Enter your Email Address to subscribe to our newsletters

Thiruvanathapuram, 07 ജനുവരി (H.S.)
സി.പി.എം നേതാവ് എ.കെ ബാലന്‍ നടത്തിയ പ്രസ്താവന ഇന്ത്യയില്‍ സംഘ്പരിവാര്‍ നടത്തുന്ന തീവ്രലൈനിനു സമാനമായ കാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്ത് ഇസ്ലാമി ആയിരിക്കും എന്നത് സംഘ്പരിവാര്‍ അജണ്ട ഇന്ത്യയില്‍ എല്ലായിടത്തും നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘ്പരിവാര്‍ നടത്തുന്ന പ്രചരണമാണ്. ഗുജറാത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകും എന്ന പ്രചരണമാണ് സി.പി.എം നടത്തിയത്. മുസ്ലീംവിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള അതേ സംഘ്പരിവാര്‍ തന്ത്രമാണ് എ.കെ ബാലനും നടത്തിയത്. നാലു പതിറ്റാണ്ട് ജമാഅത്ത് ഇസ്ലാമി പിന്താങ്ങിയ കാലത്ത് ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്ലാമിയാണോ ഭരിച്ചിരുന്നത്? മനപൂര്‍വമായി വര്‍ഗീയ ഉണ്ടാക്കുന്നതിനു വേണ്ടി സംഘ്പരിവാറിന്റെ അതേ ശൈലിയില്‍ സി.പി.എം ശ്രമിക്കുകയാണ്. ബി.ജെ.പി ഗുജറാത്തില്‍ നടത്തിയതിനേക്കാള്‍ മോശം പ്രസ്താവനയാണ് ബാലന്‍ നടത്തിയത്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ബാലന്റെ പ്രസ്താവന. വെള്ളാപ്പള്ളി നടേശനും എ.കെ ബാലനും നടത്തിയ പ്രസ്താവനകള്‍ കൂട്ടിവായിച്ചാല്‍ അത് മനസിലാകും. വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയെ എതിര്‍ത്ത സി.പി.ഐ നേതാവ് ബിനോയ് വിശ്വം എ.കെ ബാലന്‍ നടത്തിയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ? അതേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. വെള്ളാപ്പള്ളിയെ എതിര്‍ത്തതിന് ബിനോയ് വിശ്വത്തെ രൂക്ഷമായാണ് സി.പി.എം നേതാക്കള്‍ വിമര്‍ശിച്ചത്. ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലിയാണെന്നാണ് പറഞ്ഞത്. ഇടതു മുന്നണി ശിഥിലീകരിക്കപ്പെടുന്നതിന് ഇടയിലാണ് ബി.ജെ.പിയും സംഘ്പരിവാറും നടത്തുന്നതിന് സമാനമായ വര്‍ഗീയ കാമ്പയിന്‍ സി.പി.എം ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇവര്‍ എല്ലാവരും സമാനമായ രീതിയില്‍ സംസാരിക്കുന്നത്. പ്രബുദ്ധ കേരളം സി.പി.എം നേതാക്കള്‍ നടത്തുന്ന വിദ്വേഷ കാമ്പയിന്‍ ചെറുത്ത് തോല്‍പ്പിക്കും.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടു നിന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറാണെന്ന ഗുരുതര ആരോപണം എസ്.ഐ.ടി കോടതിയില്‍ ഉന്നയിച്ചിരിക്കുകയാണ്. എന്നിട്ടും സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്ത പത്മകുമാറിനെയും മറ്റു നേതാക്കലെയും സി.പി.എം സംരക്ഷിക്കുകയാണ്. പത്മകുമാര്‍ പറഞ്ഞ ദൈവതുല്യനായ ആളെ സംരക്ഷിക്കാനാണോ ഇതൊക്കെ ചെയ്യുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അവരെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവര്‍ക്ക് കുടപിടിക്കുകയും അവരെ സംരക്ഷിക്കുകയുമാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S