കെഎസ്‌ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് വരുന്നു, ഒപ്പം ബസ് ഹോസ്റ്റസും
Thiruvananthapuram, 09 ജനുവരി (H.S.) കെ എസ് ആര്‍ ടി സി ( കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍)ഏറെക്കാലമായി കാത്തിരിക്കുന്ന ബിസിനസ് ക്ലാസ് സര്‍വീസ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. തിരഞ്ഞെടുപ്പ് തീ
KSRTC Business class


Thiruvananthapuram, 09 ജനുവരി (H.S.)

കെ എസ് ആര്‍ ടി സി ( കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍)ഏറെക്കാലമായി കാത്തിരിക്കുന്ന ബിസിനസ് ക്ലാസ് സര്‍വീസ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.

തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ബസുകള്‍ എത്തിയാലുടന്‍ പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ട് വോള്‍വോ ബസുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ എത്തിക്കുന്നത്.തിരുവനന്തപുരത്തിനും തൃശ്ശൂരിനും ഇടയിലാണ് സര്‍വീസ് ആദ്യം ആസൂത്രണം ചെയ്തിരുന്നത്.

എന്നാല്‍ ദേശീയ പാത നിര്‍മാണം നടക്കുന്നതിനാല്‍ ആദ്യ ഘട്ടം എറണാകുളം വരെ മാത്രമേ ഓടൂ എന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ബസുകള്‍ക്ക് പരിമിതമായ സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ബോര്‍ഡിംഗ് നിറഞ്ഞാല്‍, എറണാകുളം മാത്രമായിരിക്കും സ്റ്റോപ്പ്.

അല്ലാത്ത പക്ഷം കൊല്ലത്തും ആലപ്പുഴയിലും ഒരു സ്റ്റോപ്പ് അനുവദിക്കും. വോള്‍വോ പ്ലാറ്റ്ഫോമുകളില്‍ നിര്‍മ്മിച്ച ബിസിനസ് ക്ലാസ് കോച്ചുകളില്‍ 35 സീറ്റുകളും കെ എസ് ആര്‍ ടി സി സര്‍വീസുകളില്‍ മുമ്ബ് ലഭ്യമല്ലാത്ത സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഓരോ സീറ്റിലും വിനോദ സ്‌ക്രീന്‍, ഹെഡ്ഫോണുകള്‍, ചാര്‍ജിംഗ് പോര്‍ട്ടുകള്‍, വൈ - ഫൈ എന്നിവ ഉണ്ടായിരിക്കും. ചായ, ലഘുഭക്ഷണങ്ങള്‍, ഓണ്‍ബോര്‍ഡ് ടോയ്ലറ്റ്, ഒരു ചെറിയ പാന്‍ട്രി എന്നിവയും അനുവദിക്കും.

ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ്' എന്ന മാതൃകയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സഹായത്തിനായി ബസില്‍ ഒരു ബസ് ഹോസ്റ്റസും ഉണ്ടായിരിക്കും. 2025 അവസാനത്തോടെയാണ് മന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിന്റെ പൊതു ഗതാഗത ശൃംഖലയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി എന്നാണ് മന്ത്രി അവകാശപ്പെടുന്നത്.

ദേശീയ പാത വികസനം പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തിനും കൊച്ചിക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം മൂന്നര മുതല്‍ നാല് മണിക്കൂര്‍ വരെ കുറയ്ക്കാന്‍ കഴിയും. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഹൈ എന്‍ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ബിസിനസ് ക്ലാസ് സര്‍വീസ് തുടങ്ങുന്നതെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

സ്വകാര്യ കാറുകള്‍ ഒഴിവാക്കി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കാന്‍ ഇത് സഹായിക്കും എന്നാണ് വിലയിരുത്തല്‍.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News