Enter your Email Address to subscribe to our newsletters

Karnataka, 07 ജനുവരി (H.S.)
കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകയെ പൊലീസുകാര്‍ വിവിവസത്രയാക്കിയെന്ന് പരാതി. വസ്ത്രം വലിച്ചുകീറി മര്‍ദിച്ചെന്നാണ് പ്രവര്‍ത്തകയുടെ ആരോപണം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ബസ്സില്‍ കയറ്റിയപ്പോഴാണ് സംഭവം. പുരുഷവനിത പൊലീസുകാര്‍ സ്ത്രീക്കു ചുറ്റും കൂടിനില്‍ക്കുന്നതിന്റെയും പിടിവലി നടക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാര്‍ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.
കര്‍ണാടകയിലെ കേശവ്പുര്‍ റാണ പ്രദേശത്തെ എസ്‌ഐആറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിലേക്കു വഴിതുറന്നതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ കോര്‍പറേഷന്‍ അംഗം സുവര്‍ണ കല്ലകുണ്ട്‌ല നല്‍കിയ പരാതിയിലാണ് ബിജെപി പ്രവര്‍ത്തക വിജയലക്ഷ്മി ഹണ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബില്‍ഒമാരെ സ്വാധീനിച്ച് വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്‌തെന്നാണ് വിജയലക്ഷ്മിക്കെതിരെ നല്‍കിയ പരാതി. നേരത്തെ കൊണ്‍ഗ്രസ് പ്രവര്‍ത്തകയായ വിജയലക്ഷ്മി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് വിവരം.
അതേസമയം ബിജെപി പ്രവര്‍ത്തക സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറുകയും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നെന്ന് ഹുബ്ബള്ളി പൊലീസ് കമ്മിഷണര്‍ ശശി കുമാര്‍ അറിയിച്ചു. ''മൂന്നു കേസുകളാണ് ഇവര്‍ക്കെതിരെ റജസ്റ്റര്‍ ചെയ്തത്. പ്രദേശവാസിയായ ഒരാള്‍ നല്‍കിയ കൊലപാതക ശ്രമത്തിനുള്ള കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ തന്നെ ഈ സ്ത്രീയുടെ ഭാഗത്തുനിന്നും അവരുമായി ബന്ധപ്പെട്ട് ആളുകളുടെ ഭാഗത്തുനിന്നു പ്രശ്‌നങ്ങളുണ്ടായി. ഒരു പൊലീസുകാരനെ അവര്‍ അടിച്ചു. തുടര്‍ന്ന് അവര്‍ തന്നെയാണ് സ്വന്തം വസ്ത്രങ്ങള്‍ വലിച്ചു കീറിയത്. തുടര്‍ന്ന് ഒരു വനിത പൊലീസുകാരിയാണ് അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുകയും പ്രദേശവാസികളുടെ സഹായത്തോടെ അവരെ ധരിപ്പിക്കുകയും ചെയ്തത്. പൊലീസ് അവരോട് അപമര്യാദയായി പെരുമാറി എന്നത് തീര്‍ത്തും തെറ്റാണ്'' ശശി കുമാര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S