ശബരിമലയിലെ സ്വര്‍ണക്കൊള്ള; ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഞെട്ടലിൽ വിശ്വാസി സമൂഹം
Pathanamthitta , 09 ജനുവരി (H.S.) പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഞെട്ടലിൽ വിശ്വാസി സമൂഹം. ഇതോടെ കേരളം കഴിഞ്ഞ മൂന്നുമാസത്തിലേറെയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന
ശബരിമലയിലെ സ്വര്‍ണക്കൊള്ള; ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഞെട്ടലിൽ  വിശ്വാസി സമൂഹം


Pathanamthitta , 09 ജനുവരി (H.S.)

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഞെട്ടലിൽ വിശ്വാസി സമൂഹം. ഇതോടെ കേരളം കഴിഞ്ഞ മൂന്നുമാസത്തിലേറെയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കൊടും കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷകള്‍.

ശബരിമലയില്‍ അയ്യപ്പന്‍ കഴിഞ്ഞാൽ ഏറ്റവും ആരാധനയോടെ കണ്ടിരുന്ന തന്ത്രി സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ടതും ഏറ്റവും ഒടുവില്‍ അറസ്റ്റിലായതും കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന ഉന്നത ഗൂഢാലോചനയുടെ ചുരുളഴിക്കും എന്നാണ് പ്രതീക്ഷ.

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരിനെതിരെ നിർണയാക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ശക്തനാക്കിയത് തന്ത്രിയെന്നു തെളിവുകള‍ും നിർണായക മൊഴികളും ലഭിച്ചു. കണ്ഠരര് രാജീവരുടെ ബെം​ഗളൂരു, ചെന്നൈ യാത്രകളിലും സംശയമുണ്ട്. പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന വിവരവും അന്വേഷണത്തിലാണ്. ശബരിമലയിലെ ജീവനക്കാരുടെ മൊഴികളും തന്ത്രിക്ക് എതിരായി എസ്ഐടിക്ക് ലഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ സ്വർണക്കൊള്ളയിൽ അറസ്റ്റിലാകും മുമ്പേ നടത്തിയ പ്രതികരണം തന്ത്രി കണ്ഠരര് രാജീവരെ സംശയനിഴലിലാക്കായിരുന്നു.

അറസ്റ്റ് നടപടികൾ വെള്ളിയാഴ്ച രാവിലെ ആറ്റിങ്ങലിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് തന്ത്രിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.

കുറ്റാരോപണങ്ങൾ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും ശ്രീകോവിൽ വാതിൽ പടിയിലും സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് തന്ത്രിക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ദേവസ്വം ബോർഡിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി ശുപാർശ ചെയ്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴികൾ തന്ത്രിക്കെതിരായ നിർണ്ണായക തെളിവുകളായി.

അന്വേഷണം ശരിയായ ദിശയിലെന്ന് സർക്കാർ തന്ത്രിയുടെ അറസ്റ്റോടെ കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു. അന്വേഷണത്തിൽ പ്രത്യേക നിയന്ത്രണങ്ങളില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമാണ് തന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. സർക്കാർ ശമ്പളം കൈപ്പറ്റുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

മോഷണം പോയതിൽ 475 ഗ്രാം സ്വർണ്ണം ഇനിയും കണ്ടെത്താനുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് തന്നെ തന്ത്രി കുടുംബത്തിൽ നിന്നൊരാൾ അറസ്റ്റിലാകുന്നത് ഭക്തർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. നിലവിൽ കണ്ഠരര് മഹേഷ് മോഹനരാണ് ശബരിമലയിൽ തന്ത്രിയുടെ ചുമതലകൾ നിർവ്വഹിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News