Enter your Email Address to subscribe to our newsletters

Thiruvanathapuram, 07 ജനുവരി (H.S.)
നിയമസഭാ തിരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിനുശേഷം ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് മന്ത്രിമാരുടെ മുന്നില്‍ ഇതിനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.
110 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്നും അവയെ മറികടക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ 50 ദിവസത്തെ കര്‍മ പദ്ധതി നടപ്പിലാക്കും. മണ്ഡലങ്ങളുടെ ഏകോപന ചുമതല മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കി. 110 മണ്ഡലങ്ങളില്‍ വിജയം നേടാന്‍ പ്രത്യേക തന്ത്രങ്ങള്‍ നടപ്പിലാക്കും.
ഇതിനുള്ള പ്ലാന്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. പിന്നോട്ടടിച്ച മണ്ഡങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വികസന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. വികസന പ്രവര്‍ത്തനം ജനം അംഗീകരിക്കുന്നുണ്ടെന്നും വികസനം ഊന്നിപ്പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക സമൂഹ മാധ്യമ ക്യാംപയിന്‍ നടത്തും. പ്രത്യേക സംഘത്തെ നിയോഗിക്കും. വിമര്‍ശനങ്ങളെ ഒറ്റക്കെട്ടായി നേരിടും. വിവാദങ്ങള്‍ക്ക് മറുപടി പറയും. ഒറ്റക്കെട്ടായി പോരാടിയാല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസും വലിയ ഒരുക്കമാണ് തിരഞ്ഞെടുപ്പിനായി നടത്തുന്നത്. കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എഐസിസി (AICC) പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കെ.ജെ. ജോര്‍ജ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്. നിരീക്ഷക നിരയില്‍ മുതിര്‍ന്ന നേതാവ് കെജെ ജോര്‍ജ് ഒഴികെയുള്ളവര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയരായ യുവനേതാക്കളാണെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ യുവത്വത്തിന്റെ ആവേശം നിറയ്ക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെ വയനാട്ടില്‍ ആരംഭിച്ച കോണ്‍ഗ്രസ് നേതൃക്യാമ്പ് 'ലക്ഷ്യ'യ്ക്ക് ആവേശകരമായ തുടക്കം ലഭിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. 'കോണ്‍ഗ്രസിന് മുന്നിലുള്ളത് നൂറു സീറ്റിലെ വിജയം എന്ന ഒറ്റ വഴി മാത്രമാണ്. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകാന്‍ ശ്രമിക്കരുത്,' - കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും, ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാലും ജനവികാരം കോണ്‍ഗ്രസിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S