Enter your Email Address to subscribe to our newsletters

Thiruvananthapuram, 09 ജനുവരി (H.S.)
രാജ്യത്ത് സ്വതന്ത്രമായ മാധ്യമപ്രവർത്തനം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും ചോദ്യങ്ങൾ ചോദിക്കുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത വർധിച്ചുവരികയാണെന്നും പ്രമുഖ മാധ്യമപ്രവർത്തക റാണ അയൂബ്.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന ‘കെ.എൽ.ഐ.ബി.എഫ് ഡയലോഗ്' സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പലതും അധികാരകേന്ദ്രങ്ങളുടെ നിലപാടുകൾ മാത്രം പ്രചരിപ്പിക്കുന്ന ഉപകരണങ്ങളായി മാറുകയാണ്. വാർത്തകൾ നൽകുന്നതിന് പകരം അധികാരകേന്ദ്രങ്ങൾക്ക് അനുകൂലമായ വിവരങ്ങൾ മാത്രം നൽകുന്ന രീതിയിലേക്ക് മാധ്യമപ്രവർത്തനം പരിമിതപ്പെടുന്നു.
എൻഡിടിവി അടക്കമുള്ള സ്ഥാപനങ്ങളുടെ ഏറ്റെടുക്കലും മാധ്യമങ്ങൾക്കെതിരെ വരുന്ന നടപടികളും റാണ അയൂബ് പരാമർശിച്ചു. ഫീൽഡ് റിപ്പോർട്ടിംഗിനേക്കാൾ കൂടുതൽ സമയം തങ്ങൾക്കെതിരെ വരുന്ന കേസുകൾ നേരിടാൻ കോടതികളിൽ ചെലവഴിക്കേണ്ടി വരുന്നത് മാധ്യമപ്രവർത്തകരെ സംബന്ധിച്ച് ദൗർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. ഭരണപരമായ വീഴ്ചകളെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമായി ചിത്രീകരിക്കപ്പെടുന്ന വിചിത്രമായ സാഹചര്യം ജനാധിപത്യത്തിന് ആശാവഹമല്ലെന്നും റാണ കൂട്ടിച്ചേർത്തു.
സാധാരണക്കാരുടെ ശബ്ദമാകേണ്ട മാധ്യമങ്ങൾ ഇന്ന് അധികാരകേന്ദ്രങ്ങളുടെയും കോർപ്പറേറ്റുകളുടെയും താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
മാധ്യമരംഗത്തെ കോർപ്പറേറ്റ് വൽക്കരണം പ്രാദേശിക മാധ്യമങ്ങളെയും ഇല്ലാതാക്കുകയാണെന്ന് ചർച്ച നയിച്ച സുധീർ ദേവദാസ് ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളിലെപ്പോലെ മാധ്യമ ഉടമസ്ഥാവകാശം ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കുന്ന പ്രവണത ഇന്ത്യയിലും കണ്ടുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യൂ.എൻ. ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ‘രാജ്യവിരുദ്ധ’ ലേബൽ നൽകാനാണ് പലരും ശ്രമിക്കുന്നതെന്ന് റാണ അയൂബ് പറഞ്ഞു. അപരവൽക്കരണത്തിന്റെ രാഷ്ട്രീയം രാജ്യത്ത് ഹിന്ദു-മുസ്‌ലിം ബൈനറി സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. കശ്മീരിലെ മെഡിക്കൽ കോളേജ് അടച്ചുപൂട്ടിയപ്പോൾ ആഘോഷിക്കുന്ന ജനതയുടെ ധാർമ്മികച്യുതി ഭയപ്പെടുത്തുന്നതാണ്. അധികാര കേന്ദ്രങ്ങൾക്ക് നേരെ ചോദ്യങ്ങൾ ഉയരെണ്ട ഇടത്ത് ന്യൂനപക്ഷങ്ങളെയും ദലിതരെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചോദ്യം ചെയ്യാനാണ് ഇന്ന് പലർക്കും താല്പര്യമെന്നും റാണ അയൂബ് കൂട്ടിച്ചേർത്തു.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും പങ്കെടുത്തു.
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 'ചലഞ്ചസ് റിലേറ്റഡ് ടു നർക്കോട്ടിക്‌സ് ആൻഡ് സൈബർ ക്രൈം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളിൽ നിന്നാണ് എല്ലാവരും ആദ്യ പാഠങ്ങൾ പഠിക്കേണ്ടത്. രക്ഷിതാക്കൾ കുട്ടികളോട് നിരന്തരം സംവദിക്കണം. ഇത് അവരെ ലഹരി ഉപയോഗത്തിൽ നിന്ന് പുറത്തു കൊണ്ട് വരാനും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാനും സഹായിക്കും. വിദ്യാലയങ്ങളിലും കാമ്പസുകളിലും വായനശാലകളിലും ആരോഗ്യപ്രദമായ ചർച്ചകളും സംവാദങ്ങളും നടക്കണം. വായനയ്ക്ക് ഇതിൽ പ്രധാന പങ്കുണ്ട്. ലഹരി ഉപയോഗത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും മനസിലാക്കാനും അത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കയാണെന്നു അറിയാനും നല്ല വായനക്കാരന് പറ്റും. ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്യാനും അവർക്ക് സാധിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അഭിപ്രായപ്പെട്ടു.
സമൂഹം പരിവർത്തനം ചെയ്യപ്പെടുന്നത് പോലെയാണ് കുറ്റകൃത്യങ്ങളുമെന്ന് ഡിജിപി നിരീക്ഷിച്ചു. ആധുനിക സമൂഹത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യക്ക് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ ഇതിനെ ഫലപ്രദമായി ഉപയോഗിക്കാൻ പലർക്കും സാധിക്കുന്നില്ല. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ് സൈബർ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും. ഇവ രണ്ടും ലക്ഷ്യവെക്കുന്നത് യുവജനങ്ങളെയാണ്. ജീവിതത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് ലഹരി അവശേഷിപ്പിക്കുന്നത്. വൻ തോതിലുള്ള ലഹരി വസ്തുക്കൾ കച്ചവടം ചെയ്യുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് നാം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്, ഡിജിപി പറഞ്ഞു.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയ കച്ചവടം നടത്തുന്നത്. നവമാധ്യമങ്ങളിലൂടെയും ഡിജിറ്റൽ ലോകത്തിലൂടെയും പണമിടപാടുകൾ നടത്തി യുവാക്കളെ അവർ കണ്ണികളാക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും വേഗത്തിൽ വളരുന്നതുമായ ക്രൈമുകൾ സൈബർ ക്രൈമുകളാണ്. ഒരാളുടെ സമ്പത്തിനെയും മാനസിക ആരോഗ്യത്തെയും വ്യക്തിത്വത്തിനെയും വരെ ഹനിക്കാൻ സൈബർ കുറ്റകൃത്യങ്ങളിലൂടെ സാധിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി കൂട്ടിച്ചേർത്തു.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ സൈബർ തട്ടിപ്പുകളിൽ പെട്ടുപോകുന്നുണ്ട്. ഇത് സംബന്ധിച്ച് അനേകം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒട്ടനവധി അവബോധ ക്ലാസ്സുകളും മുന്നറിയിപ്പുകളും നൽകിയിട്ട് പോലും ആളുകൾ തട്ടിപ്പുകളിൽ വീണ്ടും വീഴുകയാണ്. ഇത് ഗൗരവമായി കാണേണ്ട വസ്തുതയാണ്, അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR