Enter your Email Address to subscribe to our newsletters

Kannur , 14 ഫെബ്രുവരി (H.S.)
ആഗോള അയ്യപ്പ സംഗമത്തിലെ അഴിമതിയില്‍ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും എതിരെ പണാപഹരണത്തിനും കൃത്രിമ രേഖ സൃഷ്ടിക്കലിനും വിശ്വാസവഞ്ചനയ്ക്കും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള പോലെ ഗൗരവമേറിയതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്ന വന്‍ തട്ടിപ്പ്. അയ്യപ്പ സംഗമത്തിന് ചെലവായ തുക സംബന്ധിച്ച ഓഡിറ്റ് കണക്കും ദേവസ്വം മന്ത്രിയും ബോര്‍ഡും വാദിക്കുന്ന കണക്കും രണ്ടാണ്. യഥാര്‍ത്ഥ കണക്കുമായി ഇതുപൊരുത്തപെടുന്നില്ല.സത്യസന്ധത ഉണ്ടെങ്കില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണം. ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവെച്ച് രക്ഷപെടാമെന്ന് കരുതിയെങ്കില്‍ അദ്ദേഹത്തിന് തെറ്റിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
അയ്യപ്പ സംഗമ നടത്തിപ്പുമായി ബന്ധപ്പെട്ട് പണാപഹരണത്തിനായി ഗൂഢാലോചന നടത്തുകയും കൃത്രിമ രേഖ ചമക്കുകയും ചെയ്തു. കൂടുതലും തട്ടിപ്പിന് വേണ്ടി തട്ടിക്കൂട്ടിയ വൗച്ചറുകളാണ്. ഇത് ആരാണ് സൃഷ്ടിച്ചതെന്നത് കണ്ടെത്തണം. നടക്കാത്ത ഭജന്‍സിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടി. ധൂര്‍ത്തിന്റെയും വകമാറ്റി തുക ചെലവാക്കിയതിന്റെയും തെളിവുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് ഒരു ദിവസം താമസിക്കാന്‍ ഒരു ലക്ഷം രൂപയുടെ കട്ടില്‍ എന്നത് ധൂര്‍ത്തിന്റെ തെളിവ്. നേതാക്കളുടെ ഇത്തരം ആഡംബരം സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു.
ഊരാളുങ്കല്‍ സൊസൈറ്റിയുടെ മറവില്‍ സിപിഎം നേതാക്കളാണ് ഈ അഴിമതിക്ക് നേതൃത്വം നല്‍കിയത്. ഇത് മനസിലാക്കിയിട്ടും സിപിഎം സെക്രട്ടറി മറുപടി പറയാതെ ഉരുണ്ടുകളിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണ്ണം മോഷിച്ചവരെ ഇപ്പോഴും സംരക്ഷിക്കുകയാണ്. മെറിറ്റില്‍ ജാമ്യം കിട്ടാത്ത ആ കേസിലെ പ്രതികള്‍ക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിച്ച് സാങ്കേതികത്വത്തിന്റെ പേരില്‍ ജ്യാമത്തിന് അവസരം ഒരുക്കുന്നു.രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി.കുഞ്ഞികൃഷ്ണനെ പുറത്താക്കാന്‍ സിപിഎമ്മിന് കാലതാമസം ഉണ്ടായില്ല. എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളായ സിപിഎമ്മുകാര്‍ക്കെതിരെ സംഘടനാ തലത്തില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. അതേ രീതിയില്‍ അയ്യപ്പ സംഗമത്തിലെ തട്ടിപ്പുകാരെയും വെട്ടിപ്പുകാരെയും സംരക്ഷിക്കുന്ന നിലപാട് സിപിഎം ആവര്‍ത്തിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎമ്മിന്റെ ഇഷ്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കേരള പോലീസിന്റെതെന്ന് മുന്‍ എംഎല്‍എ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി നല്‍കി.
-------
---------------
Hindusthan Samachar / CHANDHU CHANDRASEKHAR