Enter your Email Address to subscribe to our newsletters

Kochi, 08 ജനുവരി (H.S.)
നടിയെ ആക്രമിച്ച കേസിലെ വിധി ദിലീപിനെ വെറുതെ വിടാന്‍ വേണ്ടിയുള്ളതാണ് എന്ന് പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശം.
വിചാരണ കോടതിക്കും വിധി പുറപ്പെടുവിച്ച ജഡ്ജിക്കുമെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശത്തില്‍ ഉള്ളത്.
നിയമോപദേശത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പ് അടക്കമുള്ള നിയമോപദേശത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലായ വിചാരണ കോടതി ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. കേസിലെ എട്ടാം പ്രതിയായിരുന്നു നടന്‍ ദിലീപ്. ദിലീപ് നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ക്വട്ടേഷന്‍ ബലാത്സംഗം നടന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി ദിലീപിനെ വെറുതെ വിടുകയായിരുന്നു. അതേസമയം ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി കളഞ്ഞു എന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. വിചാരണ കോടതി ജഡ്ജി വിവേചനപരമായി പെരുമാറി എന്നും തെളിവുകള്‍ പരിശോധിക്കാന്‍ കോടതി രണ്ട് തരം സമീപനം സ്വീകരിച്ചു എന്നും നിയമോപദേശത്തില്‍ പറയുന്നു.
ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല എന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു എന്നും പ്രോസിക്യൂഷന്‍ ഡിജി ആരോപിക്കുന്നു.
അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍. ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്.എന്നാല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മേല്‍ക്കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷനും അന്വേഷണ സംഘവും പറയുന്നത്.
വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടാനാണ് പ്രോസിക്യൂഷന്‍ തയ്യാറെടുക്കുന്നത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി പരിഗണിച്ചില്ല.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. അടുത്ത ആഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും എന്നാണ് വിവരം. കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR