Enter your Email Address to subscribe to our newsletters

Kochi, 07 ജനുവരി (H.S.)
കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയ രണ്ട് പദ്ധതികളാണ് കൊച്ചി മെട്രോയും വാട്ടർ മെട്രോയും. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ നടത്തി കൊണ്ട് പോവുന്ന മെട്രോകളില്‍ ഒന്നായാണ് കൊച്ചിയിലേത് കണക്കാക്കുന്നത്.
മാത്രമല്ല ഓരോരിക്കല്‍ കൃത്യമായ രീതിയില്‍ വിപുലീകരണവും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കലും ഒക്കെ തകൃതിയായി നടക്കുന്നുണ്ട്.ഇപ്പോഴിതാ കൊച്ചി മെട്രോയുടെ ഈ വർഷത്തെ സുപ്രധാന പദ്ധതികളെ കുറിച്ച് മനസ് തുറക്കുകയാണ് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ.
വാട്ടർ മെട്രോ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ അദ്ദേഹം എടുത്തുപറഞ്ഞു. മാത്രമല്ല കൊച്ചി നിവാസികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന കൊച്ചി മെട്രോ മൂന്നാം ഘട്ട വികസനത്തെ കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ലോക്‌നാഥ് ബെഹ്‌റ പങ്കുവച്ചിരുന്നു.'ഈ വർഷം കുറച്ചുകൂടി മാറ്റങ്ങള്‍ കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്. ഇത്തവണത്തെ ആദ്യ ലക്ഷ്യം വാട്ടർ മെട്രോയുടെ കുറച്ചു റൂട്ട് കൂട്ടുക എന്നതാണ്.
കടമക്കുടി അടക്കമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് വാട്ടർ മെട്രോ കൊണ്ട് പോവാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. പുതിയ ടെർമിനല്‍ എന്ന നിലയില്‍ എറണാകുളം ടെർമിനല്‍ പ്രവർത്തനം തുടങ്ങും' ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.'എറണാകുളം ടെർമിനല്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ അടങ്ങിയ ടെർമിനലുകളില്‍ ഒന്നായിരിക്കും.
അതിന്റെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഇന്ത്യയിലെ പലയിടത്തേക്കും വാട്ടർ മെട്രോ വ്യാപിപ്പിക്കുന്നതിനുള്ള പഠനങ്ങള്‍ നടത്തിവരുന്നുണ്ട്. മുംബൈ, ഗോവ, ആൻഡമാൻ പോലെയുള്ള ഇടങ്ങളില്‍' കൊച്ചി മെട്രോ എംഡി പറയുന്നു.'മെട്രോ റെയിലിന്റെ രണ്ടാം ലൈൻ ഈ വർഷം ഡിസംബറില്‍ തന്നെ പൂർത്തിയാക്കാൻ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിന് ചില സാങ്കേതിക വെല്ലുവിളികള്‍ ഉണ്ട്.
എങ്കിലും അതൊക്കെ മറികടന്ന് സമയബന്ധിതമായി അത് നടപ്പാക്കാൻ കഴിയണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2026ല്‍ കുറച്ചുകൂടി ലാഭം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്' അദ്ദേഹം തുടർന്നു.'കൂടുതല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്താൻ ശ്രദ്ധിക്കുന്നുണ്ട്. രണ്ടാംഘട്ടം എങ്ങനെ ഉദ്‌ഘാടനം ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. മൂന്നാം ഘട്ടത്തിന്റെ ഡിപിആർ ജനുവരി 31ന് ലഭിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ആ രീതിയില്‍ തന്നെയാണ് എല്ലാം പുരോഗമിക്കുന്നത്. അങ്ങനെ കിട്ടുകയാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അത് സംസ്ഥാന സർക്കാരിന് കൈമാറും' കൊച്ചി മെട്രോ എംഡി പറഞ്ഞു.
'ആ ലൈൻ ഒരു സുപ്രധാന ലൈനാണ്. അതില്‍ മറ്റ് തടസങ്ങള്‍ ഉണ്ടാവാൻ ഇടയില്ല എന്നാണ് എനിക്ക് തോന്നുന്നത്.കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ട്. അതുകൊണ്ട് നമുക്ക് കിട്ടും. അതിന് മുന്നോടിയായി കുറച്ച് കാര്യങ്ങളുണ്ട്. ഇപ്പോള്‍ അപ്രൂവലിന് പോയാല്‍ അടുത്ത വർഷം പകുതിയോടെ എങ്കിലും അത് തുടങ്ങാനാവും' ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR