കടമക്കുടി വാട്ടർ മെട്രോ ടെർമിനൽ : സര്‍വീസ് ഉടൻ ആരംഭിക്കും
Kochi, 09 ജനുവരി (H.S.) നാടും നഗരവും ഒരുപോലെ കാത്തിരിക്കുന്ന കടമക്കുടി വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇവിടെ നിന്ന് സർവീസുകള്‍ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷി
Water Metro in Kadamakudy


Kochi, 09 ജനുവരി (H.S.)

നാടും നഗരവും ഒരുപോലെ കാത്തിരിക്കുന്ന കടമക്കുടി വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇവിടെ നിന്ന് സർവീസുകള്‍ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഡിസംബർ മാസത്തില്‍ പൂർത്തിയാക്കേണ്ടിയിരുന്നെങ്കിലും അത് പല കാരണങ്ങളാലും വൈകുകയായിരുന്നു. എങ്കിലും മാർച്ച്‌ മാസത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

'കടമക്കുടി വാട്ടർ ടെർമിനലിന്റെ പണികള്‍ അന്തിമ ഘട്ടത്തിലാണ്. ഏകദേശം മൂന്ന് മാസത്തിനുള്ളില്‍ പ്രവർത്തനം ആരംഭിക്കാൻ ഇത് സജ്ജമാകും' കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജൻ പി ജോണിനെ റിപ്പോർട്ട് ചെയ്‌തു.

പാലിയംതുരുത്തില്‍ നിർമ്മാണം പുരോഗമിക്കുന്ന മറ്റൊരു ടെർമിനലിന്റെ കാര്യവും സമാനമായ രീതിയിലാണ്.സർവീസുകള്‍ ആരംഭിച്ചാല്‍, ഹൈക്കോടതി ടെർമിനലില്‍ നിന്ന് കടമക്കുടിയിലേക്കും തുടർന്ന് പിഴലയിലേക്കും വാട്ടർ മെട്രോ സർവീസ് നടത്താനാണ് കെഎംആർഎല്ലിന്റെ പദ്ധതി.

പാലിയംതുരുത്തിലേക്കുള്ള സർവീസുകള്‍ ഹൈക്കോടതി ടെർമിനലില്‍ നിന്നോ മട്ടാഞ്ചേരി ടെർമിനലില്‍ നിന്നോ ആയിരിക്കും ആരംഭിക്കുക.എന്നാല്‍, പിഴല-കടമക്കുടി ഭാഗത്തു കൂടി നേരിട്ട് ബോട്ടുകള്‍ സർവീസ് നടത്താൻ സാധ്യതയില്ലെന്നാണ് വിവരം.

മേഖലയില്‍ കൂടുതല്‍ ഇടങ്ങളിലുള്ള പരമ്ബരാഗത ചീനവലകള്‍ക്ക് തടസമുണ്ടാക്കാതിരിക്കാൻ, വൈപ്പിൻ വഴിയോ വല്ലാർപാടം വഴിയോ ബോട്ടുകള്‍ വഴിതിരിച്ചുവിടും. ഈ ഭാഗത്ത് ഏകദേശം 40 ചീനവലകളുണ്ട്. ഇത് പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര ആകർഷണമാണെന്നതിനാല്‍ അതിനെ നിലനിർത്താനാണ് തീരുമാനം.

നിലവിലുള്ള ബോട്ടുകള്‍ ഉപയോഗിച്ച്‌ തല്‍ക്കാലം വാട്ടർ മെട്രോ സർവീസുകള്‍ ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, ഭാവിയില്‍ കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കുമെന്നാണ് വിവരം. കടമക്കുടിയിലെയും സമീപ ദ്വീപുകളായ പിഴലയിലെയും നിവാസികള്‍ക്ക് സഞ്ചാരത്തിനായി ദീർഘകാലം ചെറിയ ബോട്ടുകള്‍ മാത്രമായിരുന്നു ആശ്രയം.

