Enter your Email Address to subscribe to our newsletters

chhattisgarh, 07 ജനുവരി (H.S.)
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ 26 മാവോവാദികള്‍ കീഴടങ്ങി. 'പൂന മാര്‍ഗം' (പുനരധിവാസത്തില്‍ നിന്ന് സാമൂഹിക പുനഃസംയോജനത്തിലേക്ക്) പുനരധിവാസ സംരംഭത്തിന്റെ ഭാഗമായി ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കേഡര്‍മാര്‍ സുക്മയിലെ മുതിര്‍ന്ന പൊലീസ്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയതായി സുക്മ പൊലീസ് സൂപ്രണ്ട് കിരണ്‍ ചവാന്‍ അറിയിച്ചു.
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി.എല്‍.ജി.എ) ബറ്റാലിയന്‍, സൗത്ത് ബസ്തര്‍ ഡിവിഷന്‍, മാഡ് ഡിവിഷന്‍, ആന്ധ്ര ഒഡീഷ ബോര്‍ഡര്‍ ഡിവിഷന്‍ എന്നിവയില്‍ സജീവമായിരുന്ന ഇവര്‍ ഛത്തീസ്ഗഡിലെ അബുജ്മദ്, സുക്മ, ഒഡീഷയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ നിരവധി അക്രമ സംഭവങ്ങളില്‍ പങ്കാളികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ പുനരധിവാസ നയത്തില്‍ തങ്ങള്‍ക്ക് മതിപ്പുണ്ടെന്ന് കേഡര്‍മാര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവരില്‍ ലാലി എന്ന മുച്ചകി ആയ്‌തെ ലഖ്മു (35) ന്റെ തലക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. 2017ല്‍ ഒഡീഷയിലെ കോരാപുട്ട് റോഡില്‍ ഒരു വാഹനത്തെ ലക്ഷ്യമിട്ട് ഐ.ഇ.ഡി സ്‌ഫോടനം നടത്തിയതുള്‍പ്പെടെ നിരവധി പ്രധാന അക്രമ സംഭവങ്ങളില്‍ അവര്‍ ഉള്‍പ്പെട്ടിരുന്നു. അന്ന് 14 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കീഴടങ്ങിയ എല്ലാ നക്‌സലൈറ്റുകള്‍ക്കും 50,000 രൂപ വീതം സഹായം നല്‍കി, സര്‍ക്കാറിന്റെ നയമനുസരിച്ച് അവരെ കൂടുതല്‍ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ബന്ധപ്പെട്ട എല്ലാവരോടും അക്രമം ഉപേക്ഷിക്കാനും കിരണ്‍ ചവാന്‍ അഭ്യര്‍ഥിച്ചു. അവര്‍ക്ക് സുരക്ഷയും മാന്യമായ ജീവിതവും ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ സുക്മ ജില്ലയില്‍ സുരക്ഷസേന നടത്തിയ പരിശോധനയില്‍ വന്‍ ആയുധശേഖരം കണ്ടെത്തിയിരുന്നു. ഓപറേഷന്‍ പ്രഹാര്‍ എന്ന പേരിലായിരുന്നു തിരച്ചില്‍. മാവോവാദികളുടെ അനധികൃത ആയുധനിര്‍മാണ കേന്ദ്രം അന്ന് സുരക്ഷാസേന പൊളിച്ചുമാറ്റിയിരുന്നു.
---------------
Hindusthan Samachar / Sreejith S