Enter your Email Address to subscribe to our newsletters

Newyork, 07 ജനുവരി (H.S.)
ടെസ്ലയുടെ സ്ഥാപകനും ട്വിറ്റർ ഉടമയുമായ ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിന്റെ എഐ ചാറ്റ്ബോട്ട് ആയ ഗ്രോക്ക് ആഗോളതലത്തില്‍ രൂക്ഷമായ വിമർശനം നേരിടുന്ന സമയമാണ് ഇത്.
അനുമതിയില്ലാതെ സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ ഈ പ്ലാറ്റ്‌ഫോം നിർമ്മിച്ചതാണ് പ്രധാന കാരണമായി മാറിയിരിക്കുന്നത്.കഴിഞ്ഞ വർഷം ഗ്രോക്ക് ഇമാജിൻ എന്ന എഐ ഇമേജ് ജനറേറ്റർ പുറത്തിറങ്ങിയതോടെയാണ് ഈ പ്രശ്‌നം കാര്യമായി തുടങ്ങിയത്.
ടെക്സ്റ്റ് നിർദ്ദേശങ്ങള്‍ നല്‍കി വീഡിയോകളും ചിത്രങ്ങളും ഉണ്ടാക്കാൻ ഉപയോക്താക്കള്‍ക്ക് ഈ ടൂള്‍ വഴി സാധിക്കുന്നു. മുതിർന്നവർക്കുള്ള ഉള്ളടക്കം സൃഷ്‌ടിക്കാൻ 'സ്പൈസി മോഡ്' എന്നൊരു ഓപ്ഷനും ഇതില്‍ നല്‍കിയിരുന്നു.കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഈ പ്രശ്‌നം രൂക്ഷമായത്. എക്‌സില്‍ പ്രവർത്തിക്കുന്ന ഗ്രോക്ക്, മറ്റുള്ളവർ പോസ്‌റ്റ് ചെയ്‌ത ചിത്രങ്ങള്‍ പരിഷ്‌കരിക്കാൻ ഉപയോക്താക്കളെ അനുവദിച്ചു തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ചില പ്രത്യേക പ്രോംപ്റ്റുകളും , നിർദ്ദേശങ്ങളും ഉപയോഗിച്ച് സ്ത്രീകളെ മോശക്കാരാക്കുന്ന ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു.എന്നാല്‍ വിപണിയിലെ മറ്റ് എതിരാളികളെക്കാള്‍ സുരക്ഷിതത്വം കുറഞ്ഞ, സാഹസിക ചാറ്റ്ബോട്ടാണ് ഗ്രോക്ക് എന്ന് മസ്‌ക് വാദിക്കുന്നു. ഇതിലെ ചിത്രങ്ങള്‍ പരസ്യമായി കാണാവുന്നതിനാല്‍ എളുപ്പത്തില്‍ പ്രചരിക്കുന്നു എന്നതും പ്രശ്‌നത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നു.
ഇതോടെയാണ് വിമർശനം ശക്തമാവുന്നത്.എഐ ഫോറൻസിക്‌സ് എന്ന എൻജിഒ സംഘടനയുടെ റിപ്പോർട്ട് ഇതില്‍ നിർണായകമാണ്. ഡിസംബർ 25-നും ജനുവരി 1-നും ഇടയില്‍ ഗ്രോക്ക് നിർമ്മിച്ച 20,000 ചിത്രങ്ങളില്‍ 2 ശതമാനവും 18 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവരാണെന്ന് കണ്ടെത്തി. ബിക്കിനിയിലോ സുതാര്യമായ വസ്ത്രങ്ങളിലോ ഉള്ള 30ഓളം പ്രായം കുറഞ്ഞവരും ഇതില്‍ ഉള്‍പ്പെടുന്നു.അശ്ലീലവും അക്രമാസക്തവുമായ ഉള്ളടക്കം നിയന്ത്രിക്കാൻ മസ്‌ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇപ്പോള്‍ നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
മാത്രമല്ല സ്ത്രീകളുടെ അന്തസത്ത സംരക്ഷിക്കുന്ന തരത്തില്‍, കൂടുതല്‍ നിയന്ത്രണങ്ങളോടെ മാത്രം എഐ ഉപയോഗം പരിമിതപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.അതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ എക്‌സിനെ വിമർശിക്കുകയും, ഗ്രോക്ക് സൃഷ്‌ടിച്ച എല്ലാ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കവും ഉടനടി നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്നും നിർദ്ദേശം നല്‍കിയിരുന്നു.
ജനുവരി രണ്ടാം തീയതി ആയിരുന്നു കേന്ദ്ര സർക്കാർ ഈ നിർദ്ദേശം നല്‍കിയത്.നിർദ്ദേശം ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ (ജനുവരി 5-നകം) വിശദമായ നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രാലയം യുഎസ് ആസ്ഥാനമായുള്ള സോഷ്യല്‍ മീഡിയ സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എക്‌സ് റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി ഏഴാം തീയതിയിലേക്ക് നീട്ടണമെന്ന് ആവശ്യം ഉന്നയിച്ചതോടെ സർക്കാർ അംഗീകരിച്ചിരുന്നു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR