പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച പ്രവാസിക്ക് സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
Kannur, 09 ജനുവരി (H.S.) നീതി ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്, എട്ടു വർഷത്തെ കഠിനമായ നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിജയം - പൊലീസ് അന്യായമായി മാലമോഷണക്കേസിൽ കുടുക്കിയതിനെത്തുടർന്ന് തകർന്ന തന്‍റെ ജീവിതം തിരിച്ചുപിടിച്ച ആശ്വാസത്തിലാണ് വി.കെ. താജുദ്ദീൻ .
A BLOW TO POLICE ARROGANCE


Kannur, 09 ജനുവരി (H.S.)

നീതി ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്, എട്ടു വർഷത്തെ കഠിനമായ നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിജയം - പൊലീസ് അന്യായമായി മാലമോഷണക്കേസിൽ കുടുക്കിയതിനെത്തുടർന്ന് തകർന്ന തന്‍റെ ജീവിതം തിരിച്ചുപിടിച്ച ആശ്വാസത്തിലാണ് വി.കെ. താജുദ്ദീൻ .

2018-ൽ ഒരു രാത്രി പൊലീസ് ഓവർ സ്മാർട്ട്‌ ചമഞ്ഞ് തന്നെ കുടുക്കിയപ്പോൾ തുടങ്ങിയതാണ് തന്‍റെയും കുടുംബത്തിന്‍റെയും ദുരിതങ്ങളെന്ന് താജുദ്ദീന്‍ പ്രതികരിച്ചു. നിയമ പോരാട്ടത്തിനൊടുവില്‍ താജുദ്ദീനെ മാലമോഷണക്കേസിൽ കുടുക്കിയ സംഭവത്തിൽ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേരള ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ട സംഭവത്തോടാണ് താജുദ്ദീനിന്‍റെ പ്രതികരണം.

പെരുന്നാൾ ദിനങ്ങളിൽ ഉൾപ്പെടെ 54 ദിവസം നാട്ടിലെ ജയിലിലും, പിന്നീട് കേസിന്റെ പേരിൽ ഖത്തറിൽ 24 ദിവസവും ജയിൽവാസം അനുഭവിക്കേണ്ടി വന്ന ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം പൂർണ്ണമായും തെറ്റുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതും സാമ്പത്തിക തകർച്ചയും കാരണം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കേണ്ടി വന്നതായും, മകന് 18 വയസ്സുള്ളപ്പോൾ തുടങ്ങിയ പോരാട്ടം ഇന്ന് മകന് 26 വയസ്സായപ്പോഴാണ് അവസാനിച്ചതെന്നും താജുദ്ദീൻ വേദനയോടെ ഓർക്കുന്നു. പൊലീസുകാർ അത്രത്തോളം തന്നെയും കുടുംബത്തെയും വേദനിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസിന്റെ വീഴ്ചമൂലം 54 ദിവസത്തോളം അന്യായമായി ജയിലിൽ കഴിയേണ്ടി വന്ന താജുദ്ദീന് നീതി ലഭിക്കുമ്പോൾ, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചിരുന്നു.

കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഈ തുക ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2018 ജൂലൈയിൽ വീടിന് സമീപം ചെളിയിൽ താഴ്ന്ന പൊലീസ് ജീപ്പിനെ സഹായിക്കാൻ നടുവേദന കാരണം ഇറങ്ങാതിരുന്നതിലുള്ള വൈരാഗ്യമാണ് പൊലീസിനെ ഈ പ്രവാസിക്കെതിരെ തിരിക്കാൻ പ്രേരിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിലെ നേരിയ സാദൃശ്യം മാത്രം വെച്ച് ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയും ശാസ്ത്രീയമായ അന്വേഷണത്തിനുള്ള താജുദ്ദീന്റെ അപേക്ഷകൾ പൊലീസ് തള്ളിക്കളയുകയുമായിരുന്നു.

പിന്നീട് മറ്റൊരു കേസിലെ പ്രതിയായ പീതാംബരൻ എന്നയാൾ കുറ്റം സമ്മതിച്ചതോടെയാണ് താജുദ്ദീൻ നിരപരാധിയാണെന്ന് ലോകമറിഞ്ഞത്. ഇത്രയും കാലം അനുഭവിച്ച മാനസികവും സാമ്പത്തികവുമായ തകർച്ചയ്ക്ക് പകരമാകില്ലെങ്കിലും, കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണമെന്ന താജുദ്ദീന്‍റെ വാദത്തിന് കോടതി അംഗീകാരം നൽകുകയായിരുന്നു. നഷ്ടപരിഹാരത്തിനൊപ്പം 25,000 രൂപ കോടതി ചെലവായും നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. പോലീസിന്റെ നിരുത്തരവാദിത്തപരമായ നടപടികൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ ഈ വിധി മാതൃകയാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിർത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാൻഡ് തടവുകാരനായി ജയിലിൽ കഴിയേണ്ടി വന്നു. ഖത്തറിൽ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ. ജയിലിൽ കിടന്നതുകാരണം ഗൾഫിലെ ജോലി നഷ്ടമായി. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ നീതി ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം തിരികെ ഖത്തറിലേക്ക് പോയെങ്കിലും അവിടെയും താജുദ്ദീനെ കാത്തിരുന്നത് വലിയ പ്രതിസന്ധികളായിരുന്നു.

നാട്ടിൽ കേസ് നിലനിൽക്കുന്നതിനാൽ അബ്സ്കോണ്ടിങ് ആണെന്ന് കാണിച്ച് അവിടെയും ജയിലിൽ കിടക്കേണ്ടി വരികയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടർന്ന് ഖത്തറിൽ 23 ദിവസമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയും പേരുദോഷവും ഇവരെ വല്ലാതെ ബാധിച്ചു. കേസ് നടത്താനായി ഭാര്യയുടെ സ്വർണം ഉൾപ്പെടെ വിൽക്കേണ്ടി വന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News