എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു
ERANAKULAM, 08 ജനുവരി (H.S.) നയതന്ത്ര സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള നിർണായക കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. കൈക്കൂലി ആരോപണം, ഔദ്യോഗിക വിവരങ്ങൾ ചോ
ഇ. ഡി


ERANAKULAM, 08 ജനുവരി (H.S.)

നയതന്ത്ര സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള നിർണായക കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. കൈക്കൂലി ആരോപണം, ഔദ്യോഗിക വിവരങ്ങൾ ചോർത്തൽ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നിർബന്ധിത വിരമിക്കൽ നൽകി ഉത്തരവിറക്കിയത്. അഴിമതിക്കും കൃത്യവിലോപത്തിനുമെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അസാധാരണ നടപടിയുടെ ഭാഗമായി രാഷ്ട്രപതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ഉത്തരവിൽ ഒപ്പുവച്ചത്.

തിരുവനന്തപുരം സ്വദേശിയായ പി രാധാകൃഷ്ണൻ സംസ്ഥാനം കണ്ട ഏറ്റവും വലിയ വിവാദമായ സ്വർണക്കടത്ത് കേസിൻ്റെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥനാണ്. എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിയപ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. കേസ് അന്വേഷണം അട്ടിമറിക്കാനും റെയ്ഡ് വിവരങ്ങൾ ചോർത്താനും ഇദ്ദേഹം കൂട്ടുനിന്നു എന്ന് ബിജെപി നേതാക്കൾ അന്ന് ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വരെ അന്വേഷണം നീളുന്ന ഘട്ടത്തിൽ പെട്ടെന്ന് അന്വേഷണം നിലച്ചുപോയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സ്വപ്ന സുരേഷ്, എം ശിവശങ്കർ തുടങ്ങിയവരുടെ അറസ്റ്റിന് ശേഷം അന്വേഷണം എങ്ങുമെത്താതെ പോയത് ഒത്തുതീർപ്പിൻ്റെ ഭാഗമാണെന്നായിരുന്നു അന്ന് ഉയർന്ന പ്രധാന ആക്ഷേപം.

കേസ് അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊമോഷൻ ലഭിച്ചിട്ടും അദ്ദേഹം കൊച്ചിയിൽ തന്നെ തുടർന്നു. പിന്നീട് കരുവന്നൂർ കേസ് അടക്കം ചില കാര്യങ്ങൾ നോക്കിയെങ്കിലും പ്രധാന ചുമതലകൾ നൽകിയിരുന്നില്ല. ഇതിനിടെ ധനകാര്യ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ കൈക്കൂലി ആരോപണങ്ങളും വിവരങ്ങൾ ചോർത്തലുമടക്കമുള്ള പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർവീസിൽ നിന്ന് പുറത്താക്കാൻ ശിപാർശ ചെയ്തത്.

കേന്ദ്ര സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അപൂർവമായി മാത്രം പ്രയോഗിക്കാറുള്ള അച്ചടക്ക നടപടിക്രമമാണ് ഇപ്പോൾ പി രാധാകൃഷ്ണൻ്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഫണ്ടമെൻ്റൽ റൂൾ 56 (ജെ) പ്രകാരമാണ് ഈ നിർബന്ധിത വിരമിക്കൽ നടപ്പിലാക്കിയിരിക്കുന്നത്. പൊതുതാത്പര്യം മുൻനിർത്തി, അഴിമതി ആരോപണങ്ങൾ നേരിടുന്നതോ കാര്യക്ഷമതയില്ലാത്തതോ ആയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വകുപ്പാണിത്.

നയതന്ത്ര സ്വർണക്കടത്ത് കേസിൻ്റെ നാൾവഴികളിൽ പി രാധാകൃഷ്ണൻ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെ ചോദ്യം ചെയ്യുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും ഇദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. എന്നാൽ, അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും ഭരണതലത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്കും നീളുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഉണ്ടായ അപ്രതീക്ഷിത മെല്ലെപ്പോക്ക് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. പല നിർണായക തെളിവുകളും ശേഖരിക്കുന്നതിൽ വീഴ്ച വരുത്തി എന്നും, റെയ്ഡ് നടത്തുന്നതിന് മുൻപ് തന്നെ ഇടനിലക്കാർ വഴി വിവരം ചോർത്തി നൽകി പ്രതികളെ തെളിവ് നശിപ്പിക്കാൻ സഹായിച്ചു എന്നും ഇൻ്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News