കേരളത്തിന് പ്രത്യേക നിരീക്ഷകര്‍; കോണ്‍ഗ്രസ് ഒരുങ്ങി തന്നെ
New delhi, 07 ജനുവരി (H.S.) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എഐസിസി (AICC) പ്രത്യേക നിരീക്ഷകര
Kerala Congress


New delhi, 07 ജനുവരി (H.S.)

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എഐസിസി (AICC) പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കെ.ജെ. ജോര്‍ജ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്. നിരീക്ഷക നിരയില്‍ മുതിര്‍ന്ന നേതാവ് കെജെ ജോര്‍ജ് ഒഴികെയുള്ളവര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയരായ യുവനേതാക്കളാണെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ യുവത്വത്തിന്റെ ആവേശം നിറയ്ക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്. അതേസമയം, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അസമിലെ നിരീക്ഷകനായും നിയോഗിച്ചു.

100 സീറ്റ് എന്ന ഒറ്റവഴി

നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെ വയനാട്ടില്‍ ആരംഭിച്ച കോണ്‍ഗ്രസ് നേതൃക്യാമ്പ് 'ലക്ഷ്യ'യ്ക്ക് ആവേശകരമായ തുടക്കം ലഭിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. 'കോണ്‍ഗ്രസിന് മുന്നിലുള്ളത് നൂറു സീറ്റിലെ വിജയം എന്ന ഒറ്റ വഴി മാത്രമാണ്. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകാന്‍ ശ്രമിക്കരുത്,' - കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും, ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാലും ജനവികാരം കോണ്‍ഗ്രസിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന തീരുമാനങ്ങളും ചര്‍ച്ചകളും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവതരിപ്പിക്കുന്ന ഈ പ്ലാന്‍ പ്രകാരം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രണ്ട് ഘട്ടങ്ങളായി തിരിക്കും. രണ്ടു ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പില്‍ നേതാക്കളെ മൂന്ന് മേഖലകളായി തിരിച്ച് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News