മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 48.2 കോടി രൂപ അനുവദിച്ചു
Thiruvanathapuram, 07 ജനുവരി (H.S.) കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായ കടൽക്ഷോഭ മുന്നറിയിപ്പുകളും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി സംസ്ഥാന സർക്കാർ. 2025 മെയ് 18 മുതൽ 31 വരെയുള്ള 14 ദിവസങ്ങളിൽ തൊഴില
Saji cheriyan


Thiruvanathapuram, 07 ജനുവരി (H.S.)

കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായ കടൽക്ഷോഭ മുന്നറിയിപ്പുകളും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി സംസ്ഥാന സർക്കാർ. 2025 മെയ് 18 മുതൽ 31 വരെയുള്ള 14 ദിവസങ്ങളിൽ തൊഴിലിന് പോകാൻ കഴിയാതിരുന്ന 1,72,160 കുടുംബങ്ങൾക്കായി 48.2 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന് പ്രതിദിനം 200 രൂപ വീതമാണ് കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ച് അർഹരായ ഓരോ കുടുംബത്തിനും 14 ദിവസത്തേക്ക് ആകെ 2,800 രൂപ വീതം ലഭിക്കും.

തീരദേശവാസികളുടെ ജീവിതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ അവർക്ക് ആവശ്യമായ കരുതൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അടിയന്തരമായി ഈ തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതകാലത്ത് മത്സ്യത്തൊഴിലാളി സമൂഹത്തെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ സർക്കാർ അനുമതി നൽകി

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് അവർ വിരമിക്കുമ്പോൾ അടച്ച അംശാദായം തിരികെ നൽകുന്ന സുപ്രധാന പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ബോർഡ് അംഗങ്ങളായ മത്സ്യത്തൊഴിലാളികൾ വിരമിക്കുമ്പോൾ പെൻഷൻ ഒഴികെയുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത സാഹചര്യം പരിഗണിച്ചാണ്, അവർ അടച്ച തുക ആശ്വാസധനമായി തിരികെ നൽകാനുള്ള പ്രൊപ്പോസൽ സർക്കാർ അംഗീകരിച്ചത്. 2025 നവംബർ 30 വരെ ലഭിച്ച അപേക്ഷകൾ പ്രകാരം 67,440 പേർക്ക് ഈ ആനുകൂല്യം ലഭിക്കും. അപേക്ഷകർ ആകെ 15.85 കോടി രൂപയാണ് അംശദായമായി അടച്ചിട്ടുള്ളതെങ്കിലും, ഇവർക്ക് പലിശയും ആനുകൂല്യങ്ങളും ഉൾപ്പെടെ ആകെ 18.94 കോടി രൂപ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇതനുസരിച്ച് 2500 രൂപ വരെ അംശദായം അടച്ച എല്ലാ അപേക്ഷകർക്കും കുറഞ്ഞത് 2500 രൂപ വീതം വിരമിക്കൽ ആനുകൂല്യമായി ലഭിക്കും. 2500 രൂപയിൽ കൂടുതൽ അംശാദായം അടച്ചിട്ടുള്ളവർക്ക് പ്രസ്തുത തുകയ്ക്ക് പുറമെ, അധികമായി അടച്ച തുകയുടെ 5 ശതമാനം പലിശ കൂടി ചേർത്തുള്ള തുക വിരമിക്കൽ ആനുകൂല്യമായി നൽകുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ കാലയളവിൽ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അർഹരായവർക്ക് തുക വേഗത്തിൽ വിതരണം ചെയ്യാൻ ബോർഡിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News