രണ്ട് പതിറ്റാണ്ട് മുൻപ് വരെ ഏകദേശം 10-12 സ്വകാര്യ ഫെറി ബോട്ടുകള്‍ ഈ മേഖലയില്‍ സർവീസ് നടത്തിയിരുന്നു. റോഡ് ഗതാഗതം മെച്ചപ്പെട്ടതോടെ ബോട്ടുകളുടെ എണ്ണം കുറയുകയും പിന്നീട് പതിയെ ഇല്ലാതാകുകയുമായിരുന്നു എന്നാണ് പ്രദേശവാസികള്‍ തന്നെ പറയുന്നത്.

ഇന്ന് റോഡ് സൗകര്യമുണ്ടെങ്കിലും വലിയ കടമക്കുടി, ചെന്നൂർ, കോതോട്, കോരംപടം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ദ്വീപുകളെ മാത്രമേ ഇത് ബന്ധിപ്പിക്കുന്നുള്ളൂ.റോഡുകളുടെ ശോച്യാവസ്ഥയും ഇടുങ്ങിയ രീതിയിലുള്ള നിർമ്മാണവും ഒക്കെ ബദല്‍ സാധ്യതകള്‍ തുറക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാട്ടർ മെട്രോ ടെർമിനലുകള്‍ പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുള്ള യാത്രാ പ്രശ്‌നങ്ങള്‍ക്ക് വലിയൊരു പരിഹാരമാകും.

ഒപ്പം, ഈ പ്രദേശത്തെ ടൂറിസം പദ്ധതികള്‍ക്ക് പുത്തനുണർവുമുണ്ടാകും.മുൻ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് എൻ.ജിയും ഈ ആശയത്തോട് യോജിച്ചു. കടമക്കുടി ഒരു കൂട്ടം ദ്വീപുകളാണ്. ജലഗതാഗതത്തേക്കാള്‍ മികച്ച യാത്രാമാർഗ്ഗം ഇവിടെ മറ്റെന്തുണ്ട്? മെട്രോ സർവീസ് ജനങ്ങള്‍ക്ക് വലിയ ആശ്വാസവും പ്രാദേശിക സമ്ബദ്‌വ്യവസ്ഥയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടും ആയിരിക്കും, അവർ വ്യക്തമാക്കി.മേഖലയില്‍ ഏറ്റവും അനുയോജ്യമായത് ജലഗതാഗതം തന്നെയാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ശാന്തമായ കായല്‍ കാഴ്‌ചകള്‍ക്കും സമൃദ്ധമായ നെല്‍വയലുകള്‍ക്കും തനതായ ഗ്രാമീണ ജീവിതത്തിനും പേരുകേട്ടതാണ് കടമക്കുടി. ഈ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇത് സാക്ഷാത്കരിക്കാൻ വാട്ടർ മെട്രോ ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ സാഹചര്യത്തില്‍ ഈ റൂട്ടുകളിലെ സർവീസുകള്‍ പ്രാഥമികമായി വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുള്ളതായിരിക്കുമെന്നും സാധാരണ യാത്രക്കാർക്ക് വേണ്ടിയല്ലെന്നും അവർ വ്യക്തമാക്കി. ഇത് തുടക്കത്തില്‍ മാത്രമായിരിക്കും. പിന്നീട് എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലേക്ക് സർവീസുകള്‍ പുനക്രമീകരിക്കും.

മേഖലയില്‍ വരാനിരിക്കുന്ന മറ്റ് വാട്ടർ മെട്രോ ടെർമിനലുകള്‍ മുളവുകാട്, പൊന്നാരിമംഗലം, ചെന്നൂർ, കോതോട്, പിഴല, തുണ്ടത്തുംകടവ്, ചാരിയൻതുരുത്ത്, എളങ്കുന്നപ്പുഴ, മൂലമ്ബള്ളി എന്നിവയാണ്. കൊച്ചി നഗരത്തില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെ വേമ്ബനാട്ട് കായലില്‍ വ്യാപിച്ചുകിടക്കുന്ന 14 ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി. ഇവിടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News