Enter your Email Address to subscribe to our newsletters

Kannur, 07 ജനുവരി (H.S.)
ആഘോഷപ്പൊലിമയിൽ ബാക്കിവരുന്ന ഭക്ഷണപ്പൊതികൾ കുഴിച്ച് മൂടുന്ന നാട്ടിൽ, ഒരു നേരത്തെ ആഹാരത്തിനായി കൈനീട്ടുന്നവരുടെ വയറുനിറയ്ക്കാൻ ഓടിനടക്കുന്ന ഒരു യുവാവുണ്ട്. കണ്ണൂർ പിലാത്തറ സ്വദേശിയായ 35-കാരൻ മുഹമ്മദ് റിയാസ്. മനുഷ്യത്വത്തിൻ്റെ നല്ല പാഠങ്ങൾ പകര്‍ന്നു നല്‍കി ആരോരുമില്ലാത്തവർക്കും വഴിയിൽ കിടക്കേണ്ടിവരുന്നവർക്കും കൈ താങ്ങാവുന്ന അപൂർവ മനുഷ്യൻ എന്ന് റിയാസിനെ വിശേഷിപ്പിക്കാം. ജാതിയോ മതമോ അതിർവരമ്പുകളോ ഇല്ലാത്ത സ്നേഹത്തിൻ്റെ ഭാഷയിലാണ് റിയാസ് തൻ്റെ ഓരോ ദിവസവും ചിലവഴിക്കുന്നത്.
പാതിരാത്രിയിലും വിളിപ്പുറത്തെത്തുന്ന കൈത്താങ്ങ്
കഴിഞ്ഞ 10 വർഷമായി പിലാത്തറ 'ഹോപ്പ്' ചാരിറ്റബിൾ സൊസൈറ്റിയുടെ അവിഭാജ്യ ഘടകമാണ് റിയാസ്. ആർക്കും എപ്പോഴും വിളിക്കാവുന്ന ഒരു സഹോദരനായാണ് ഹോപ്പ് ജനറൽ സെക്രട്ടറി ജാക്യുലിൻ ബിന്ന സ്റ്റാൻലിനെപ്പോലുള്ളവർ റിയാസിനെ വിശേഷിപ്പിക്കുന്നത്. മരനാണന്തര കാർമികത്വത്തിനും മൃതദേഹങ്ങൾ കുളിപ്പിച്ചെടുക്കാനും ചിതാ ഭസ്മം ഒഴുക്കാനും ആരോരുമില്ലാത്തവരുടെ ബന്ധുവായി റിയാസ് ഉണ്ടാകും. രോഗ ശയ്യയിലായവരുടെ ഇടയിലേക്കും മരിച്ചു വീണ ഇടങ്ങളിലേക്കും ഏത് അവസ്ഥയിലും അയാൾ ഓടിയെത്തും.
ഒറ്റപെട്ട് തൻ്റെ അടുത്തേക്ക് എത്തിയവരുടെ ഉറ്റവരെ തേടി യുപി യിലേക്കും ബംഗാളിലേക്കും തമിഴ് നാട്ടിലേക്കും സ്വന്തം കുടുംബം മറന്ന് റിയാസ് യാത്ര ചെയ്യുന്നു. പിലാത്തറ ഹോപ്പിലുള്ളവർക്കുവേണ്ടി യാത്ര പുറപ്പെടുമ്പോൾ സാമ്പത്തികമായി ഹോപ്പ് സഹായിക്കാറുണ്ടെന്ന് റിയാസ് പറയുന്നു. ഇവിടെ മതത്തിന് സ്ഥാനമില്ല, മനുഷ്യത്വത്തിന് മാത്രമാണ് മുൻഗണന.
അച്ഛൻ പകർന്നുനൽകിയ പാഠം
റിയാസിൻ്റെ ഈ കാരുണ്യയാത്രയ്ക്ക് പിന്നിൽ പിതാവ് മുഹമ്മദ് കുഞ്ഞിയുടെ മാതൃകയുണ്ട്. സമ്പന്ന കുടുംബമല്ലെങ്കിലും വിശക്കുന്നവൻ്റെ വേദന അറിയണമെന്നും ഭക്ഷണം പാഴാക്കരുതെന്നും പിതാവ് മകനെ പഠിപ്പിച്ചു. തൻ്റെ കുട്ടിക്കാലത്ത് വീട്ടിൽ എന്തെങ്കിലും ആഘോഷം നടന്നാൽ ബാക്കി വരുന്ന ഭക്ഷണം പിതാവ് മുഹമ്മദ് കുഞ്ഞി നിർധനർക്ക് നൽകുന്നത് കണ്ടാണ് റിയാസും വളര്‍ന്നത്.
2007-ൽ സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് റിയാസിൻ്റെ സേവനം. പല നാടുകളിൽ നിന്നെത്തിയ ഉസ്താദുമാർക്ക് വേണ്ടി റിയാസ് ഭക്ഷണം എത്തിച്ചു നൽകാറുണ്ടായിരുന്നു. അവര്‍ക്ക് ആവശ്യമുള്ളത് എടുത്തശേഷം ബാക്കി ഭക്ഷണം റിയാസിന് തന്നെ അവര്‍ തിരികെ നൽകുമായിരുന്നു. തനിക്ക് ആവശ്യമുള്ളത് എടുത്തശേഷമുള്ള ഭക്ഷണം അവൻ തെരുവിലുള്ളവർക്ക് നൽകി. അങ്ങനെ വിദ്യാർഥിയായിരിക്കെ തുടങ്ങിയ ഭക്ഷണ വിതരണമാണ് 35 വയസ്സിലും റിയാസ് തുടരുന്നത്.
