നിര്‍മ്മാണത്തില്‍ പിഴവ് ; ശബരിമലയില്‍ അരവണ നശിച്ചു; ബോര്‍ഡിന് കോടികളുടെ നഷ്ടം
Sabarimala, 07 ജനുവരി (H.S.) ശബരിമലന്മ തീര്‍ഥാടകര്‍ക്കു വിതരണത്തിനു തയാറാക്കിയ 1,60,000 ഡപ്പി അരവണ ജലാംശം കുറഞ്ഞു കട്ടിയായി. ദേവസ്വം ബോര്‍ഡിനു 1.60 കോടി രൂപയുടെ നഷ്ടം. ശര്‍ക്കരയ്ക്കു മധുരം കൂടിയതാണു ജലാംശത്തിന്റെ അളവ് കുറഞ്ഞു കട്ടിയാകാന്‍ കാരണമെന്
Sabarimala temple


Sabarimala, 07 ജനുവരി (H.S.)

ശബരിമലന്മ തീര്‍ഥാടകര്‍ക്കു വിതരണത്തിനു തയാറാക്കിയ 1,60,000 ഡപ്പി അരവണ ജലാംശം കുറഞ്ഞു കട്ടിയായി. ദേവസ്വം ബോര്‍ഡിനു 1.60 കോടി രൂപയുടെ നഷ്ടം. ശര്‍ക്കരയ്ക്കു മധുരം കൂടിയതാണു ജലാംശത്തിന്റെ അളവ് കുറഞ്ഞു കട്ടിയാകാന്‍ കാരണമെന്നു ദേവസ്വം ഉദ്യോഗസ്ഥര്‍. കരുതല്‍ ശേഖരമായി കൂടുതല്‍ ദിവസം സൂക്ഷിക്കേണ്ടി വന്നാല്‍ ഉപയോഗശൂന്യമാകാതിരിക്കാന്‍ പാചക സമയത്തു പരമാവധി ജലാംശം കുറച്ചതാണു കട്ടിയാകാന്‍ കാരണമെന്നു പറയപ്പെടുന്നു. രണ്ടായാലും ദേവസ്വം ബോര്‍ഡിനു വലിയ നഷ്ടമാണ് ഉണ്ടായത്.

അരി, ശര്‍ക്കര, ചുക്കുപൊടി, ഏലയ്ക്ക, മുന്തിരി, നെയ്യ് തുടങ്ങിയവ ചേര്‍ത്താണ് അരവണ തയാറാക്കുന്നത്. മഹാരാഷ്ട്രയില്‍നിന്നാണ് അരവണ തയാറാക്കാന്‍ ശര്‍ക്കര എത്തിക്കുന്നത്. നേരത്തെ ഉണ്ടശര്‍ക്കരയായിരുന്നു വാങ്ങിയിരുന്നത്. ഇത് ശര്‍ക്കരപാനിയാക്കി പാവുകാച്ചി വെള്ളത്തിന്റെ അംശം കളഞ്ഞാണ് അരവണ ഉണ്ടാക്കാന്‍ ഉപയോഗിച്ചു വന്നത്. ഇപ്പോള്‍ ഉണ്ടശര്‍ക്കരയ്ക്കു പകരം ശര്‍ക്കരപ്പൊടിയാണു വാങ്ങുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് പമ്പയില്‍ തയാറാക്കിയ ലബോറട്ടറിയില്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയാണു ശര്‍ക്കര സന്നിധാനത്തേക്കു കയറ്റി അയയ്ക്കുന്നത്. അതിനാല്‍ ഗുണനിലവാരത്തില്‍ വ്യത്യാസമുള്ള ശര്‍ക്കര എങ്ങനെ സന്നിധാനത്ത് എത്തി എന്നതും അന്വേഷിക്കേണ്ടി വരും.

മകരവിളക്കു കാലത്തും അരവണ പ്രതിസന്ധി തുടരുന്ന ശബരിമലയിലെ പ്രതിസന്ധി വര്‍ദ്ധിക്കുന്നതാണ് ഇപ്പോഴത്തെ സംഭംവം. മണ്ഡലകാല തീര്‍ഥാടനത്തിനായി നട തുറക്കുമ്പോള്‍ 45 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. മണ്ഡലകാലത്തെ അത്രയും തീര്‍ഥാടകര്‍ മകരവിളക്കിനും എത്തുമെന്നാണു കണക്കുകൂട്ടല്‍. പ്രതീക്ഷിച്ച അത്രയും കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ അരവണ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഒരു തീര്‍ഥാടകനു പരമാവധി 20 ഡപ്പി അരവണ മാത്രം നല്‍കിയാല്‍ മതിയെന്നാണു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇപ്പോള്‍ പ്രതിദിനം 2.80 ലക്ഷം ടിന്‍ അരവണയാണ് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത്. അരവണ പാചകം ചെയ്യാന്‍ 26 സ്റ്റീല്‍ ഉരുളിയാണു ഇപ്പോഴുള്ളത്. അതില്‍ 13 എണ്ണം ശര്‍ക്കര പാവ് കാച്ചാനും 13 എണ്ണം അരവണ ഉണ്ടാക്കാനുമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ 208 കൂട്ട് അരവണയാണ് ഒരു ദിവസം തയാറാക്കുന്നത്. 6 ഉരുളി കൂടി സ്ഥാപിക്കാനുള്ള സൗകര്യം ഉണ്ട്. ഇവിടെ കൂടുതല്‍ അടുപ്പുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല.

---------------

Hindusthan Samachar / Sreejith S


Latest News