ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഓഫീസര്‍ പൂര്‍ണേന്ദു തിവാരിക്ക് ഖത്തറില്‍ വീണ്ടും കുരുക്ക്
Doha, 07 ജനുവരി (H.S.) ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഓഫീസര്‍ പൂര്‍ണേന്ദു തിവാരിക്ക് ഖത്തറില്‍ വീണ്ടും കുരുക്ക്. സാമ്ബത്തിക ഇടപാട് കേസില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു എന്ന് റിപ്പോര്‍ട്ട്. 2022ല്‍ ഖത്തര്‍ പിടികൂടിയ എട്ട് ഇന്ത്യന്‍ പൗരന്മാരില്‍ ഒര
Poornand Tiwari


Doha, 07 ജനുവരി (H.S.)

ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഓഫീസര്‍ പൂര്‍ണേന്ദു തിവാരിക്ക് ഖത്തറില്‍ വീണ്ടും കുരുക്ക്. സാമ്ബത്തിക ഇടപാട് കേസില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു എന്ന് റിപ്പോര്‍ട്ട്.

2022ല്‍ ഖത്തര്‍ പിടികൂടിയ എട്ട് ഇന്ത്യന്‍ പൗരന്മാരില്‍ ഒരാളായിരുന്നു തിവാരി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ശൈഖ് തമീമുമായി സംസാരിച്ചതിനെ തുടര്‍ന്ന് കേസില്‍ നിന്ന് ഒഴിവാക്കുകയും വെറുതെവിടുകയും ചെയ്തിരുന്നു.

ഏഴ് പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും തിവാരിക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. മറ്റൊരു കേസ് കൂടി ഇയാള്‍ക്കെതിരെ ഉണ്ടായതാണ് കാരണം എന്നായിരുന്നു വാര്‍ത്തകള്‍.

ഇപ്പോള്‍ ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയോ ഖത്തറോ ഇതുവരെ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല.2022 ആഗസ്റ്റിലാണ് എട്ട് ഇന്ത്യന്‍ പൗരന്മാരെ ഖത്തറില്‍ അറസ്റ്റ് ചെയ്തത്.

ഖത്തര്‍ സൈനികര്‍ക്ക് പരിശീലനം നല്‍കാന്‍ എത്തിയവരായിരുന്നു മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളായ പ്രതികള്‍. ഇസ്രായേലിന് വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു എങ്കിലും പ്രതികള്‍ക്കെതിരായ കേസ് എന്താണ് എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭിച്ചിരുന്നില്ല.

എട്ട് പേരെയും ഖത്തര്‍ കോടതി വധശിക്ഷക്ക് വിധിച്ചതോടെ അവരുടെ കുടുംബങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെട്ടു. പിന്നീടാണ് നരേന്ദ്ര മോദി ഇടപെട്ടതും ശിക്ഷ കുറയ്ക്കാനും വിട്ടയക്കാനും ഖത്തര്‍ അമീര്‍ തയ്യാറായതും. കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര വിജയമായിരുന്നു ഈ നീക്കം. എന്നാല്‍ അന്ന് തിവാരി ഒഴികെയുള്ളവരെയാണ് ഖത്തര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിച്ചത്.

അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. തിവാരിക്ക് വേണ്ടി നിയമ സഹായം ഉറപ്പാക്കുന്നു എന്ന് അനൗദ്യോഗിക വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്താണ് തിവാരിക്ക് എതിരായ കേസ് എന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണ്.

ഇന്ത്യന്‍ നാവിക സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു തിവാരി. പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ച ആദ്യ സൈനിക ഓഫീസര്‍ ആണ് ഇദ്ദേഹം. 2019ല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നാണ് അന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഗള്‍ഫിലെ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന കമ്ബനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു തിവാരി.സ്വകാര്യ പ്രതിരോധ കമ്ബനിയായിരുന്നു ഇത്.

ഖത്തറിലെ നാവിക സേനയ്ക്ക് പരിശലീനം നല്‍കാന്‍ വേണ്ടിയാണ് ദോഹയില്‍ തിവാരി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ മുന്‍ നാവിക സേനാംഗങ്ങള്‍ എത്തിയത്. എന്നാല്‍ ഇവര്‍ ഇസ്രായേലിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാരപ്രവര്‍ത്തനം ഖത്തറില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News