വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം പിടിച്ചെടുക്കാൻ കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി സിപിഐ.
Thiruvananthapuram, 07 ജനുവരി (H.S.) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം പിടിച്ചെടുക്കാൻ കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി സിപിഐ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്കും പാർട്ടിക്കും നേരിടേണ്ടി വന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് കൂടു
CPI state conference


Thiruvananthapuram, 07 ജനുവരി (H.S.)

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം പിടിച്ചെടുക്കാൻ കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി സിപിഐ.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്കും പാർട്ടിക്കും നേരിടേണ്ടി വന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് കൂടുതല്‍ തന്ത്രങ്ങള്‍ മെനയാനാണ് പാർട്ടിയുടെ നീക്കം. ഇതിന്റെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്ന ടേം വ്യവസ്ഥയില്‍ ഉള്‍പ്പെടെ ഇളവ് നല്‍കി കൊണ്ട് കരുത്തരെ കളത്തില്‍ ഇറക്കാനാണ് പാർട്ടിയുടെ തീരുമാനം.

പലവിധ കാരണങ്ങളാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐയ്ക്ക് ആശാവഹമായ ഫലമായിരുന്നില്ല വന്നിരുന്നത്. അതിനിടയില്‍ സിപിഎമ്മുമായി പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചെന്ന് പെട്ടതും പരസ്യ പ്രതികരണങ്ങളും ഒക്കെ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തിലാണ് മൂന്നാം ഇടത് സർക്കാർ എന്ന വിശാല ലക്ഷ്യത്തിനായി കാര്യമായ വിട്ടുവീഴ്‌ചയ്ക്ക് സിപിഐ ഒരുങ്ങുന്നത് എന്നാണ് വിവരം.മന്ത്രിമാരെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇതിനോടകം തന്നെ പാർട്ടി എത്തിയിട്ടുണ്ടെന്ന് വിവരം. അങ്ങനെയെങ്കിലും രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ച നാല് മന്ത്രിമാരും ഇക്കുറി മത്സരിക്കാൻ ഉണ്ടാവും.

സീറ്റ് വിഭജന ചർച്ചകളില്‍o പരമാവധി സീറ്റുകള്‍ വേണമെന്നാവും ഇത്തവണയും സിപിഐ ഉന്നയിക്കുന്ന ആവശ്യം. സിപിഎമ്മിന്റെ ചുവടുപിടിച്ചു കൊണ്ടാണ് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാൻ സിപിഐയും ഒരുങ്ങുന്നത്.പരമാവധി മന്ത്രിമാരെയും എംഎല്‍എ മാരെയും തന്നെ മത്സരിപ്പിക്കുക എന്നതാണ് സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട്.

അതിന് സമാനമായി പരിചിത മുഖങ്ങളെ തന്നെ രംഗത്തിറക്കി സീറ്റുകള്‍ നിലനിർത്തുക എന്നതാണ് സിപിഐ ആലോചനയും. രണ്ട് തവണ മത്സരിച്ചവർ മാറി നില്‍ക്കുക പകരം പുതിയ ആളുകള്‍ മത്സരിക്കുന്ന എന്നതായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ.

എന്നാല്‍ അതിലാണ് അവർ മാറ്റം കൊണ്ട് വരുന്നത്.തുടർ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇക്കുറി വിജയസാധ്യതയ്ക്ക് മാത്രമാണ് സിപിഐ മുൻഗണന നല്‍കുന്നത്. പൊതുവെ കഴിഞ്ഞ കാലങ്ങളില്‍ സിപിഎമ്മില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനയും മറ്റുമാണ് സിപിഐയെ ഇങ്ങനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് പലരും രേഖപ്പെടുത്തുന്ന അഭിപ്രായം.

പല വിഷയങ്ങളിലും മുന്നണിയിലെ രണ്ടാം ശക്തി എന്ന നിലയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന വിമർശനം സിപിഐ ഉയർത്താറുണ്ട്.ഇത് കൂടാതെ കേരള കോണ്‍ഗ്രസ് എം പോലെയുള്ള സംഘടനകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയെയും സിപിഐ വിമർശിച്ചിട്ടുണ്ട്. മുന്നണിയിലെ രണ്ടാമൻ എന്ന പദവി നഷ്‌ടമാവുമോ എന്ന ആശങ്കയാണ് ഇതിന് കാരണം. അതുകൊണ്ട് ഇത്തവണയും പരമാവധി സീറ്റുകള്‍ ചോദിച്ചു വാങ്ങുക എന്നതിലുപരി അതില്‍ വിജയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

സിറ്റിങ് മണ്ഡലങ്ങളില്‍ തന്നെയാവും മന്ത്രിമാരെ രംഗത്തിറക്കുക. ഒല്ലൂർ മണ്ഡലത്തില്‍ കെ രാജൻ, നെടുമങ്ങാട് ജിആർ അനില്‍, ചേർത്തലയില്‍ പി പ്രസാദ് എന്നിവർക്ക് സിറ്റിങ് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.

എന്നാല്‍ ചിഞ്ചുറാണി മണ്ഡലം മാറി മത്സരിക്കും എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. ചടയമംഗലത്തിന് പകരം മറ്റ് ഏതെങ്കിലും സീറ്റില്‍ ആയിരിക്കും അവർ ജനവിധി തേടുക.ചിലപ്പോള്‍ മണ്ഡലത്തില്‍ ഒരു പുതുമുഖം വന്നേക്കാമെന്നാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ പരമാവധി സീറ്റുകള്‍ നേടി തങ്ങളുടെ ഭാഗം ഭദ്രമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

അതുകൊണ്ട് തന്നെ വ്യവസ്ഥകളില്‍ വിട്ടുവീഴ്‌ച ഉറപ്പാണ്. സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ പ്രാഥമിക ധാരണയില്‍ എത്തുക മാത്രമാണ് ചെയ്‌തിരിക്കുന്നത്‌. അന്തിമ തീരുമാനം പിന്നീട് ഉണ്ടാവും. പിന്നീടായിരിക്കും പ്രഖ്യാപനം നടക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News