Enter your Email Address to subscribe to our newsletters

Malappuram, 08 ജനുവരി (H.S.)
സ്‌കൂള്‍, കോളജ് തലങ്ങളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ പോകുന്ന എന്റെ കേരളം- ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി മെഗാ ക്വിസ് മല്‍സരത്തിനെതിരെ എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്.
രാഷ്ട്രീ അജണ്ടയോടെയാണ് മല്‍സരം സംഘടിപ്പിക്കുന്നത് എന്ന് നവാസ് ആരോപിക്കുന്നു. സിലബസ് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളില്‍ അറിവ് പകര്‍ത്തുക എന്നതിനേക്കാള്‍ രാഷ്ട്രീയ അജണ്ടയും പിആര്‍ വര്‍ക്കുമാണ് ഇതിന് പിന്നില്‍.
മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ലേഖനങ്ങളാണ് സിലബസിലുള്ളത്. ഇടതുസര്‍ക്കാരിന്റെ മാത്രം കാര്യങ്ങള്‍ പറയുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പാടേ അവഗണിച്ചു. സര്‍ക്കാര്‍ പദ്ധതികളെ അന്ധമായി പ്രകീര്‍ത്തിക്കുകയാണ് ചെയ്യുന്നത് എന്നും പികെ നവാസ് പറയുന്നു.
പികെ നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
''ക്വിസ്സിന്റെ മറവില്‍ സ്‌കൂളുകളില്‍ രാഷ്ട്രീയ കുത്തിവെപ്പ്: ഇത് അറിവിന്റെ ഉത്സവമല്ല, രാഷ്ട്രീയ അജണ്ടയാണ്! അറിവിന്റെ പാല്‍ കുടിക്കേണ്ട കുട്ടികള്‍ക്ക് രാഷ്ട്രീയത്തിന്റെ വിഷം കലര്‍ത്തിയ കഞ്ഞി വിളമ്ബുന്നതുപോലെയാണ് ഈ ക്വിസ് സിലബസ്. കുട്ടികളുടെ ഭാവിയെ രാഷ്ട്രീയ ലാഭത്തിനായി പണയപ്പെടുത്താന്‍ കേരളം അനുവദിക്കാന്‍ പാടില്ല.
കേരളത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'എന്റെ കേരളം - ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി മെഗാ ക്വിസ്' സിലബസ് പരിശോധിച്ചാല്‍ ഏതൊരു ജനാധിപത്യ വിശ്വാസിയും ഞെട്ടിപ്പോകും. കുട്ടികളില്‍ അറിവ് വളര്‍ത്തുക എന്നതിനേക്കാള്‍ ഉപരിയായി, ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രവും നിലവിലെ സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കുകളും പിഞ്ചു മനസ്സുകളിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് ഈ ക്വിസ് പദ്ധതിയെന്ന് വ്യക്തം.
എന്തുകൊണ്ട് ഇതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു?1. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള ശ്രമം: സിലബസിലെ മുഖ്യമന്ത്രിയുടെ ലേഖനത്തില്‍ അദ്ദേഹം തന്നെ ഇത് തുറന്നു സമ്മതിക്കുന്നുണ്ട്. കേരളം കൈവരിച്ച നേട്ടങ്ങള്‍ 'സവിശേഷമായ പുരോഗമന രാഷ്ട്രീയത്തിന്റെ മുന്‍കൈ കൊണ്ടാണ്' എന്നും, ഇത് 'രാഷ്ട്രീയ ഇച്ഛാശക്തിയോടുകൂടിയ ഇടപെടലിന്റെ ഫലമാണെന്നും' വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം.
അറിവ് തേടേണ്ട വിദ്യാര്‍ത്ഥികളെ ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അടിമകളാക്കി മാറ്റാനുള്ള ഈ നീക്കം അങ്ങേയറ്റം അപകടകരമാണ്.2. സിലബസ് അല്ല, ഇത് പാര്‍ട്ടി ക്ലാസ് ഡയറി: സിലബസിലെ ഉള്ളടക്കം പരിശോധിച്ചാല്‍ അത് കേരളത്തിന്റെ സമഗ്ര ചരിത്രമല്ലെന്ന് മനസ്സിലാക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, എം. ബി രാജേഷ്, കെ. ബി. ഗണേഷ് കുമാര്‍ തുടങ്ങി നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളും എല്‍.ഡി.എഫ് നേതാക്കളുമാണ് ഇതിലെ ലേഖനങ്ങള്‍ ഭൂരിഭാഗവും തയ്യാറാക്കിയിരിക്കുന്നത്.
ഇതൊരു വിദ്യാഭ്യാസ മത്സരമാണോ അതോ ഭരണപക്ഷത്തിന്റെ ഇലക്ഷന്‍ മാനിഫെസ്റ്റോ ആണോ?3. ഏകപക്ഷീയമായ ചരിത്ര വ്യാഖ്യാനം: കേരളത്തിന്റെ വികസന ചരിത്രത്തില്‍ മറ്റു ഭരണകൂടങ്ങള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പങ്കില്ലാത്ത വിധം, 1957-ലെ ആദ്യ ഇ.എം.എസ് സര്‍ക്കാരിനെ മാത്രം വികസനത്തിന്റെ കേന്ദ്രബിന്ദുവായി ഇടത് രാഷ്ട്രീയത്തിന്റെ പ്രചരണ നോട്ടീസായി സിലബസ് അവതരിപ്പിക്കുന്നു. കേരളം ഇന്നുകാണുന്ന നിലയിലേക്കെത്തുന്നതില്‍ വിവിധ കാലഘട്ടങ്ങളിലെ സര്‍ക്കാരുകള്‍ക്കും സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കും പങ്കുണ്ട്.
അതൊക്കെ തമസ്‌കരിച്ച് ചരിത്രത്തെ രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുന്നത് വിദ്യാര്‍ത്ഥികളെ വഞ്ചിക്കലാണ്.4. സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യം: ലൈഫ് മിഷന്‍, കെ-ഫോണ്‍, ഡിജിറ്റല്‍ റീ-സര്‍വ്വേ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളെ അന്ധമായി പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങളാണ് സിലബസിലുള്ളത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയില്‍ ഭരണപക്ഷത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ട് അനുവദിക്കാനാവില്ല.
വിദ്യാഭ്യാസം സ്വതന്ത്രമായിരിക്കണം. കുട്ടികളുടെ പാഠപുസ്തകങ്ങളിലും ക്വിസ് മത്സരങ്ങളിലും രാഷ്ട്രീയം കലര്‍ത്തി അവരെ വഴിതെറ്റിക്കാനുള്ള സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ നിന്ന് പിന്മാറണം. കേരളത്തിന്റെ സമഗ്ര ചരിത്രവും നേട്ടങ്ങളും ഉള്‍ക്കൊള്ളുന്ന, രാഷ്ട്രീയ നിഷ്പക്ഷമായ ഒരു സിലബസ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.''
---------------
Hindusthan Samachar / CHANDHU CHANDRASEKHAR