Enter your Email Address to subscribe to our newsletters

Kerala, 09 ജനുവരി (H.S.)
മുക്കത്ത് ടെക്‌സൈറ്റൽ ഷോപ്പിൽ വൻ തീപിടിത്തം. മുക്കം ബസ് സ്‌റ്റാൻഡിന് സമീപത്ത് ഏറെക്കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പത്രാസ് ഫോർ കിഡ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. കടയുടമയ്‌ക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമെന്ന് വിലയിരുത്തൽ. ഇന്ന് രാവിലെ ആറേക്കാലോടെയാണ് സംഭവം.
അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. ഉടൻ തന്നെ മുക്കം ഫയർ യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തുകയും തീ അണയ്‌ക്കുകയും ചെയ്‌തു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയിൽ ഉണ്ടായിരുന്ന തുണിത്തരങ്ങൾ എല്ലാം കത്തി നശിച്ചു.
വലിയ സാമ്പത്തിക നഷ്‌ടമാണ് കട ഉടമയായ കാരമൂല സ്വദേശി പഴയങ്കോട് ഫിറോസിന് ഉണ്ടായത്. ക്രിസ്‌മസും ന്യൂ ഇയറും ഉൾപ്പെടെയുള്ളവ പ്രമാണിച്ച് ധാരാളം തുണിത്തരങ്ങൾ കടയിൽ എത്തിച്ചിരുന്നു. ഇതിലേറെയും കത്തി നശിച്ചിട്ടുണ്ട്. ഫയർ യൂണിറ്റിൻ്റെ അവസരോചിതമായ ഇടപെടൽ ഇല്ലായിന്നെങ്കിൽ തൊട്ടടുത്ത് തന്നെ പ്രവർത്തിക്കുന്ന മറ്റ് കടകളിലേക്കും തീ വ്യാപിച്ച് വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമായാനെയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മുക്കം ഫയർ യൂണിറ്റ് അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി മനോജ്,എൻ രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം സി സജിത്ത് ലാൽ, എ എസ് പ്രദീപ്, മുഹമ്മദ് ഷനീബ്, വൈ പി ഷറഫുദ്ദീൻ, ആർ മിഥുൻ, ജിതിൻ, കെ എസ് ശരത്ത്, ഹോം ഗാർഡുമാരായ ടി രവീന്ദ്രൻ, ജോളി ഫിലിപ്പ്, ടോണി വർഗീസ് എന്നിവരും തീ അണക്കുന്നതിന് നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം കോഴിക്കോട് കൊടുവള്ളി ദേശീയപാതയ്‌ക്ക് സമീപമുള്ള കടയില്‍ സമാന രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. പാലക്കുറ്റിയിലെ മന്തി കടയിലാണ് തീപിടിത്തമുണ്ടായത്. കട പൂർണമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് സംഭവിച്ചിട്ടുള്ളത്. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല.
ഇന്ന് (ജനുവരി 05) രാവിലെ പത്തരയോടെയാണ് കടയിൽ അഗ്നിബാധയുണ്ടായത്. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടർന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും മന്തി കടയ്‌ക്കുള്ളിൽ തീ പെട്ടെന്ന് ആളിപ്പടർന്ന് കട മുഴുവനായി കത്തുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR