Enter your Email Address to subscribe to our newsletters

Kollam, 07 ജനുവരി (H.S.)
താര പരിവേഷത്തോടെ കഴിഞ്ഞ രണ്ട് തവണയും കൊല്ലത്തു നിന്ന് മത്സരിച്ച് കയറിയ മുകേഷിനെ ഇത്തവണ കളത്തിലിറക്കിയേക്കില്ല.2016 ലും 2021 ലും കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജയിച്ച മുകേഷിന് പകരം ഇത്തവണ ചിന്ത ജെറോമിനേയോ എസ് ജയമോഹനേയോ പരിഗണിച്ചേക്കും എന്നാണ് വിവരം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുകേഷ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.മാത്രമല്ല ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് സിപിഎമ്മിന് നേരിട്ടത്.
ഈ സാഹചര്യത്തില്‍ മുകേഷിന് രണ്ട് ടേം വ്യവസ്ഥ ബാധകമാക്കും. പൊതു സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിയെ ആണ് സിപിഎം കൊല്ലത്ത് പരിഗണിക്കുന്നത്. 2016 ല്‍ മുകേഷ് 17611 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് കൊല്ലത്ത് നിന്ന് ജയിച്ചത്. കോണ്‍ഗ്രസിന്റെ സൂരജ് രവിയെ ആണ് മുകേഷ് പരാജയപ്പെടുത്തിയത്.
2021 ലും മുകേഷ് ജയിച്ചെങ്കിലും ഭൂരിപക്ഷം 2072 ആയി കുറഞ്ഞു. കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ ആയിരുന്നു അന്ന് മുകേഷ് പരാജയപ്പെടുത്തിയത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഒന്നര ലക്ഷത്തിന് പുറത്ത് വോട്ടിന്റെ വ്യത്യാസത്തിലാണ് മുകേഷ് എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടത്.
മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും പകരം സ്ഥാനാര്‍ത്ഥിയെ തേടുന്നതില്‍ സിപിഎം പരിഗണിച്ചിട്ടുണ്ട് എന്നാണ് വിവരം.
പാര്‍ട്ടിക്ക് വലിയ വേരുള്ള മണ്ഡലമാണ് കൊല്ലം. അതിനാല്‍ തന്നെ സിപിഎം നേതൃത്വത്തില്‍ ഉള്ളവരെ തന്നെയായിരിക്കും പരിഗണിക്കുക. സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹനാണ് ഇവിടെ സാധ്യത കൂടുതല്‍.
തൊഴിലാളി നേതാവെന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലുള്ള ബന്ധം ജയമോഹന് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ സിപിഎം തയ്യാറായേക്കും എന്നാണ് വിവരം.അല്ലെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനായിരിക്കും സ്ഥാനാര്‍ത്ഥി.
ഭരണ നിര്‍വഹണ രംഗത്തെ പരിചയമാണ് പി കെ ഗോപന് മുന്‍തൂക്കം നല്‍കുന്നത്. അതേസമയം മണ്ഡലത്തിലേക്ക് വനിതാ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന് നറുക്ക് വീഴും. കൊല്ലം മണ്ഡലത്തില്‍ കഴിഞ്ഞ നാല് തവണയായി എല്‍ഡിഎഫ് ആണ് ജയിക്കുന്നത്.
2001 ആര്‍എസ്പി (ബി)യുടെ ബാബു ദിവാകരനാണ് മണ്ഡലത്തില്‍ ജയിച്ച അവസാന യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2006 ലും 2011 ലും സിപിഎമ്മിന്റെ പികെ ഗുരുദാസനായിരുന്നു കൊല്ലത്ത് നിന്ന് ജയിച്ചത്. 2006 ല്‍ വിഎസ് സര്‍ക്കാരില്‍ ഗുരുദാസന്‍ മന്ത്രിയാകുകയും ചെയ്തു.
അതേസമയം 2021 ല്‍ കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഒമ്ബതിടത്തും എല്‍ഡിഎഫ് ആയിരുന്നു വിജയിച്ചിരുന്നത്.2011 ല്‍ 11 സീറ്റും എല്‍ഡിഎഫിനൊപ്പമായിരുന്നു. ഒരു കാലത്ത് ആര്‍എസ്പിയുടെ കോട്ടയായിരുന്നു കൊല്ലം.
അന്ന് ആര്‍എസ്പി എല്‍ഡിഎഫിലുമായിരുന്നു. 1996 ല്‍ കൊല്ലത്ത് 4 സീറ്റുകള്‍ ആര്‍എസ്പി നേടിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് വിട്ടതോടെ കൊല്ലത്ത് ആര്‍എസ്പിയുടെ ശക്തി ക്ഷയിച്ച് തുടങ്ങി. മാത്രമല്ല സിപിഎം ഈ വോട്ടുകള്‍ സ്വാംശീകരിക്കുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR