Enter your Email Address to subscribe to our newsletters

Pune, 08 ജനുവരി (H.S.)
പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. ഇന്നലെ രാത്രി പുണെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് നടക്കും. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി എന്നപേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏറെ വിവാദമായിരുന്നു.
നാശഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തെ 3 മേഖലകളായി തിരിച്ച് പരിഹാരനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച റിപ്പോര്‍ട്ട്, ചില മേഖലകളില്‍ ഖനനവും നിര്‍മാണവും പാറ പൊട്ടിക്കലും മണ്ണെടുക്കലും ഉള്‍പ്പെടെ നിരോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) നല്‍കുന്ന പരമോന്നത ബഹുമതിയായ 'ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്' പുരസ്‌കാരം 2024ല്‍ ലഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. രാജ്യം പത്മശ്രീ (1981), പത്മഭൂഷണ്‍ (2006) ബഹുമതികള്‍ നല്‍കി ആദരിച്ചു.
പരിസ്ഥിതിയുമായി മനുഷ്യര്‍ പുലര്‍ത്തേണ്ട ഗാഢമായ മൈത്രിയെക്കുറിച്ചുള്ള നിസ്തുല ആഖ്യാനമാണ് മാധവ് ഗാഡ്‌ലിന്റെ ആത്മകഥ. Western Ghat A Love Story എന്ന പേരില്‍ ഇംഗ്ലീഷില്‍ ഇറങ്ങും മുമ്പേ മലയാളത്തിലെത്തിയ 'പശ്ചിമഘട്ടം ഒരു പ്രണയകഥ' 2023- ലെ ഏറ്റവും മൂല്യവത്തായ പുസ്തകമായി കാണുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വിനോദ് പയ്യടയുടെ ഈ വിവര്‍ത്തനസംരംഭം മലയാളത്തിന് ലഭിച്ച ഒരു മികച്ച വരദാനമാണെന്ന് പറയാം. പ്രചോനാത്മകവും വിജ്ഞാനപ്രദവുമായ ഈ ഗ്രന്ഥം ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയും വെളിച്ചവുമായിത്തീരുമെന്നതില്‍ സംശയമില്ല. പാരിസ്ഥിതിക പ്രജ്ഞയുടെ ഗിരിശൃംഗങ്ങളിലേക്കാണ് ഈ കൃതിയുടെ വായന നമ്മെ നയിക്കുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു തുടക്കത്തില്‍ കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും ശേഷം സ്വീകാര്യത ലഭിച്ചു. വയനാട്ടില്‍ 2024ലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ക്വാറികളുടെ നിരന്തരപ്രവര്‍ത്തനവും പാറപൊട്ടിക്കലും കാരണമെന്നാണ് പ്രഫ. മാധവ് ഗാഡ്ഗില്‍ വിശേഷിപ്പിച്ചത്. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു.
വന്യജീവികളുടെ ആക്രമണങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പമാണ് ഗാഡ്ഗില്‍ നിലയുറപ്പിച്ചത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള അവകാശത്തിനു വിരുദ്ധമായി, വന്യജീവിസംരക്ഷണത്തിനു മാത്രം പ്രാമുഖ്യം നല്‍കുന്ന 1972 ലെ വന്യജീവിസംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കര്‍ഷകരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാന്‍ കഴിയാത്ത വനംവകുപ്പ് പിരിച്ചുവിട്ട് മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണു വേണ്ടതെന്നും 2025 ഒക്ടോബറില്‍ കേരളത്തില്‍ വെള്ളരിക്കുണ്ടില്‍ നടന്ന കര്‍ഷകരുടെ പ്രതിഷേധ പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Sreejith S