Enter your Email Address to subscribe to our newsletters

Kannur, 08 ജനുവരി (H.S.)
സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. തലായി ലതേഷ് വധക്കേസില്‍ കുറ്റക്കാരായ ഏഴ് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവും 1,40,000 പിഴയും ശിക്ഷ വിധിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. നാല് വകുപ്പുകളിലായി 35 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
സുമിത്ത്, പ്രജീഷ് ബാബു, നിധിന്‍, സനല്‍, റിജോഷ്, സജീഷ്, ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. 2008 ഡിസംബര്‍ 31നാണ് ലതേഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു ആക്രമണം. രക്ഷപ്പെടാനായി സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ പ്രതികള്‍ പിന്‍തുടര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. ലതേഷിന്റെ സുഹൃത്തിനും വെട്ടേറ്റിരുന്നു.
കേസില്‍ 12 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒന്നു മുതല്‍ 7 വരെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. 8ാം പ്രതി കേസിന്റെ വിചാരണ കാലയളവില്‍ മരിച്ചിരുന്നു. ഒന്‍പത് ുതല്‍ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവും സിപിഐ എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ലതേഷ്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആര്‍എസ്എസ് ബിജെപിക്കാരായ തലായി പൊക്കായി ഹൗസില്‍ പി സുമിത്ത് (കുട്ടന്‍38), കൊമ്മല്‍ വയല്‍ വിശ്വവസന്തത്തില്‍ കെ കെ പ്രജീഷ്ബാബു (പ്രജീഷ് 46), തലായി ബംഗാളി ഹൗസില്‍ ബി നിധിന്‍ (നിധു 37 ), പുലിക്കൂല്‍ ഹൗസില്‍ കെ സനല്‍ എന്ന ഇട്ടു (37), പാറേമ്മല്‍ ഹൗസില്‍ സ്മിജോഷ് എന്ന തട്ടിക്കുട്ടന്‍ (42), കുനിയില്‍ ഹൗസില്‍ സജീഷ് എന്ന ജിഷു (37), പഴയമഠത്തില്‍ വി ജയേഷ് (39), എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (നാല്) ജഡ്ജി ജെ വിമല്‍ ശിക്ഷിച്ചത്.
ലതേഷിന്റെ അനുജന്‍ മയ്യഴിക്കാരന്റവിട കുഞ്ഞാന്‍ ഹൗസില്‍ കെ സന്തോഷിന്റെ പരാതിയിലാണ് കേസെടുത്തത്. ചക്യത്ത്മുക്ക് ക്ലാസിക് മാര്‍ബിള്‍ കടക്ക് പിന്‍വശം കടപ്പുറത്ത് വെച്ച് പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ലതേഷിനെ വെട്ടിക്കൊന്ന ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഒന്ന് മുതല്‍ ഏഴ് വരെ പ്രതികളെയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്.
ചക്യത്ത്മുക്ക്, നാഷനല്‍ ഹൈവേ ഭാഗങ്ങളില്‍ നിന്ന് ആയുധങ്ങളുമായി എത്തിയ സംഘം ലതേഷിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സുമിത്ത് ആണ് ആദ്യം വാള്‍ വീശിയത്. പ്രജീഷ് കൈയിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. തിരയില്‍ കമിഴ്ന്നടിച്ചു വീണ ലതേഷിനെ അജിത്തും സ്മിജേഷും കൈയിലുണ്ടായിരുന്ന വാളും മഴുവും ഉപയോഗിച്ച് കാലിനും ശരീരത്തിലും വെട്ടുകയും കുത്തുകയും ചെയ്തു. ബഹളംകേട്ട് തോണിക്കാരടക്കമുള്ളവര്‍ ഓടിവരുന്നതിനിടെ ബോംബെറിഞ്ഞ് പ്രതികള്‍ രക്ഷപ്പെട്ടു.
---------------
Hindusthan Samachar / Sreejith S