Enter your Email Address to subscribe to our newsletters

Palakkad, 08 ജനുവരി (H.S.)
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാലക്കാട് നിന്ന് ജനവിധി തേടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സെലിബ്രിറ്റികളെയും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നു എന്ന വിവരം വന്നിരുന്നു.
ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഇതിനകം കേട്ടത്. അതിനിടെയാണ് മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്. പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയി ഏറെ കാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രമീള ശശിധരന്‍.
ബിജെപിക്ക് പുറത്തുള്ള വോട്ടും ഇവര്‍ക്ക് കിട്ടുമെന്ന് അവകാശപ്പെടുന്നു ചില നേതാക്കള്‍. ബിജെപിയിലെ രണ്ട് ചേരിയില്‍ ഒരുചേരിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നേതാവ് കൂടിയാണ് പ്രമീള. അതുകൊണ്ടുതന്നെ നേതൃത്വം എന്തു തീരുമാനം എടുക്കും എന്നത് നിര്‍ണായകമാണ്.''പാര്‍ട്ടി പരിഗണിച്ചാല്‍ തീര്‍ച്ചയായും പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷയുണ്ട്. സംഘത്തിന്റെയും പാര്‍ട്ടിയുടെയും പിന്തുണ ഉണ്ട് എന്നാണ് മനസിലാക്കുന്നത്.
അത് നല്ല രീതിയിലുള്ള മുന്നോട്ട് പോക്കായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു'' എന്നും പ്രമീള ശശിധരന്‍ പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ മല്‍സരിക്കണം എന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. എതിര്‍ചേരിയിലുള്ള പ്രമീളയും ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്.
ഇതോടെ ആര്‍എസ്‌എസ് നേതൃത്വം ഇടപെട്ട് രംഗം ശാന്തമാക്കുമെന്നാണ് പ്രതീക്ഷ. ഏതെങ്കിലും ചേരിയിലുള്ള വ്യക്തി മല്‍സരിച്ചാല്‍ എതിര്‍ചേരി പാര വയ്ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വരുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കളും പാലക്കാടുണ്ട്.
സംസ്ഥാനത്ത് വിജയ സാധ്യതയുള്ള 34 എ ക്ലാസ് മണ്ഡലങ്ങള്‍ ബിജെപി നിര്‍ണയിച്ചിട്ടുണ്ട്. അതിലൊന്നാണ് പാലക്കാട്. അതുകൊണ്ടുതന്നെ മല്‍സരിക്കാന്‍ നിരവധി നേതാക്കള്‍ തയ്യാറായിട്ടുണ്ട്. ഇവരില്‍ നിന്ന് ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തലാകും ബിജെപിയുടെ തലവേദന. കെ സുരേന്ദ്രന് പുറമെ, ശോഭ സുരേന്ദ്രന്റെ പേരും സ്ഥാനാര്‍ഥി ചര്‍ച്ചയിലുണ്ടെന്നാണ് അഭ്യൂഹം.
സംസ്ഥാന അധ്യക്ഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്ന് മുതിര്‍ന്ന ബിജെപി നേതാവ് എന്‍ ശിവരാജന്‍ പറഞ്ഞു. ആര് മല്‍സരിച്ചാലും ബിജെപി ജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ശോഭ സുരേന്ദ്രന്‍ മല്‍സരിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പറഞ്ഞ വ്യക്തിയാണ് എന്‍ ശിവരാജന്‍.ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്.
പക്ഷേ ഉള്‍പ്പോര് ശക്തമാണ് എന്നതാണ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്ബിലിനെതിരെ ഇ ശ്രീധരന്‍ ശക്തമായ മല്‍സരം കാഴ്ചവച്ചിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയതോടെ ബിജെപി തകര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും വേണ്ടത്ര തിളങ്ങാന്‍ ബിജെപിക്കായില്ല. ഈ വേളയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് എത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR