Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 ജനുവരി (H.S.)
തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ ഒ. പി. വിഭാഗം പരാതിക്കിടയില്ലാത്ത വിധം പ്രവർത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് ഉറപ്പു നൽകി.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ജനറൽ ആശുപത്രിയിലെ ഒ. പി. യുടെ പ്രവർത്തനത്തിലെ അപാകതകളെകുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കാൻ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരുന്നു.
ഒ. പി. ടിക്കറ്റ് എടുക്കാൻ രണ്ടിടങ്ങളിലായി സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടിൽ പറഞ്ഞു. സ്പെഷ്യാലിറ്റി ഒ. പി. യുള്ള ദിവസങ്ങളിൽ അതിനു മാത്രമായി പ്രത്യേകം ഒ. പി. ടിക്കറ്റ് കൗണ്ടർ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കുന്നുണ്ട്. മറ്റ് ഒ. പി. കൾക്കായി കാഷ്വാലിറ്റി കെട്ടിടത്തിൽ ദിവസവും 5 ഒ. പി. കൗണ്ടർ ഉച്ചയ്ക്ക് 2 വരെയും ഓരോ കൗണ്ടർ ഉച്ചയ്ക്ക് ശേഷവും രാത്രിയിലും പ്രവർത്തിക്കുന്നുണ്ട്. രാവിലെ പ്രവർത്തിക്കുന്ന കൗണ്ടറിൽ ഒരെണ്ണം മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കുമായി ക്രമീകരിച്ചിട്ടുണ്ട്. മറ്റൊരെണ്ണം ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് ടോക്കൺ എടുക്കുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കൗണ്ടറുകളിൽ ക്യൂ നിൽക്കാതെ തന്നെ ടിക്കറ്റെടുക്കാം. ദിവസേന രണ്ടായിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. രാവിലെ 7 നും 10 നുമിടയിൽ രോഗികൾ ഒരുമിച്ചെത്തുമ്പോൾ തിരക്ക് അനുഭവപ്പെടാറുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ഇ-ഹെൽത്ത് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി രോഗികൾക്ക് വേഗത്തിൽ ടിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. എന്നാൽ ഇ-ഹെൽത്ത് സംവിധാനത്തിൽ സാങ്കേതിക തകരാർ ഉണ്ടാകുമ്പോൾ കാലതാമസം നേരിടേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
---------------
Hindusthan Samachar / Sreejith S