വേണുവിന്റെ മരണം: വീഴ്ച ബോധ്യപ്പെട്ടിട്ടും നടപടിയില്ല, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കുടുംബം; നിയമപോരാട്ടത്തിന് സിന്ധു
Trivandrum , 09 ജനുവരി (H.S.) തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കുടുംബം വീണ്ടും രംഗത്ത്. ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് മെഡിക്കൽ വിദ്യാഭ്യ
സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കുടുംബം; നിയമപോരാട്ടത്തിന് സിന്ധു


Trivandrum , 09 ജനുവരി (H.S.)

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കുടുംബം വീണ്ടും രംഗത്ത്. ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (DME) അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിട്ടും, കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു ആരോപിച്ചു.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ:

വേണുവിന്റെ ചികിത്സയിൽ ചവറ സി.എച്ച്.സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെ ഗുരുതരമായ അനാസ്ഥയുണ്ടായെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിൽ കൃത്യസമയത്ത് അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ വേണുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു. അവിടെ കാത്ത് ലാബ് മുഴുവൻ സമയവും പ്രവർത്തിക്കാതിരുന്നതും കാർഡിയോളജി വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാതിരുന്നതും തിരിച്ചടിയായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും വേണുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. പകരം ജനറൽ വാർഡിലേക്ക് മാറ്റുകയും അവിടെ ചികിത്സ വൈകുകയും ചെയ്തു. വീൽചെയറിൽ രോഗിയെ കൊണ്ടുപോകാൻ ബുദ്ധിമുട്ടിയപ്പോൾ സഹായിക്കാൻ പോലും ആശുപത്രി ജീവനക്കാർ തയ്യാറായില്ലെന്ന ക്രൂരമായ സത്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, ഇത്രയേറെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിട്ടും ആർക്കെതിരെയും അച്ചടക്ക നടപടിക്ക് റിപ്പോർട്ട് ശുപാർശ ചെയ്തിട്ടില്ല എന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സിന്ധുവിന്റെ ആരോപണങ്ങൾ:

സർക്കാർ നെറികേടാണ് കാണിക്കുന്നത്. വീഴ്ചകൾ ബോധ്യപ്പെട്ടിട്ടും ഒരു ഉദ്യോഗസ്ഥൻ പോലും ഞങ്ങളെ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. സർക്കാർ ആശുപത്രിയിൽ എന്തിനാണ് കൊണ്ടുപോയതെന്ന് ചോദിച്ച് പട്ടികജാതി കമ്മീഷൻ അംഗം പോലും ഞങ്ങളെ അപമാനിച്ചു, സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു വേണു. കുടുംബം ഇപ്പോൾ അനാഥമായ അവസ്ഥയിലാണെന്നും സർക്കാർ തനിക്ക് ജോലി നൽകണമെന്നും കുടുംബത്തെ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

പശ്ചാത്തലം:

2025 നവംബറിലാണ് ഹൃദയാഘാതത്തെ തുടർന്ന് വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, യൂണിഫോം ഇട്ടവർ പട്ടിയോട് കാണിക്കുന്ന സ്നേഹം പോലും തന്നോട് കാണിക്കുന്നില്ല എന്ന് വേണു സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശം കേരള മനസാക്ഷിയെ നടുക്കിയിരുന്നു. ആറ് ദിവസത്തോളം ചികിത്സ നിഷേധിക്കപ്പെട്ടുവെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

സംഭവത്തിൽ വേണുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കുകയാണ്. ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിസ്സംഗതയ്ക്കെതിരെ വരുംദിവസങ്ങളിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

---------------

Hindusthan Samachar / Roshith K


Latest News