ആറളം വന്യജീവി സങ്കേതം ഇനി രാജ്യത്തെ ആദ്യ ചിത്രശലഭ സങ്കേതം
Kannur, 09 ജനുവരി (H.S.) ആറളത്തെ വനപാതകളിൽ ഇപ്പോൾ ആൽബട്രോസ് ശലഭങ്ങളുടെ വർണക്കാഴ്ചയാണ്. അഞ്ച് മിനിറ്റിനുള്ളിൽ പന്തീരായിരത്തിലധികം ശലഭങ്ങൾ വിരുന്നെത്തുന്ന ഈ അപൂർവ്വ പ്രതിഭാസം പ്രകൃതിസ്നേഹികൾക്ക് ഒരു അത്ഭുതമായി മാറുകയാണ്. കേരളത്തിലെ ചിത്രശലഭങ്ങളുടെ പ
BUTTERFLY SANCTUARY


Kannur, 09 ജനുവരി (H.S.)

ആറളത്തെ വനപാതകളിൽ ഇപ്പോൾ ആൽബട്രോസ് ശലഭങ്ങളുടെ വർണക്കാഴ്ചയാണ്. അഞ്ച് മിനിറ്റിനുള്ളിൽ പന്തീരായിരത്തിലധികം ശലഭങ്ങൾ വിരുന്നെത്തുന്ന ഈ അപൂർവ്വ പ്രതിഭാസം പ്രകൃതിസ്നേഹികൾക്ക് ഒരു അത്ഭുതമായി മാറുകയാണ്. കേരളത്തിലെ ചിത്രശലഭങ്ങളുടെ പറുദീസയായി പ്രഖ്യാപിക്കപ്പെട്ട ആറളത്തെ ശലഭ വൈവിധ്യം കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കുകയാണ്.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവ് ആൽബട്രോസ് (Albatross) ശലഭങ്ങളുടെ സീസണാണ്. മലനിരകളിൽനിന്ന് നദികളിലൂടെയും തോടുകളിലൂടെയും മറ്റ് തുറസ്സായ പാതകളിലൂടെയും പൂമാല പോലെ ആൽബട്രോസ് ശലഭങ്ങൾ ഒഴുകിവരുന്നതും, മഡ് പഡ്ലിംഗിൽ (Mud puddling) ഏർപ്പെടുന്നതും ആറളത്തെ അപൂർവ്വ കാഴ്ചകളിൽ ഒന്നാണ്.

നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന വെള്ളപ്പൊട്ടൻ എന്ന ചിത്രശലഭത്തെയാണ് ആറളത്ത് കൂട്ടമായി കാണുന്നത്. ഇതിന്‍റെ ശാസ്ത്രീയ നാമം ആപ്പിയാസ് ആൽബിന (Appias albina) എന്നാണ്. പേരിൽ 'ആൽബട്രോസ്' എന്നുണ്ടെങ്കിലും ഇവ കടൽപക്ഷിയായ ആൽബട്രോസുമായി ബന്ധമുള്ളവയല്ല; മറിച്ച് അവയുടെ ചിറകുകളുടെ വെളുത്ത നിറവും വേഗതയും കാരണമാണ് ഈ പേര് ലഭിച്ചത്.

ചിറകുകളുടെ മുകൾഭാഗം നല്ല വെളുത്ത നിറമായിരിക്കും. ചിറകിന്‍റെ അരികുകളിൽ കറുത്ത കരകൾ കാണാം. പെൺ ശലഭങ്ങൾക്ക് ആൺ ശലഭങ്ങളെ അപേക്ഷിച്ച് ചിറകിന്‍റെ അരികിലെ കറുപ്പ് നിറം കൂടുതലായിരിക്കും.

ഇവ കൂട്ടമായി ദേശാടനം നടത്തുന്നവയാണ്. പശ്ചിമഘട്ടത്തിന്‍റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ആയിരക്കണക്കിന് ശലഭങ്ങൾ ഒരേ ദിശയിൽ പറന്നുപോകുന്നത് അതിമനോഹരമായ കാഴ്ചയാണ്. ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണിത്. ഈർപ്പമുള്ള മണ്ണിൽ നിന്നോ പുഴയോരത്തെ ചെളിയിൽ നിന്നോ ധാതുക്കളും ലവണങ്ങളും ആഗിരണം ചെയ്യാൻ നൂറുകണക്കിന് ശലഭങ്ങൾ ഒരേയിടത്ത് വന്നിരിക്കുന്നതിനെയാണ് 'മഡ് പഡ്ലിംഗ്' എന്ന് വിളിക്കുന്നത്.

