Enter your Email Address to subscribe to our newsletters

Kollam, 07 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്പിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നും സ്വര്‍ണം മോഷ്ടിച്ചു എന്ന കേസിലാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
ദേവസ്വം പ്രസിഡന്റ് എന്ന രീതിയില്‍ ഒപ്പുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മറ്റ് അംഗങ്ങള്‍ക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളുവെന്നുമാണ് പത്മകുമാര്‍ ഉന്നയിച്ച വാദം. എന്നാല്‍ ഇതു കോടതി അംഗീകരിച്ചില്ല. ദേവസ്വം പ്രസിഡന്റ് എന്ന തരത്തില്‍ ഒഴിഞ്ഞുമാറാന്‍ പത്മകുമാറിനു കഴിയില്ലെന്നും ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പത്മകുമാറിനു കേസിലുള്ള പങ്ക് തെളിയിക്കുന്ന രേഖകളും എസ്‌ഐടി കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പത്മകുമാറിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് ഉണ്ടായിരുന്നത്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്നു കൃത്യമായ അറിവുണ്ടായിട്ടും പത്മകുമാര്‍ ബോര്‍ഡ് നോട്ട് തിരുത്തിയെന്നാണ് എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചത്.
സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളികള്‍ എന്ന് എഴുതുന്നതിനു പകരം ചെമ്പ് പാളികള്‍ എന്നെഴുതി. പുറത്തു കൊണ്ടുപോകുന്നതിന് സ്വന്തം കൈപ്പടയില്‍ 'അനുവദിക്കുന്നു' എന്നും എഴുതി. മനഃപൂര്‍വമാണ് വ്യാജമായ വിവരങ്ങള്‍ എഴുതിയത്. ഗുരുതരമായ ഔദ്യോഗിക കൃത്യവിലോപം വഴി പത്മകുമാര്‍ സ്വര്‍ണക്കൊള്ളയ്ക്കു വഴിവച്ചു. തന്ത്രിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും അറിയിച്ചു.
ശബരിമലയിലെ കട്ടിളപ്പടികള്‍, ദ്വാരപാലക ശില്‍പങ്ങള്‍ തുടങ്ങിയവ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയ കാര്യങ്ങളിലെല്ലാം ഗുരുതര വീഴ്ചകളും ക്രമക്കേടുകളുമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയെ അറിയിച്ചത്. കട്ടിളപ്പടികളില്‍നിന്നു 409 ഗ്രാം (51.125 പവന്‍) സ്വര്‍ണവും ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് 577 ഗ്രാം (72.125 പവന്‍) സ്വര്‍ണവുമാണ് എടുത്തത്. ഇതില്‍നിന്നുള്ള സ്വര്‍ണം ഉപയോഗിച്ചാണ് വാതില്‍പ്പാളിയിലും ദ്വാരപാലക ശില്‍പങ്ങളിലും സ്വര്‍ണം പൂശിയത്. ബാക്കി 474.957 ഗ്രാം (59.36 പവന്‍) സ്വര്‍ണം പങ്കജ് ഭണ്ഡാരിയുടെ കൈവശം ഉണ്ടായിരുന്നുവെന്നും അറിയിച്ചു. ദ്വാരപാലക ശില്‍പങ്ങളില്‍ 1564.190 ഗ്രാം (192.52 പവന്‍) സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍ പത്മകുമാറിന്റെ പങ്കെ തെളിയിക്കുന്നതാണ്. പത്മകുമാറിന് കുരുക്ക് മുറുകുന്നതിനൊപ്പം സിപിഎമ്മും പ്രതിരോധത്തില്‍ ആവുകയാണ്. ഇതുവരേയും പത്മകുമാറിന് എതിരെ സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാത്രം നടപടി എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്.
---------------
Hindusthan Samachar / Sreejith S