അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍; സേവനം അടിയന്തിരഘട്ടത്തില്‍ മാത്രം
Thiruvanathapuram, 08 ജനുവരി (H.S.) ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിരന്തരം ഉന്നയിച്ചും പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍. ജനുവരി 13 ചൊവ്വാഴ്ച മു
Thiruvananthapuram Medical College


Thiruvanathapuram, 08 ജനുവരി (H.S.)

ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിരന്തരം ഉന്നയിച്ചും പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍. ജനുവരി 13 ചൊവ്വാഴ്ച മുതലാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎ

സമരം പ്രഖ്യാപിച്ചരിക്കുന്നത്.

ആദ്യ ആഴ്ചയില്‍ അധ്യാപനം ഒഴിവാക്കിയാകും പ്രതിഷേധിക്കുക. എന്നിട്ടും പ്രശ്‌ന പരിഹാരം ഇല്ലെങ്കില്‍ ഒപിയടക്കം അടിയന്തിരമല്ലാത്ത എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കുമെന്നാണ് പ്രഖ്യാപനം. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നല്‍കുക, താല്‍ക്കാലിക - കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെജിഎംസിറ്റിഎ ഉന്നയിക്കുന്നത്. വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിച്ചിട്ടും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 2025 ജൂലൈ 1 മുതല്‍ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്.

റിലേ ഒ.പി. ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികള്‍ നടന്നതിനെ തുടര്‍ന്ന് കഴിഞ്ഞ് നവംബറില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കുവാന്‍ വകുപ്പ് ശ്രമിക്കുമെന്നും മന്ത്രി അന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരേയും നടപടിയില്ലാത്തതിനാലാണ് മരം കൂടുതല്‍ ശക്തമാക്കാന്‍ കെജിഎംസിറ്റിയു അറിയിച്ചു. ജനുവരി 19 ന് സെക്രട്ടറിയേറ്റ് ധര്‍ണയും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദിവസവും ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന സ്ഥലമാണ് മെഡിക്കല്‍ കോളേജുകള്‍. ഒപി സേവനം അടക്കം മുടക്കിയുള്ള ഡോക്ടര്‍മാരുടെ സമരം രോഗികളെ ദുരിതത്തിലാക്കും എന്ന് ഉറപ്പാണ്.

---------------

Hindusthan Samachar / Sreejith S


Latest News