Enter your Email Address to subscribe to our newsletters

Trivandrum , 09 ജനുവരി (H.S.)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ മുഖ്യ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് പുറത്ത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് തന്ത്രി നടത്തിയ ആസൂത്രിതമായ നീക്കങ്ങളാണ് ശബരിമലയിലെ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേവസ്വം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഭക്തലക്ഷങ്ങളെ ഞെട്ടിക്കുന്നതാണ്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ശബരിമല ശ്രീകോവിലിന്റെ വാതിൽ പടികളിലും ദ്വാരപാലക ശില്പങ്ങളിലും സ്വർണ്ണം പൂശുന്ന പ്രവൃത്തിയുടെ മറവിലാണ് വൻ അഴിമതി നടന്നത്. ദേവസ്വം ബോർഡിന്റെ കർശനമായ ചട്ടങ്ങൾ നിലനിൽക്കെ, സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി വഴിവിട്ട സഹായം നൽകി. ആചാരപരമായ കാര്യങ്ങൾ പറഞ്ഞ് ബോർഡ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രി പച്ചക്കൊടി കാട്ടിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഗൂഢാലോചന
തന്ത്രി കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ വർഷങ്ങളായുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. പോറ്റിക്ക് സന്നിധാനത്ത് അമിത സ്വാധീനം ഉറപ്പാക്കി നൽകിയത് തന്ത്രിയാണ്. ഇതിനു പകരമായി വൻ തുക തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് എത്തിയതായും സൂചനയുണ്ട്. മോഷണം പോയ സ്വർണ്ണത്തിന്റെ ഒരു ഭാഗം തന്ത്രിയുടെ അറിവോടെയാണ് മാറ്റിയതെന്നും, ഈ ഗൂഢാലോചന മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തെളിവുകളും മൊഴികളും
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നൽകിയ മൊഴി തന്ത്രിക്ക് വലിയ തിരിച്ചടിയായി. സ്വർണ്ണപ്പണികൾക്കായി പ്രത്യേക വ്യക്തികളെ നിയമിക്കണമെന്ന് തന്ത്രി നിർബന്ധം പിടിച്ചിരുന്നുവെന്ന് പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതിനു പുറമെ, പ്രതികൾ തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളും വാട്സാപ്പ് സന്ദേശങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു. 4.5 കിലോയോളം സ്വർണ്ണത്തിന്റെ കുറവാണ് കണക്കുകളിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് കണ്ടെത്താൻ തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.
അഴിമതി നിരോധന നിയമവും നിയമനടപടിയും
സർക്കാർ സംവിധാനത്തിന് കീഴിൽ പ്രതിഫലം പറ്റുന്ന വ്യക്തി എന്ന നിലയിൽ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ തന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്. തന്ത്രിയുടെ അറസ്റ്റ് കേസിൽ നിർണ്ണായകമാണെന്നും, ഉന്നത സ്വാധീനമുള്ള വ്യക്തി ആയതിനാൽ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. നിലവിൽ സന്നിധാനത്ത് പാരമ്പര്യമായി തന്ത്രി പദവി വഹിക്കുന്ന കുടുംബത്തിൽ നിന്നുള്ള ഒരാൾ ഇത്തരമൊരു ക്രിമിനൽ കേസിൽ പ്രതിയാകുന്നത് ശബരിമലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
---------------
Hindusthan Samachar / Roshith K