Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 ഫെബ്രുവരി (H.S.)
സംസ്ഥാനത്തെ ഏര്‌റവും പ്രായം കുറഞ്ഞ് അവയവ ദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാനത്തിന്റെ ആദരം. കുഞ്ഞ് നോവായി മആറിയ അലിന്റെ സംസ്‌കാരം നാളെ നടക്കും. ഔദ്യോഗിക ബഹുമതികള്‍ നല്‍കി അലിനെ യാത്രയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി കുറിച്ചു.
എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേര്‍പിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറി. ഇതുവഴി 5 പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്.
ഹെലികോപ്റ്റര്‍ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ റോഡ് മാര്‍ഗം കൊണ്ട് വരാന്‍ തിരുമാനിച്ചു. അതേറ്റവും വേഗത്തില്‍ എത്തിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.
ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ നിലവില്‍ 2 കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
ഈ മഹത്തായ ഉദ്യമം വിജയകരമാക്കാന്‍ യത്‌നിച്ച ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് , ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകള്‍ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിന്‍ ഷെറിന്റെ മാതാപിതാക്കള്‍. അവരുടെയും ഈ നാടിന്റേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.
---------------
Hindusthan Samachar / Sreejith S