Enter your Email Address to subscribe to our newsletters

Thiruvalla, 07 ജനുവരി (H.S.)
കേന്ദ്രത്തിലും കര്‍ണാടകയിലും ബിജെപിക്കൊപ്പം കേരളത്തില്‍ എല്‍ഡിഎഫിലും. കഴിഞ്ഞ് കുറച്ചു നാളായി ജനതാദള്‍ എസ് കേരളഘടകം കേട്ടിരുന്ന വിമര്‍ശനമാണിത്. പ്രതിപക്ഷം അടക്കം ഇത് വലിയ ആയുധമായി ഉപയോഗിക്കുകയും ചെയ്തു. ഇതോടെ പുതിയ പാര്‍ട്ടിയുണ്ടാക്കാതെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളില്‍ ലയിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എംഎല്‍എമാരായ മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും.
ഇതോടെ കേരളത്തില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമായി. കേരളത്തിലെ ജനതാദള്‍ (എസ്) പാര്‍ട്ടി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളില്‍ ലയിക്കുന്നു. കൂറുമാറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പുതുതായി രൂപീകരിച്ച പാര്‍ട്ടിയിലേക്കു ലയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ, കച്ചയേന്തുന്ന സ്ത്രീ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച എംഎല്‍എമാരായ മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് മാറിയാല്‍ അയോഗ്യത ഉള്‍പ്പെടെ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പുതുതായി രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളില്‍ ലയിച്ച് പ്രശ്നം ഒഴിവാക്കുന്നത്.
പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ഇതു സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തു നല്‍കി. ലയന സമ്മേളനം ജനുവരി 17ന് രാവിലെ 10ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരും. കര്‍ണാടകയില്‍ ബിജെപിയുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിയാവുകയും ചെയ്ത സാഹചര്യത്തിലാണ്, ആ നിലപാടിനെ തള്ളിപ്പറയാന്‍ കേരള ഘടകം നിര്‍ബന്ധിതമായതെന്ന് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പറഞ്ഞു.
കര്‍ണാടകയില്‍ എന്‍ഡിഎയുമായി സഹകരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എമാര്‍ കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാകുകയും മന്ത്രിസഭയില്‍ തുടരുകയും ചെയ്യുന്നത് വിവാദമായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കുക കൂടി ചെയ്തതോടെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനം എടുത്തത്. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പുതുതായി റജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളില്‍ കേരളത്തിലെ ജനതാദള്‍ (എസ്) ലയിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S