Enter your Email Address to subscribe to our newsletters

New delhi, 07 ജനുവരി (H.S.)
ഓള്‍ഡ് ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എംസിഡി) നടപടിക്കിടെ വ്യാപക സംഘര്‍ഷം. അര്‍ദ്ധരാത്രി ഒന്നരയോടെ ആരംഭിച്ച ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷത്തില്‍ ചന്ദ്നി മഹല്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രാംലീല മൈതാനത്തിന് സമീപത്തെ ഫായിസ് ഇ ഇലാഹി മസ്ജിദിനോട് ചേര്‍ന്നുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാനാണ് അധികൃതര്‍ എത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 17-ഓളം ബുള്‍ഡോസറുകളും വന്‍ പൊലീസ് സന്നാഹവുമായാണ് അധികൃതര്‍ എത്തിയത്. എന്നാല്‍ നടപടി ആരംഭിച്ചതോടെ നൂറോളം വരുന്ന പ്രാദേശിക നിവാസികള്‍ സംഘടിക്കുകയും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കല്ലേറില്‍ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പരിക്കേറ്റവര്‍ ആശുപത്രി വിട്ടതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഡി.സി.പി നിധിന്‍ വത്സന്‍ അറിയിച്ചു. 39,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. പള്ളിക്ക് സമീപമുള്ള കമ്മ്യൂണിറ്റി ഹാള്‍, സ്വകാര്യ ഡിസ്പെന്‍സറി, മറ്റ് അനധികൃത നിര്‍മ്മാണങ്ങള്‍ എന്നിവയാണ് പൊളിച്ചുനീക്കിയത്.
നൂറിലധികം വര്‍ഷം പഴക്കമുള്ള ഫായിസ് ഇ ഇലാഹി മസ്ജിദ് കെട്ടിടത്തെ ബാധിക്കാത്ത രീതിയിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കലാപം, പൊതുപ്രവര്‍ത്തകരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച് കല്ലേറില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
---------------
Hindusthan Samachar / Sreejith S