Enter your Email Address to subscribe to our newsletters

Chennai, 08 ജനുവരി (H.S.)
രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ നടന്‍ വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'ജനനായകന്‍' തീയറ്ററിലെത്താന്‍ വൈകും.
പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ജനുവരി ഒന്‍പതിനാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. റിലീസ് തീയതി നീട്ടിയെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല. ചലച്ചിത്ര നിര്‍മ്മാണ കമ്ബനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്.
തീരുമാനം വിജയ് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു എന്നാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് റിലീസ് തീയതി നീട്ടിവച്ചതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വിധി പറയുന്നത് നീട്ടി വച്ചതിനെതുടര്‍ന്നാണ് റിലീസ് തീയതി നീട്ടിയത്. ആരാധകര്‍ക്ക് വലിയ തിരിച്ചടിയാണെങ്കിലും 'ജനനായകന്‍' വൈകുന്നത് നിര്‍മാണക്കമ്ബനിക്ക് സാമ്ബത്തികമായി വലിയ നഷ്ടമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം വരുന്ന സിനിമയായതിനാല്‍ വളരെ ആവേശത്തോടെയാണ് ചിത്രത്തെ ആരാധകരും ദക്ഷിണേന്ത്യന്‍ സിനിമാ ലോകവും കാത്തിരുന്നത്. എന്നാല്‍ സിനിമയില്‍ ഏകദേശം 27 കട്ടുകള്‍ വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെതിരേ നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. റിലീസിന് മുന്‍പു തന്നെ വിധി പറയണമെന്ന് നിര്‍മ്മാതാക്കള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും കോടതി ഇതു പരിഗണിച്ചില്ല.
വിധി വൈകുമെന്ന് ഉറപ്പായതോടെയാണ് റിലീസ് മാറ്റിവയ്ക്കാന്‍ കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍ബന്ധിതരായത്. യൂറോപ്യന്‍ രാജ്യങ്ങളിലും മലേഷ്യയിലും ഉള്‍പ്പെടെ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് മലേഷ്യയില്‍ വലിയ ആഘോഷപൂര്‍വം നടന്നിരുന്നു. അതിനു ശേഷം, പുറത്തിറങ്ങിയ ട്രെയിലറും ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ റിലീസിനെ ബാധിച്ചു.
ചിത്രത്തില്‍ ചില രാഷ്ട്രീയമായ ആശയങ്ങളും മതപരവും സൈനികവുമായ ചിഹ്നങ്ങളും അടങ്ങിയിട്ടുള്ളത് നീക്കണമെന്നാണ് ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഇതേത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ചിത്രം പുനഃസെന്‍സര്‍ഷിപ്പിനായി തിരിച്ചയച്ചു. ഇത് നിയമപോരാട്ടത്തിലേക്കും നയിച്ചു.
ചിത്രം റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിരുന്നു. ഇതെല്ലാം അനിശ്ചിതാവസ്ഥയിലായി. പ്രാദേശികമായി സിനിമ റിലീസ് ചെയ്തില്ലെങ്കില്‍ നിര്‍മ്മാതാവിന് കനത്ത നഷ്ടം സംഭവിക്കുമെന്നതിനാലാണ് 39 രാജ്യങ്ങളിലും റിലീസ് മാറ്റിവച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR