Enter your Email Address to subscribe to our newsletters

Kozhikode, 08 ജനുവരി (H.S.)
ദേശീയപാത 66 ലെ വെങ്ങളം - രാമനാട്ടുകര റീച്ചിലെ പന്തീരാങ്കാവ് സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന്റെ ട്രയല്‍ റണ്‍ ഇന്ന്.
ട്രയല്‍ റണ്‍ സമയത്ത് വാഹനങ്ങളില്‍ നിന്ന് ട്രോള്‍ ഈടാക്കില്ല. മാത്രമല്ല ട്രയല്‍ റണ്ണിന് ശേഷവും കുറച്ചു ദിവസം കൂടി പണമീടാക്കാതെ ടോള്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും.
ജനുവരി 15 മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചേക്കും എന്നാണ് വിവരം.ടോള്‍ പ്ലാസയുടെ കാര്യക്ഷമത വിലയിരുത്തിയ ശേഷമേ ടോള്‍ പിരിവ് ആരംഭിക്കൂ. ഇതിന് മുന്നോടിയായി വിജ്ഞാപനം പുറത്തിറക്കും. അടുത്തയാഴ്ച തന്നെ വിജ്ഞാപനം ഉണ്ടാകും എന്നാണ് വിവരം. ടോള്‍ പ്ലാസയിലെ സംവിധാനങ്ങളുടേയും ടോള്‍ പിരിവിന്റേയും കൃത്യതയും കാര്യക്ഷമതയും പരിശോധിക്കാനാണ് ട്രയല്‍ റണ്‍ നടത്തുന്നത്.
നേരത്തെ വിവിധ വാഹനങ്ങള്‍ക്കുളള ടോള്‍ നിരക്കുകള്‍ ദേശീയ പാത അതോറിറ്റി പുറത്തുവിട്ടിരുന്നു.എന്നാല്‍ സര്‍വീസ് റോഡുകളും ടോള്‍ പ്ലാസയ്ക്ക് സമീപമുള്ള ചിലയിടങ്ങളിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കത്തില്‍ നാട്ടുകാരും യാത്രക്കാരും പ്രതിഷേധിക്കും എന്ന് അറിയിച്ചിരുന്നു. ജനുവരി ഒന്നിന് ടോള്‍ പിരിവ് ആരംഭിക്കും എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ അതിന് മുന്‍പ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കാനായില്ല.
അതേസമയം ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ സ്ഥിരം താമസക്കാരായവര്‍ ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാല്‍ കാര്‍ അടക്കമുളള ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ക്ക് പാസ് നല്‍കും. പ്രതിമാസം 340 രൂപയാണ് പാസിന്റെ നിരക്ക്. പാസ് ഉള്ളവര്‍ക്ക് മാസത്തില്‍ എത്ര തവണമെങ്കിലും ടോള്‍ പ്ലാസയിലൂടെ കടന്നുപോകാം. നാഷണല്‍ പെര്‍മിറ്റ് അല്ലാത്ത കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും ഇളവ് ലഭിക്കും.
കാര്‍, ജീപ്പ്, വാന്‍, ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ എന്നിവയ്ക്ക് ഒരു വശത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 135 രൂപയും ആണ് ടോള്‍. ഈ വാഹനങ്ങള്‍ക്ക് പ്രതിമാസ നിരക്ക് 2975 രൂപയാണ്. 2021 ആഗസ്റ്റ് 15 നായിരുന്നു വെങ്ങളം രാമനാട്ടുകര റീച്ചിന്റെ നിര്‍മാണം ആരംഭിച്ചത്. 28.4 കിലോ മീറ്റര്‍ ആണ് ഈ റീച്ചിന്റെ നീളം. റോഡിന്റെ 90 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ് മാള്‍, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിങ്ങനെ ഏഴ് ഫ്‌ളൈ ഓവറുകളാണ് ഈ റീച്ചിലുള്ളത്. അതിനാല്‍ സംസ്ഥാനത്തെ ദേശീയപാത ബൈപാസ് നിര്‍മാണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോ മീറ്ററിന് 63 കോടിയിലധികം രൂപ എന്ന നിരക്കിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായത്.മഹാരാഷ്ട്ര ആസ്ഥാനമായുളള ഹുലെ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ മൂന്ന് മാസത്തേക്ക് ടോള്‍ പിരിവ് നടത്തുക. തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ ക്ഷണിച്ച ശേഷമാകും ടോള്‍ പിരിവ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR