മദ്യത്തിന് പേരും ലോഗോയും ക്ഷണിക്കല്‍; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Ernakulam, 09 ജനുവരി (H.S.) മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച ബെവ്‌കോ നടപടി ചോദ്യം ചെയ്‌തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ബെവ്‌കോ വാര്‍ത്താക്കുറിപ്പ് ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ സർക്കാരിന് നോട്ടീസയച്ചാണ് ഹൈക്കോടതി നടപട
Highcourt


Ernakulam, 09 ജനുവരി (H.S.)

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച ബെവ്‌കോ നടപടി ചോദ്യം ചെയ്‌തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ബെവ്‌കോ വാര്‍ത്താക്കുറിപ്പ് ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ സർക്കാരിന് നോട്ടീസയച്ചാണ് ഹൈക്കോടതി നടപടി. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിലാണ് വാദം. കോട്ടയം ഡിസിസി വൈസ് പ്രസിഡണ്ട് ചിന്ദു കുര്യൻ ജോയ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

കേരള അബ്‌കാരി നിയമത്തിലെ സെക്ഷൻ 55 എച്ച് പ്രകാരം മദ്യത്തിൻ്റെ നേരിട്ടുള്ളതോ അല്ലാതെയോ ആയ പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. ഈ പരസ്യം പരോക്ഷമായ മദ്യപ്രചാരണമാണെന്നാണ് ഹർജിയിലെ വാദം.

ലഹരിപാനീയങ്ങൾ നിരോധിക്കാൻ സർക്കാർ ശ്രമിക്കണമെന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 47 ന് വിരുദ്ധമായിട്ടാണ് ബെവ്കോ നടപടിയെന്നും വാദമുണ്ട്.

സാധാരണ വ്യാപാരികൾക്കെതിരെ പരസ്യം പ്രദർശിപ്പിച്ചതിന് കേസെടുക്കുന്ന സർക്കാർ സർക്കാർ കമ്പനിയുടെ കാര്യത്തിൽ ഇത് അനുവദിക്കുന്നത് വിവേചനപരമാണെന്നും വാദമുന്നയിച്ചിരുന്നു. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ പ്രതിഫലം നൽകുന്നതായി കാണിച്ച് എംഡി മലബാർ ഡിസ്റ്റലറീസ് പത്രക്കുറിപ്പ് പുറത്തിറക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉദ്ഘാടന വേളയില്‍ സമ്മാനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനി ഇത്തരത്തിൽ പൊതുജനങ്ങളോട് മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടതിലൂടെ മദ്യത്തിൻ്റെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിലാണ് സർക്കാർ പെരുമാറുന്നത് എന്നും വാദമുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് ഹർജിയിൽ വിശദീകരണം തേടിയത്.

നേരത്തെ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി മത്സരവും സമ്മാനവും പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നുമായിരുന്നു സമിതി ആവശ്യപ്പെട്ടത്. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു എന്നാണ് വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു ബെവ്കോയുടെ പരസ്യം. കേസിൽ സർക്കാരിൻ്റെ വിശദീകരണം കേട്ട ശേഷം വാദം തുടങ്ങും. ഈ മാസം ഏഴിന് മുമ്പ് പേര് നിര്‍ദ്ദേശിക്കണമെന്നായിരുന്നു പരസ്യം. പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിക്കൊണ്ട് അറിയിപ്പ് വന്നതിനൊപ്പമായിരുന്നു ഈ പരസ്യവും ഉണ്ടായിരുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News