Enter your Email Address to subscribe to our newsletters

Chennai, 07 ജനുവരി (H.S.)
തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ പാര്‍ട്ടികള്‍ എന്‍ ഡി എയില്‍. പിഎംകെ എന്‍ഡിഎയില്‍ തിരിച്ച് എത്തി. എഐഡിഎംകെ നേതാവ്എടപ്പാടി പളനിസാമി പ്രഖ്യാപനം നടത്തി. അന്‍പുമണി വിഭാഗം ആണ് എന്‍ ഡി എയില്‍ എത്തിയത്. പട്ടാളി മക്കള്‍ പാര്‍ട്ടിയില്‍ അച്ഛന്‍ രാമദാസ് നയിക്കുന്ന വിഭാഗം പുറത്താണ്. പാര്‍ട്ടിയിലെ 5 എം എല്‍ എമാരില്‍ 3 പേരും അന്‍പുമണിക്കൊപ്പം ആണ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും പ്രഖ്യാപനം പിന്നീടെന്നും ഇ പി എസ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ എന്‍ഡിഎ വിപുലീകരണ നീക്കങ്ങള്‍ സജീവമാണ്. ഡി എം കെയെ വീഴ്ത്താന്‍ എല്ലാവരും ഒന്നിക്കണമെന്ന് അന്‍പുമണി ആവശ്യപ്പെട്ടു. ടി ടി വി ദിനകരന്‍, ഒ പി എസ് എന്നിവരുമായും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. മറ്റ് പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു- 'എ ഐ എ ഡി എം കെ, ബി ജെ പി, പി എം കെ എന്നിവ സഖ്യത്തിലുണ്ട്. മറ്റ് നിരവധി പാര്‍ട്ടികളും ഉടന്‍ തന്നെ ഞങ്ങളോടൊപ്പം ചേരാന്‍ സാധ്യതയുണ്ട്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വന്‍ വിജയം നേടുകയും ചെയ്യും'- എന്നാണ് ഇ പി എസ് പറഞ്ഞത്.
സ്ത്രീവിരുദ്ധവും ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമായ ഡി എം കെ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് അന്‍പുമണി കൂട്ടിച്ചേര്‍ത്തു. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് എ ഐ എ ഡി എം കെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഡി എം കെയുടെ ജനവിരുദ്ധ ഭരണത്തില്‍ ജനങ്ങള്‍ രോഷാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം എടപ്പാടി പളനിസ്വാമി ഡല്‍ഹിയിലേക്ക് പോയി മുതിര്‍ന്ന ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. സഖ്യ വിപുലീകരണമാണ് പ്രധാന അജണ്ട.
നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയെ മുന്നണിയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രക്യാപിച്ചാല്‍ മാത്രമേ സഖ്യത്തിന് ഉള്ളൂ എന്നാണ് ടിവികെ നിലപാട്.
---------------
Hindusthan Samachar / Sreejith S