സഹായി പിലാത്തറയും റിയാസും
സ്വന്തം പണമെടുത്തുള്ള ഈ ഒറ്റയാൾ പോരാട്ടത്തിന് റിയാസ് നൽകിയ പേരാണ് 'സഹായി പിലാത്തറ'. ഭക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും വിളിക്കാം 'സഹായിയെ'. ആഘോഷം കഴിഞ്ഞ് ബാക്കി വരുന്ന ഭക്ഷണം കുഴിച്ചുമൂടും മുൻപ് മുഹമ്മദ് റിയാസിൻ്റെ നമ്പർ ഒന്ന് ഓർത്താൽ മാത്രം മതി. വിശപ്പിൻ്റെ വിളി കേട്ട് റിയാസ് അവിടെ എത്തും. ഭക്ഷണം ശേഖരിച്ച് അനാഥമന്ദിരം, യത്തീംഖാന, വൃദ്ധസദനം, ചിൽഡ്രൻസ് ഹോം, തെരുവിൽ കഴിയുന്നവർ എന്നിവർക്ക് എത്തിച്ചു നൽകുന്നതാണ് റിയാസിൻ്റെ രീതി. ചില വീട്ടുകാരാകട്ടെ ഇതിനു വരുന്ന വാഹനച്ചെലവും നൽകും. അതില്ലെങ്കിലും ജോലി സംതൃപ്തനായി റിയാസ് ജോലി തുടരും
2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ 57,229 പേർക്കുള്ള ഭക്ഷണമാണ് ഇത്തരത്തിൽ ഒറ്റയ്ക്ക് വിതരണം ചെയ്തത് എന്ന് റിയാസ് പറയുന്നു. ഇതിൽ 28734 ബിരിയാണിയും 28495 ഊണും ആയിരുന്നു. ഈ വര്‍ഷം ജനുവരി നാലുവരെ 300 പേർക്കുള്ള ഭക്ഷണം നൽകി കഴിഞ്ഞു.
കല്യാണ വീടുകളിലും സഹായി
ആഘോഷമോ മറ്റു ചടങ്ങുകളോ നടക്കുന്ന ഇടങ്ങളിൽ എല്ലാം റിയാസും എത്തും. എന്തു ജോലിയും ചെയ്യും. ഏക വരുമാനമാർഗം ഇതാണെങ്കിലും കൂലിയിൽ നിർബന്ധമില്ല. ചടങ്ങ് കഴിഞ്ഞ് എല്ലാവരും പോയാൽ ബാക്കി വരുന്ന ഭക്ഷണം വൃത്തിയായി പൊതിഞ്ഞ് സുഹൃത്തിൻറെ ഇരുചക്ര വാഹനത്തിലോ ഓട്ടോറിക്ഷയിലോ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് റിയാസിൻ്റെ രീതി.
ദൂരസ്ഥലങ്ങളിൽ ഉള്ളവർ പോലും ഇപ്പോൾ റിയാസിനെ അന്വേഷിച്ച് എത്താറുണ്ട്. ബാക്കിയുള്ള ഭക്ഷണം എന്തു ചെയ്യും എന്ന വീട്ടുകാരുടെ ടെൻഷൻ വിശക്കുന്ന നിരവധി പേർക്ക് അന്നമേകി എന്ന സന്തോഷം നല്‍കി റിയാസ് ഇല്ലാതാക്കും. ഇപ്പോൾ കൂടുതൽ പേർ വിളിക്കാറുണ്ട് എങ്കിലും ഭക്ഷണം എടുത്തു കൊണ്ടു പോകാൻ പറഞ്ഞു രക്ഷപ്പെടുന്നവരുമുണ്ട്. ഉപയോഗിച്ച കല്യാണ വസ്ത്രങ്ങൾ ശേഖരിച്ച് നിർധനർക്ക് എത്തിച്ചു കൊടുക്കാനും റിയാസ് മുൻകൈെയെടുക്കുന്നു.
വെല്ലുവിളികൾക്കിടയിലും തളരാതെ
ഭക്ഷണം ശേഖരിച്ച് എത്തിക്കാനുള്ള വാഹനച്ചെലവും അധ്വാനവും പലപ്പോഴും ആരും കാണാറില്ലെന്ന് റിയാസ് ചെറിയ വിഷമത്തോടെ പറയുന്നു. ചിലർ ഭക്ഷണം എടുത്തു കൊണ്ടുപോകാൻ റിയാസിനെ ഏൽപ്പിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറും. എങ്കിലും ഭാര്യ ബദറൂനിസയുടെ പിന്തുണയോടെ തൻ്റെ കുളത്തിലെ പുരയിൽ വീട്ടിൽ നിന്ന് റിയാസ് ഈ ദൗത്യം തുടരുന്നു.
നമുക്കിടയിൽ മനുഷ്യത്വം ഇനിയും വറ്റിയിട്ടില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് മുഹമ്മദ് റിയാസ് എന്ന ഈ പിലാത്തറക്കാരൻ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR