എലത്തൂരിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കും, കുട്ടനാട്ടിൽ തോമസ് കെ. തോമസ് ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻസിപി
Kerala, 08 ജനുവരി (H.S.) നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻസിപി. നിലവിലെ തീരുമാനം അനുസരിച്ച് എലത്തൂരിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കും. കുട്ടനാട്ടിൽ നിന്ന് തോമസ് കെ തോമസ് ജനവിധി തേടും. എലത്തൂർ സീറ്റ് സിപിഐഎം ഏറ്റെടുക്കുമെന്ന
2026 Kerala Assembly Election


Kerala, 08 ജനുവരി (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻസിപി. നിലവിലെ തീരുമാനം അനുസരിച്ച് എലത്തൂരിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കും. കുട്ടനാട്ടിൽ നിന്ന് തോമസ് കെ തോമസ് ജനവിധി തേടും. എലത്തൂർ സീറ്റ് സിപിഐഎം ഏറ്റെടുക്കുമെന്ന പ്രചാരണം തെറ്റാണെന്നും സംസ്ഥാന നിർവാഹക സമിതി യോഗ ശേഷം തോമസ് കെ. തോമസ് പറഞ്ഞു. മൂന്നാമത്തെ സീറ്റിൽ ആര് മത്സരിക്കണം എന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്.

11 ഘടകകക്ഷികൾ ഉൾപ്പെടുന്നതാണ് ഇടതുമുന്നണി. ഇന്നത്തെ യോഗത്തിൽ ചില വിഷയങ്ങളിൽ ശക്തമായ വാദഗതികൾ ഉണ്ടായി. അതിനെ കയ്യാങ്കളി എന്ന് വിശേഷിപ്പിക്കരുത്. കൂടുതൽ സീറ്റുകൾ ചോദിക്കുന്നത് പ്രായോഗികമല്ല. യോഗത്തിൽ കയ്യാങ്കളി ഒന്നും ഉണ്ടായില്ല. പല അഭിപ്രായങ്ങൾ ഉയരും. എതിർ അഭിപ്രായങ്ങളും ഉണ്ടാകും ഒരു പാർട്ടി ആകുമ്പോൾ ഇതൊക്കെ സ്വാഭാവികമാണെന്നും തോമസ് കെ. തോമസ് പറഞ്ഞു. പാർട്ടി അധ്യക്ഷനായി തോമസ് കെ. തോമസ് തന്നെ തുടരുവാനാണ് തീരുമാനം.

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് പലരുടെയും ആഗ്രഹമാണ്. എന്നാൽ ഇതിനെല്ലാം തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. താൻ മത്സരിക്കണമെന്ന നിർദ്ദേശം അഖിലേന്ത്യാ നേതൃത്വം മുന്നോട്ടുവച്ചു എന്നാണ് അറിയാൻ കഴിയുന്നത്. പാർട്ടി തീരുമാനങ്ങൾ അനുസരിക്കും. പാർട്ടി അധ്യക്ഷനെ മാറ്റണമെന്ന ചർച്ചകൾ ഈ അവസരത്തിൽ അനാവശ്യമാണ്. അത്തരം ചർച്ചകൾ പ്രോത്സാഹിപ്പിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ശശീന്ദ്രൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് ചർച്ചകൾക്കായ് ചേർന്ന എൻസിപി യോഗത്തിൽ നേരത്തേ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. സംസ്ഥാന നിർവാഹക സമിതി യോഗത്തിലെ തർക്കം വാക്കേറ്റവും കയ്യാങ്കളിയും വരെയെത്തി. തോമസ് കെ. തോമസ് രാജിവയ്ക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. പി. സി. ചാക്കോയെ വീണ്ടും അധ്യക്ഷനാക്കണമെന്ന് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം കൂടി ഉയർന്നതോടെ തർക്കം രൂക്ഷമാവുകയായിരുന്നു

നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയായെന്നും നിലവിലുള്ള രണ്ട് സിറ്റിങ് എംഎൽഎമാര്‍ തന്നെ മത്സരിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ് ശരദ് പവാറുമായുള്ള ചര്‍ച്ചയ്ക്കുശേഷം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിയസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചയായിട്ടില്ലെന്നായിരുന്നു എ കെ ശശീന്ദ്രനും പിസി ചാക്കോയും അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News