Enter your Email Address to subscribe to our newsletters

Malappuram, 08 ജനുവരി (H.S.)
മലപ്പുറം ജില്ല വിഭജനം എന്ന ആവശ്യം ശക്തമാകുന്നതിനിടെ കേരളത്തില്‍ പുതിയ അഞ്ച് ജില്ലകള്‍ കൂടി വേണമെന്ന നിർദേശവുമായി തൃത്താല മുൻ എം എല്‍ എ വിടി ബല്‍റാം.
തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് പുതിയ ജില്ല, എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു ജില്ല, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് പുതിയ ജില്ലകള്‍, കോഴിക്കോട്, കണ്ണൂർ ജില്ലകള്‍ക്കിടയില്‍ ഒരു പുതിയ ജില്ല എന്നിങ്ങനെയാണ് ആവശ്യം.
അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
'കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകള്‍ സ്വാഗതാർഹമാണ്. ഒരു കേരളീയൻ എന്ന നിലയില്‍ ഇക്കാര്യത്തില്‍ എൻ്റെ വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. ഇതെൻ്റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എൻ്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുൻകൂട്ടി വ്യക്തമാക്കുന്നു.
കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പുണ്ട്:1) ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.2) എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.3) മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് പുതിയ ജില്ലകള്‍ക്ക് കൂടി സാധ്യതയുണ്ട്.
മൂന്ന് ജില്ലകളെ അഞ്ചാക്കാം.4) കോഴിക്കോട്, കണ്ണൂർ ജില്ലകള്‍ക്കിടയില്‍ ഒരു പുതിയ ജില്ല കൂടി ആവാം.ചർച്ചകള്‍ നടക്കട്ടെകേരളം മുഴുവൻ യാത്ര ചെയ്യാറുള്ള ഒരാളെന്ന നിലയില്‍ എൻ്റെ വ്യക്തിപരമായ നിരീക്ഷണമാണ് ഇത്. എന്നാല്‍ നെയ്യാറ്റിൻകര ജില്ല, വർക്കല ജില്ല, മൂവാറ്റുപുഴ ജില്ല, വള്ളുവനാട് ജില്ല, തിരൂർ ജില്ല, വടകര ജില്ല എന്നിങ്ങനെ നിരവധി ജില്ലാ ആവശ്യങ്ങള്‍ ഏറെക്കാലമായി പൊതുമണ്ഡലത്തില്‍ ചർച്ചയായി ഉണ്ട്.
അതിനെയെല്ലാം കാര്യ കാരണ സഹിതം വിലയിരുത്തി ഒരു സമഗ്ര പഠനം നടത്താവുന്നതേയുള്ളൂ', വിടി ബല്‍റാം കുറിച്ചു. തിരുവനന്തപുരം - 33,01,427,കൊല്ലം - 26,35,375, പത്തനംതിട്ട - 11,97,412, ആലപ്പുഴ - 21,27,789, കോട്ടയം - 19,74,551, എറണാകുളം - 32,82,388, ഇടുക്കി - 11,08,974, തൃശൂർ - 31,21,200, പാലക്കാട് - 28,09,934, വയനാട് - 8,17,420, മലപ്പുറം - 41,12,920, കോഴിക്കോട് - 30,86,293 , കണ്ണൂർ - 25,23,003, കാസർഗോഡ് - 13,07,375 എന്നിങ്ങനെയാണ് 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ.
കണ്ണൂര്‍ കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളെ വിഭജിച്ച് പുതിയ 3 ജില്ലകള്‍ മലബാറില്‍ രൂപീകരിക്കണമെന്ന ആവശ്യം നേരത്തേ പിവി അൻവർ ഉയർത്തിയിരുന്നു. മൂന്നു കോടിയിലധികം മനുഷ്യരുള്ള കേരളത്തില്‍ ഒരു കോടി 25 ലക്ഷം ആളുകളും താമസിക്കുന്നത് കണ്ണൂര്‍ ,കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളിലാണ്. ജനസംഖ്യാവര്‍ദ്ധനയുടെ തോതനുസരിച്ച് 2025ല്‍ ഈ നാല് ജില്ലകളുടെ ജനസംഖ്യ ഒന്നരക്കോടിയിലെത്തി നില്‍ക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും സേവനങ്ങളും കേരള ജനതയുടെ 45 ശതമാനത്തോളം വരുന്ന മനുഷ്യര്‍ക്ക് ശരിയായ അര്‍ത്ഥത്തില്‍ ലഭ്യമാവണമെങ്കില്‍ ജില്ലകള്‍ വിഭജിക്കണമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR