എന്‍എസ്എസിന് ലഭിച്ച അനുകൂല വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം; എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Thiruvanathapuram, 07 ജനുവരി (H.S.) സംസ്ഥാന സര്‍ക്കാരും ക്രൈസ്തവ സഭകളും തമ്മില്‍ നിലനില്‍ക്കുന്ന എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ പരിഹാരം ഉറപ്പാക്കാന്‍ നടപടി. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ് എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌
Supreme Court


Thiruvanathapuram, 07 ജനുവരി (H.S.)

സംസ്ഥാന സര്‍ക്കാരും ക്രൈസ്തവ സഭകളും തമ്മില്‍ നിലനില്‍ക്കുന്ന എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ പരിഹാരം ഉറപ്പാക്കാന്‍ നടപടി.

ഭിന്നശേഷി സംവരണത്തില്‍ എന്‍എസ് എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്ക് കൂടി അടിയന്തരമായി ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. സര്‍ക്കാരിന്റെ അപേക്ഷ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ ശശി നാളെയോ, മറ്റന്നാളോ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യും.

ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴിച്ചിട്ട ശേഷം മറ്റു നിയമനങ്ങള്‍ അംഗീകരിക്കണമെന്ന് എന്‍എസ്എസ് മാനേജ്‌മെന്റിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി എന്‍എസ്എസിന് മാത്രം ബാധകം എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിലാണ് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ അടക്കം വലിയ എതിര്‍പ്പ് ഉന്നയിച്ചത്. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ച് വ്യക്തത വരുത്താന്‍ തീരുമാനം എടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ക്രൈസ്തവ സഭകള്‍ നിയമ മന്ത്രി പി രാജീവുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ് കേരളത്തത്തിലെ എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണവും സംബന്ധിച്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത്. എന്‍എസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്ക് കൂടി ബാധകം ആക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍വീസ് പൂര്‍ത്തിയായില്ലെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കേസിന്റെ നടപടികള്‍ അനന്തമായി വൈകുന്നതില്‍ ക്രൈസ്തവ സഭകള്‍ ഉള്‍പ്പടെയുള്ള മാനേജ്‌മെന്റുകള്‍ അതൃപ്തി അറിയിച്ചിരുന്നു.

ആദ്യം സംസ്ഥാന സര്‍ക്കാര്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് എതിരായ നിലാപാടാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ നാലു വര്‍ഷവും കോടതിയില്‍ പോകാനോ കോടതി ഉത്തരവനുസരിച്ച് പ്രശ്‌നം പരിഹരിക്കാനോ മെനക്കെടാത്തവരാണ് ഈ സര്‍ക്കാരിന്റെ അവസാന സമയത്ത് സമരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. എല്‍ഡിഎഫിന് എതിരെ എക്കാലത്തും നിലപാട് സ്വീകരിച്ചിട്ടുള്ള കുറച്ച് ആളുകളാണ് രംഗത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസരംഗത്തു വരുത്തുന്ന മാറ്റങ്ങളെ മതവും ജാതിയും വച്ച് വിരട്ടാന്‍ നോക്കേണ്ട. വിമോചനസമരം പണ്ടു നടത്തിയിട്ടുണ്ടാകാം, എന്നാല്‍ ഇന്ന് അത് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്വകാര്യ മാനേജ്മെന്റുകളുടെ നിയമപരമായ ആനുകൂല്യങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

''ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസരണം കിട്ടേണ്ട ആനുകൂല്യത്തിന്റെ കൂടെയാണ് സര്‍ക്കാര്‍. ഈ കാര്യം പറഞ്ഞുകൊണ്ട് വെല്ലുവിളി ആരും നടത്തേണ്ട കാര്യമില്ല. സമയത്തിന് കോടതിയില്‍ പോകാതെ അവസാനം കുറ്റം സര്‍ക്കാരില്‍ ചാരി വെല്ലുവിളിച്ചാല്‍ അത് തള്ളിക്കളയുകയാണ്. മാനേജ്മെന്റിനു വേണ്ടി കോടതിയില്‍ ചെന്ന് സര്‍ക്കാര്‍ വാദിക്കേണ്ട കാര്യമില്ലല്ലോ. 5000ത്തിലധികം ഒഴിവുകളാണു റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നാല്‍ 1500 ല്‍ താഴെ ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും''- മന്ത്രി പറഞ്ഞു. വിഷയത്തില്‍ മന്ത്രിക്കെതിരെ വിവിധ മാനേജ്മെന്റുകള്‍ രംഗത്തെത്തിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News