ഒരു വെള്ളപ്പട്ടു വിരിച്ചതുപോലെയാണ് അപ്പോൾ പുഴയോരം കാണപ്പെടുക. വളരെ വേഗത്തിൽ പറക്കാൻ കഴിയുന്ന ശലഭങ്ങളാണിവ. നിലത്തുകൂടി ഒഴുകി നീങ്ങുന്നതുപോലെയാണ് ഇവയുടെ ദേശാടന യാത്ര അനുഭവപ്പെടാറുള്ളത്. മരങ്ങളിൽ പൂത്തുനിൽക്കുന്ന പൂക്കളിലെ തേനാണ് ഇവയുടെ പ്രധാന ഭക്ഷണം.

ആറളത്ത് 2025-ലെ ചിത്രശലഭ സർവേയിൽ, അഞ്ച് മിനിറ്റ് നിരീക്ഷണ ദൈർഘ്യത്തിൽ മാത്രം 12,000 ശലഭങ്ങളെ രേഖപ്പെടുത്തിയതായി അസിസ്റ്റന്റ് വൈൽഡ് ലൈഫ് ഓഫീസർ രമ്യ രാഘവൻ പറഞ്ഞു.

ആൽബട്രോസ് ശലഭങ്ങളെ കൂടാതെ ഡനൈഡേ (Danainae) വിഭാഗത്തിൽപ്പെട്ട നീലക്കടുവ, കരിനീലക്കടുവ, അരളി ശലഭം, പാൽവള്ളി തുടങ്ങിയവയുടെ ദേശാടന സാന്നിധ്യവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നാൽപ്പതിലധികം എൻഡെമിക് (Endemic) ചിത്രശലഭങ്ങളിൽ 27 എണ്ണവും ആറളത്തുണ്ട് എന്നാണ് കണ്ടെത്തൽ.

കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള സംരക്ഷിത വനമേഖലയായ ആറളം വന്യജീവി സങ്കേതം ഇനി ചിത്രശലഭ സങ്കേതം എന്നറിയപ്പെടും. കഴിഞ്ഞ ജൂണില്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് സാങ്ച്വറി പേര് മാറ്റം അംഗീകരിച്ചിരുന്നു. എന്നാല്‍, ഈ ജനുവരി ആദ്യവാരമാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. രാജ്യത്ത് നിരവധി ചിത്രശലഭ പാര്‍ക്കുകള്‍ ഉണ്ടെങ്കിലും ആദ്യത്തെ ചിത്രശലഭ സങ്കേതമാണ് ആറളത്തേത്. ശലഭങ്ങളുടെ സ്വാഭാവിക പ്രജനനവും ദേശാടനവും നടക്കുന്ന ഒരു വലിയ സംരക്ഷിത വനമേഖലയായിരിക്കും എന്ന പ്രത്യേകതയും ഇനി ആറളത്തിനുണ്ടാകും. സംസ്ഥാനത്തെ മറ്റ് ഏതൊരു വനമേഖലയേക്കാളും വലിയ ചിത്രശലഭ വൈവിധ്യം സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ 25 വർഷങ്ങളായി ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭങ്ങളെ നിരീക്ഷിച്ചു വരുന്നുണ്ട്.

തുടർച്ചയായി നടത്തിവരുന്ന സർവേ കണക്കുകൾ പ്രകാരം, കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 327 ഇനം ചിത്രശലഭങ്ങളിൽ 266 എണ്ണവും ആറളത്തുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത്, കേരളത്തിലെ ചിത്രശലഭ വൈവിധ്യത്തിന്‍റെ 82 ശതമാനവും 2000 മുതൽ 2025 വരെയുള്ള സർവേകളിൽ ഇവിടെ രേഖപ്പെടുത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News