Enter your Email Address to subscribe to our newsletters

Alappuzha, 07 ജനുവരി (H.S.)
വെനിസ്വേലൻ വിഷയത്തില്‍ കേരളത്തെ നിരന്തരം ആക്രമിക്കുന്ന സംഘ പരിവാർ ഹാൻഡിലുകളെ വിമർശിച്ച് മുൻ മന്ത്രി തോമസ് ഐസക്.
കേരളത്തെ കുറ്റം പറയുന്നവർ മാനവ വികസന ശേഷി സൂചികയില്‍ കേരളത്തിന്റെ സ്ഥാനം എവിടെയെന്ന് നോക്കണമെന്നും തോമസ് ഐസക് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
വെനിസ്വലൻ ഐക്യദാർഢ്യത്തിനെതിരെ കേരളത്തിലെ വലതുപക്ഷ പിന്തിരിപ്പൻമാർ എല്ലാവരും ഹാലിളകിയിരിക്കുന്നതിന്റെ കാരണമെന്ത്? വെറും ട്രംപ് പ്രേമം അല്ല. കേരളത്തെ ഇകഴ്ത്താൻ ഇതുമൊരു നിമിത്തമാക്കി മാറ്റാൻ ആവും എന്നാണ് അവരുടെ മനസ്സിലിരിപ്പ്. ദാ ഒരു ബിജെപി ഹാൻഡിലിന്റെ വിശകലനം വായിക്കൂ.
'പോപ്പുലർ കമ്മ്യൂണിസം' സഖാവേ, അതേ അതേ സാമ്ബത്തിക വിഡ്ഢിത്തരം തന്നെയാണ് കേരളത്തിലും നടക്കുന്നത്. പോരാങ്കില്‍ പൊതുമുതല്‍ മോഷണവും, തീവ്രവാദി ശക്തികള്‍ക്ക് പാലൂട്ടല്‍ വേറെയും. അതായത് അടിസ്ഥാനപരമായ സാമ്ബത്തിക സിദ്ധാന്തങ്ങളെ അവഗണിച്ച് താല്‍ക്കാലികമായി ജനങ്ങളെ സന്തോഷിപ്പിക്കാൻ യാതൊരു വീണ്ടുവിചാരവും ഇല്ലാതെ പണം വാരിക്കോരി ചെലവഴിക്കുക..!
നമ്മുടെ നാട്ടില്‍ വിജയൻ തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ കടമെടുത്ത് ക്ഷേമപെൻഷൻ കൊടുക്കുന്നതൊക്കെ ഇതിൻ്റെ ഉദാഹരണങ്ങളാണ്... ഖേരളം ഒരു രാജ്യമല്ലാത്തത് കൊണ്ട് നമ്മള്‍ രക്ഷപ്പെട്ട് നില്‍ക്കുന്നു...!കേരളം ഒരു രാജ്യമായിരുന്നെന്ന് സങ്കല്‍പ്പിക്കൂ. നമ്മളുടെ സ്ഥാനം എവിടെയായിരിക്കും? ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ഉം സുസ്ഥിരവികസന സൂചികയില്‍ 109 ഉം മാനവ വികസന സൂചികയില്‍ 130 ഉം ആണ്.
കേരളത്തിന്റെ സ്ഥാനം ആവട്ടെ യഥാക്രമം 15-25 ഉം സുസ്ഥിര വികസന സൂചികയില്‍ 30 - 40 ഉം മാനവ വികസന സൂചികയില്‍ 50 - 60 ഉം ആണ്.അമേരിക്കക്കാരന്റെ 20 ല്‍ 1 വരുമാനം മാത്രമല്ലേ ഒരു ശരാശരി മലയാളിക്കുള്ളത്. പക്ഷെ ശിശുമരണ നിരക്കെടുത്താല്‍ കേരളത്തില്‍ ജനിക്കുന്ന 1000 കുഞ്ഞുങ്ങളില്‍ 5 കുഞ്ഞുങ്ങളെ ഒരു വർഷം പ്രായമാകുംമുമ്ബ് മരിക്കുകയുള്ളു.
അമേരിക്കയില്‍ ഈ നിരക്ക് 5.60 ആണ്.ഇതുപോലെ എത്ര കണക്കു വേണമെങ്കിലും നിരത്താം. സംഘികളുടെ വാഗ്‌ദത്ത ഭൂമിയായ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സാധാരണക്കാർക്ക് സങ്കല്‍പ്പിക്കാൻ പോലും കഴിയാത്ത ജീവിത ഗുണമേന്മ സാധാരണ മലയാളിക്ക് ഉറപ്പുവരുത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
ഖേരളം എന്ന് വിളിച്ചു പിറന്നനാടിനെ അപമാനിക്കുന്നവർ പോലും കേരളത്തിന്റെ മേല്‍പ്പറഞ്ഞ നന്മകളുടെ ഗുണഭോക്താക്കളാണ്. ഇവിടെ പിറന്നത് നിങ്ങളുടെ ഭാഗ്യം.ഷാവേസിന്റെ കാലത്ത് വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും, വെനിസ്വല കൈവരിച്ച കുതിപ്പിനെക്കുറിച്ചു കഴിഞ്ഞ പോസ്‌റ്റില്‍ വിശദീകരിച്ചിരുന്നുവല്ലോ?
ഏതാണ്ട് ഇതിനു സമാനമായ പുരോഗതിയാണ് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ കേരളത്തിനുണ്ടായിട്ടുള്ളത്. തിരഞ്ഞെടുത്തടുത്തപ്പോഴല്ല മുഖ്യമന്ത്രിക്ക് ക്ഷേമ പെൻഷൻ കൊടുക്കുന്നതിനു ഉള്ള വിളി ഉണ്ടായത്.കേരളം ഇന്ന് നല്‍കുന്ന 2000 രൂപ പെൻഷനില്‍ 1900 വും ഇടതുപക്ഷക്കാലത്ത് നല്‍കിയിട്ടുള്ളതാണ്.
ഇതായിരിക്കും ഏത് ക്ഷേമ പദ്ധതിയുടെ കാര്യം എടുത്താലും ഉള്ള സ്ഥിതി. പുനർവിതരണത്തില്‍ ഊന്നിക്കൊണ്ടുള്ള വികസന തന്ത്രമാണ് കേരളം അംഗീകരിച്ചിട്ടുള്ളത്. അതുതന്നെയായിരുന്നു ഷാവേസിന്റെ കാഴ്‌ചപ്പാടും.ഇതുസംബന്ധിച്ചു ഒട്ടേറെ സംവാദങ്ങള്‍ തന്നെ നടന്നിട്ടുണ്ട്.
ഷാവേസിന്റെ ഉപദേശകയായിരുന്ന മാർത്ത ഹർനേക്കറാണ് ഇതിനു മുൻകൈ എടുത്തത്. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം സംബന്ധിച്ച ഷാവേസിന്റെ ചിന്തകളില്‍ പ്രമുഖസ്ഥാനം വികേന്ദ്രീകൃത ജനാധിപത്യത്തിന് നല്‍കുന്നതില്‍ അവരുടെ സ്വാധീനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.ബ്രസീലില്‍ വർക്കേഴ്‌സ് പാർട്ടിയുടെ ആഭിമുഖ്യത്തില്‍ രൂപംകൊണ്ട പങ്കാളിത്ത ബജറ്റിംഗ് സൂക്ഷ്മമായി പഠിക്കുകയും വെനിസ്വലേയുടെ സാഹചര്യത്തിന് അനുസരിച്ച് ആവിഷ്കരിക്കുന്നതിനും അവർ ശ്രമിച്ചു.
ജനകീയാസൂത്രണം സംബന്ധിച്ച് ഫ്രാങ്കിയും ഞാനുംകൂടിയുള്ള ഗ്രന്ഥം വായിച്ച അവർ ഒരു സംക്ഷിപ്തരൂപം അവർ സ്പാനിഷില്‍ തയ്യാറാക്കി. 2004 ല്‍ കാരക്കാസില്‍ വച്ചുള്ള ഒരു ബൃഹത് സമ്മേളനത്തില്‍ കേരളവും ചർച്ചാ വിഷയമായിരുന്നു. അതിലേയ്ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല.
ഇതിനിടയില്‍ ഞങ്ങളുടെ ഗ്രന്ഥത്തിന് അമേരിക്കൻ എഡിഷനു പുറമേ സ്പാനിഷ്, പോർച്ചുഗീസ്, കാറ്റലൻ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 2007 ലെ കാരക്കാസിലെ മിരാൻഡാ ഇന്റർനാഷണല്‍ സെന്ററില്‍ ചേർന്ന കോണ്‍ഫറൻസില്‍ ഒരു ദിവസം ഏതാണ്ട് പൂർണ്ണമായും കേരളത്തിലെ അധികാരവികേന്ദ്രീകരണ പരീക്ഷണം ചർച്ച ചെയ്യുന്നതിനാണ് നീക്കിവച്ചത്.
റിച്ചാർഡ് ഫ്രാങ്കി ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെയും വെനിസ്വലേയിലെയും അനുഭവങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് ഒരു രീതിസമ്ബ്രദായത്തിനു രൂപംനല്‍കേണ്ടതുണ്ടെന്ന പക്ഷക്കാരിയായിരുന്നു ഹർനേക്കർ.ഈ അന്വേഷണത്തിന്റെ ഭാഗമായി 2014 ല്‍ അവർ കേരളത്തിലെത്തി. ആലപ്പുഴയിലും ഒരു ദിവസം ഉണ്ടായിരുന്നു. തൃശ്ശൂർ കോസ്റ്റ്ഫോർഡും സന്ദർശിക്കുകയുണ്ടായി.
അവരോടൊപ്പം മൈക്കിള്‍ ലബോവിറ്റ്സും കൂടെയുണ്ടായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ 2019ല്‍ ക്യാൻസർ മരണത്തിനു തൊട്ടുമുമ്ബ് താഴത്തുനിന്നുള്ള ആസൂത്രണം വികേന്ദ്രീകൃത പങ്കാളിത്ത ആസൂത്രണത്തിന് ഒരു പദ്ധതി എന്നൊരു ലഘുഗ്രന്ഥം മന്ത്ലി റിവ്യു പ്രസ് പ്രസിദ്ധീകരിക്കുകയുണ്ടായി.
ചിത്രത്തില്‍ ഈ ഗ്രന്ഥത്തിന്റെ കവർ കൊടുത്തിട്ടുണ്ട്. അതില്‍ കേരളത്തിലെ ഒരു കുടുംബശ്രീ യോഗത്തിന്റെ ഫോട്ടോയുമുണ്ട്. ഈ ഗ്രന്ഥത്തിന്റെ ഇന്ത്യൻ പതിപ്പിനുള്ള മുഖവുര എഴുതുന്നതിന് എന്നോടാണ് ആവശ്യപ്പെട്ടത്. ഇന്ത്യൻ പതിപ്പ് ഇതുവരെ ഇറങ്ങിയിട്ടില്ല.
ഞങ്ങളുടെ പുസ്‌തകത്തിന്റെ പുതിയ പതിപ്പില്‍ ലാറ്റിൻ അമേരിക്കൻ റാഡിക്കല്‍ അധികാരവികേന്ദ്രീകരണ ധാരയെക്കുറിച്ചും മാർത്ത ഹർനേക്കറുടെ സമീപനത്തെക്കുറിച്ചും ജനകീയാസൂത്രണവും പോർട്ടോ അലഗ്രെയിലെ പങ്കാളിത്ത ബജറ്റിംഗും തമ്മിലുള്ള ഒരു താരതമ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യൂബയില്‍ വെച്ച് കാൻസർ ബാധിച്ചു മാർത്ത ഹർനേക്കർ കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്.
വെനിസ്വലയിലെ ഈ വലിയൊരു ജനാധിപത്യ പരീക്ഷണത്തെയാണ് അമേരിക്കൻ ഉപരോധം തകർത്തത്. ഇന്ത്യയിലെ മോഡി സർക്കാർ കേരളത്തോട് ചെയ്യാൻ ശ്രമിക്കുന്നതും ഏതാണ്ട് അതുപോലെ ഒന്നാണ്. ക്ഷേമ നേട്ടങ്ങള്‍ എല്ലാം നിലനിർത്തിക്കൊണ്ട് നല്ല തൊഴിലവസരങ്ങള്‍ നിർമ്മിക്കുന്ന വിജ്ഞാന സമ്ബദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമത്തിലാണ് കേരള സർക്കാർ.ഇങ്ങനെയൊന്നു സാധ്യമല്ല എന്നാണ് സംഘികളുടെ നിലപാട്. ഗുജറാത്താണ് അവരുടെ മാതൃക.
സാമ്ബത്തിക വളർച്ചയുണ്ടാവും ക്ഷേമം ഇല്ല. എന്നാല്‍ ക്ഷേമ നേട്ടങ്ങള്‍ നിലനിർത്തിക്കൊണ്ട് സാമ്ബത്തിക കുതിപ്പ് നേടുവാനുള്ള തന്ത്രമാണ് കേരളം മെനയുന്നത്. ഇതാണ് നവകേരള കർമ്മ പദ്ധതി. അതിനെ തകർക്കാനാണ് സംഘികള്‍ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR