Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഫെബ്രുവരി (H.S.)
വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച 10 മാസം മാത്രം പ്രായമുളള ആലിൻ ഷെറിൻ എബ്രഹാമിന് ഔദ്യോഗിക ബഹുമതികളോടെ കേരളം യാത്രയാക്കും.
മസ്തിഷ്ക മരണം സംഭവിച്ചതോടെ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ മാതാപിതാക്കള്‍ തയ്യാറാവുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറിയിരിക്കുകയാണ്.
ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അത് കാരണം 5 പേർക്കാണ് പുതുജീവൻ ലഭിച്ചത്. അവയവങ്ങള്‍ വേഗത്തില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കാൻ സഹായിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
'' കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുണ്‍ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.
ഹെലികോപ്റ്റർ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയില്‍ സിവില്‍ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാല്‍ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചു. അതേറ്റവും വേഗത്തില്‍ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകള്‍ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.
ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികള്‍ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ നിലവില്‍ 2 കുഞ്ഞുങ്ങള്‍ക്ക് നല്‍കാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരില്‍ നിന്നും അറിയാൻ കഴിഞ്ഞത്.
ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തില്‍ സർക്കാർ - സ്വകാര്യ മേഖലകള്‍ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കള്‍. അവരുടെയും ഈ നാടിൻ്റേയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയാക്കും'' .
നാളെയാണ് ആലിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുന്നത്. നടൻ മോഹൻലാല്‍ അടക്കം നിരവധി പേരാണ് ആലിന്റെ മാതാപിതാക്കളെ ചേർത്ത് പിടിച്ച് രംഗത്ത് വന്നിരിക്കുന്നത്. '' തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനില്‍ക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും'' മോഹൻലാല്‍ കുറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR