News