Enter your Email Address to subscribe to our newsletters

Thiruvanathapuram, 09 ജനുവരി (H.S.)
മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വിവിധ തലങ്ങൾ പരിശോധിച്ചു പാനൽ ചർച്ച. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന 'കാട്ടിലേക്ക് മനുഷ്യരും നാട്ടിലേക്ക് മൃഗങ്ങളും' എന്ന പാനൽ ചർച്ച മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വിവിധ തലങ്ങൾ പരിശോധിക്കുന്ന ഒന്നായി.
വനം വകുപ്പിലെ പ്രൊജക്റ്റ് കോർഡിനേറ്റർ ജോഷിൽ എം, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സുനിൽ മുതുകാട്, വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ തുടങ്ങിയവർ സംസാരിച്ചു.
വെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള ആവാസവ്യവസ്ഥ സേവനങ്ങൾ നമുക്ക് ലഭ്യമാകുന്നത് കാട്ടിൽ നിന്നാണ്. എന്നാൽ ഇതിന്റെ പേരിലുണ്ടാകുന്ന സംഘർഷങ്ങളുടെ ഉത്തരവാദിത്തം പേറുന്നത് കാടിനടുത്ത് താമസിക്കുന്നവർ മാത്രമാണ്. ഇത് വെറുമൊരു പാരിസ്ഥിതിക പ്രശ്നമല്ല, സോഷ്യോ-ഇക്കണോമിക്- ജിയോപൊളിറ്റിക്കൽ പ്രശ്നമാണെന്ന് ഡോ. അരുൺ സക്കറിയ അഭിപ്രായപ്പെട്ടു.
മനുഷ്യൻ കൃഷി ആരംഭിച്ച കാലം മുതൽ ഈ സംഘർഷങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത് പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കില്ല, മറിച്ച് കൃത്യമായ തയ്യാറെടുപ്പുകളിലൂടെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ആഘാതം എത്രത്തോളം കുറയ്ക്കാം എന്നുമാണ് ആലോചിക്കേണ്ടത്. വയനാട് പോലുള്ള ഇടങ്ങളിൽ വന്യമൃഗങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് അവയുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നു. വയനാട്ടിലെ കാർഷിക മേഖല ലാഭകരമല്ലാതാകുന്നതും കൃഷിയിടങ്ങളിൽ അടിക്കാടുകൾ വളരുന്നതും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്യജീവികൾക്ക് ജീവിക്കാൻ വേണ്ടത്ര വനവിസ്തൃതി കേരളത്തിലില്ലെന്നും മലയോര മേഖലയിൽ വന്യജീവി സംഘർഷമുണ്ടാകുമ്പോൾ വനം വകുപ്പ് ഉദോഗസ്ഥർ നടപടിയെടുക്കാൻ വൈകുന്നുവെന്നുമുള്ള നിലപാടാണ് ചർച്ചയിൽ സുനിൽ മുതുകാട് ഉയർത്തിയത്.
1970-കളിൽ കേരളത്തിൽ ഒരു മനുഷ്യനെ കടുവ പിടിച്ച സംഭവം ഉണ്ടായിട്ടില്ല. മനുഷ്യനെ കടുവ ഭക്ഷിക്കാൻ തുടങ്ങിയത് ഒരു പ്രത്യേക കാലഘട്ടത്തിനുശേഷമാണ്. അതിനാൽ ഇത് എപ്പോഴും ഉണ്ടായിരുന്ന പ്രശ്നമാണ് എന്നുപറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വനാതിർത്തികളിൽ സൗരോർജ്ജ വേലി സ്ഥാപിക്കുമ്പോൾ കുറഞ്ഞത് 20 മീറ്റർ വീതിയിൽ മരങ്ങളും അടിക്കാടുകളും പൂർണമായി നീക്കം ചെയ്ത്, ക്ലിയർ ഫില്ലിംഗ് നടത്തിയാൽ മാത്രമേ വേലി നിലനിൽക്കുള്ളുവെന്നും അല്ലാത്തപക്ഷം, കോടികൾ ചെലവഴിച്ച് സ്ഥാപിച്ച സൗരോർജ്ജ വേലികൾ പരിപാലനമില്ലാതെ പ്രവർത്തനരഹിതമാകുമെന്നും സുനിൽ ചൂണ്ടിക്കാട്ടി.
കടുവകളുടെ എണ്ണം വർധിച്ചതും അവയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും വന്യജീവി ആക്രമണങ്ങൾ കൂടാൻ കാരണമായിട്ടുണ്ടെന്ന് ജോഷിൽ പറഞ്ഞു. പുതിയ റോഡുകളും വികസന പദ്ധതികളും കാരണം വനത്തിന്റെ തുടർച്ച നഷ്ടമാകുന്നതാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള ഒരു കാരണം. വന്യജീവി ആക്രമണം എന്നത് വനം വകുപ്പിന്റെ മാത്രം പ്രശ്നമല്ല. അത് സംസ്ഥാനാടിസ്ഥാനത്തിലുള്ള ദുരന്തമായി കണ്ട് തദ്ദേശസ്ഥാപനങ്ങളും പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനത്തിനുള്ളിലെ അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന (Senna spectabilis) ഒഴിവാക്കാനുള്ള പദ്ധതിയായ മിഷൻ മഞ്ഞക്കൊന്ന, പാമ്പുകളെക്കുറിച്ചുള്ള ജനകീയമായ ബോധവൽക്കരണവും പ്രതിരോധവും തീർക്കാൻ മിഷൻ സർപ്പ, വന്യജീവികളെ പ്രതിരോധിക്കാൻ ഗോത്രവർഗക്കാരുടെ അറിവുകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മിഷൻ ട്രൈബൽ നോളജ് തുടങ്ങിയ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഗ്രാമപഞ്ചായത്തുകളിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാൻ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ടെന്നും ജോഷിൽ എം അറിയിച്ചു.
എഴുത്തുകാരനും റിട്ട. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുമായ ജെ ആർ അനി മോഡറേറ്ററായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR