Enter your Email Address to subscribe to our newsletters

Thiruvananthapuram, 09 ജനുവരി (H.S.)
തലസ്ഥാനത്തിന്റെ ചിരകാല സ്വപ്‌നമായ തിരുവനന്തപുരം മെട്രോ റെയില്‍പാതയ്ക്കായി വീണ്ടും സാങ്കേതിക പഠനം.
പാപ്പനംകോട് മുതല്‍ ഈഞ്ചയ്ക്കല്‍ വരെ ആണ് സാങ്കേതിക പഠനം നടത്തുന്നത്. ഡി എം ആര്‍ സിയാണ് സര്‍വേ നടത്തുന്നത്. നിലവിലെ അലൈന്‍മെന്റില്‍ ഭേദഗതി ആവശ്യമുണ്ടോ, എത്രത്തോളം ഭൂമിയേറ്റെടുക്കേണ്ടതുണ്ട് എന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍വേയില്‍ പരിശോധിക്കും.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് തിരുവനന്തപുരം മെട്രോയുടെ അലൈന്‍മെന്റ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം വിശദമായ ഡി പി ആര്‍ തയ്യാറാക്കി കൊച്ചി മെട്രോ കേന്ദ്രാനുമതിക്കായി അപേക്ഷിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ മെട്രോ അനുമതിക്ക് വേണ്ട ദേശീയ ജനസംഖ്യാ മാനദണ്ഡത്തില്‍ വ്യക്തത വരാതെ മുന്നോട്ട് പോകാനാവില്ലെന്ന് പദ്ധതി നടപ്പാക്കുന്ന കെഎംആര്‍എല്‍ അറിയിച്ചത് പ്രതിസന്ധിയായി.
ഇതോടെയാണ് സര്‍വേയ്ക്ക് ഒരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 2017 ലെ നാഷണല്‍ മെട്രോ റെയില്‍ പോളിസി അനുസരിച്ചുള്ള ജനസംഖ്യാ ആവശ്യകതയെക്കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിച്ച ശേഷം മാത്രമേ ഡിപിആര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കൂ എന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി. 20 ലക്ഷം ജനസംഖ്യയാണ് സാധാരണയായി ഒരു മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാന്‍ വേണ്ട കുറഞ്ഞ ജനസംഖ്യ.
2011ലെ സെന്‍സസ് പ്രകാരം തിരുവനന്തപുരം നഗരത്തിലെ ജനസംഖ്യ ഏകദേശം 16.8 ലക്ഷമാണ്. എന്നാല്‍, മെട്രോ പദ്ധതിക്ക് പരിഗണിക്കുന്ന വിശാലമായ മെട്രോപൊളിറ്റന്‍ മേഖലയില്‍ 23 ലക്ഷത്തില്‍ കൂടുതല്‍ ആണ് ജനസംഖ്യ.
പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെ 31 കിലോമീറ്റര്‍ നീളുന്നതാണ് തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി. യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോയായി തിരുവനന്തപുരം മെട്രോ മാറും.ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നിവിടങ്ങളില്‍ ഫ്‌ലൈ ഓവര്‍ നിര്‍മാണം പോലുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ടെക്‌നോപാര്‍ക്കിന്റെ മൂന്നു ഫേസുകള്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തമ്ബാനൂര്‍ ബസ് ടെര്‍മിനല്‍, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് 27 സ്റ്റേഷനുകളായിരിക്കും തലസ്ഥാനത്തെ മെട്രോയില്‍ ഉണ്ടാകുക.
25 സ്‌റ്റേഷനുകളുള്ള കൊച്ചിയേക്കാള്‍ വലിയ മെട്രോയാണ് തിരുവനന്തപുരത്ത് വരുന്നത് എന്ന് സാരം. ഭാവിയില്‍ ആറ്റിങ്ങല്‍ വരെയും നെയ്യാറ്റിന്‍കര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈന്‍മെന്റാണ് ഇപ്പോഴുള്ളത്. നിലവില്‍ മെട്രോയുടെ അലൈന്‍മെന്റ് മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചത്. തൂണുകള്‍ക്ക് മുകളിലുള്ള എലിവേറ്റഡ് പാത, ഭൂഗര്‍ഭപാത എഎന്നിവയും പരിഗണനയിലുണ്ട്.
ഇക്കാര്യങ്ങളെല്ലാം ഡി എം ആര്‍ സിയുടെ സാങ്കേതിക സര്‍വേയിലൂടെ പഠിക്കും. ദേശീയപാതയുടെ മധ്യഭാഗത്ത് വലിയ തൂണുകളുണ്ടാക്കി അതിനു മുകളില്‍ മെട്രോയ്ക്കുള്ള ട്രാക്ക് സ്ഥാപിക്കും.സര്‍ക്കാര്‍ പ്രഖ്യാപിച്ച അലൈന്‍മെന്റില്‍ ഇനി മാറ്റമുണ്ടാവില്ല എന്നും എന്തെങ്കിലും ഭേദഗതികള്‍ ആവശ്യമുണ്ടോയെന്ന് സര്‍വേയില്‍ പഠിക്കും എന്നും കെ എം ആര്‍ എല്‍ എം ഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി നവംബറിലാണ് അംഗീകാരം നല്‍കിയത്. ലൈറ്റ് മെട്രോയാണ് തുടക്കത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ നഗര പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് മെട്രോയിലേക്ക് മാറുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR