Enter your Email Address to subscribe to our newsletters

Banglore, 14 ഫെബ്രുവരി (H.S.)
നഗരവാസികള്‍ കാത്തിരിക്കുന്ന റെയില്‍വേ പദ്ധതികളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒമ്പത് പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ ആധുനിക യാത്രാ കേന്ദ്രങ്ങളാക്കാൻ കേന്ദ്രത്തിന്റെ അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയില്‍ വികസനം പുരോഗമിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.
റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയ്ക്ക് 2025-26-ല്‍ 572 കോടി രൂപ അനുവദിച്ചു. ഡിസംബർ 2025 വരെ 468 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു.
ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ ലോക്‌സഭയിലെ ചോദ്യത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് മറുപടി നല്‍കിയതനുസരിച്ച്, ബാംഗ്ലൂർ കാന്റോണ്‍മെന്റ്, കെഎസ്‌ആർ ബെംഗളൂരു, യശ്വന്ത്പൂർ, മല്ലേശ്വരം, വൈറ്റ്‌ഫീല്‍ഡ്, കൃഷ്‌ണരാജപുരം, കെംഗേരി, ചന്നസാന്ദ്ര, ദൊഡ്ഡബല്ലാപുർ എന്നീ ഒമ്പത് സ്‌റ്റേഷനുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇവയെല്ലാം നഗരത്തിലെ സുപ്രധാന സ്‌റ്റേഷനുകളായാണ് കണക്കാക്കുന്നത്.
സ്‌റ്റേഷൻ പ്രവേശനം മെച്ചപ്പെടുത്തുക, വിശ്രമമുറികളും ശുചിമുറികളും നവീകരിക്കുക, വീതിയേറിയ കാല്‍നട മേല്‍പ്പാലങ്ങളും എയർ കോണ്‍കോഴ്‌സുകളും നിർമ്മിക്കുക, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് വികസന ലക്ഷ്യങ്ങള്‍. പാർക്കിംഗ് നവീകരണം, ബഹുമാതൃകാ സംയോജനം, 'ഒരു സ്‌റ്റേഷൻ ഒരു ഉല്‍പ്പന്നം' കിയോസ്‌കുകള്‍, എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍, ലാൻഡ്സ്കേപ്പിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.
പ്രധാന സ്‌റ്റേഷനുകളില്‍ ഒന്നായ യശ്വന്ത്പൂർ സ്‌റ്റേഷനില്‍ പ്രവേശന പ്ലാസ, എലിവേറ്റഡ് റോഡ്, മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് എന്നിവയുടെ ജോലികള്‍ പൂർത്തിയാക്കി. പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിന്റെ ഫിനിഷിംഗ്, ഘടനാപരമായ വികസനം എന്നിവ പുരോഗമിക്കുന്നു. ബാംഗ്ലൂർ കാന്റോണ്‍മെന്റില്‍ 24 മീറ്റർ വീതിയുള്ള വഴി തിരിക്കല്‍ റോഡ്, പരിശീലന കേന്ദ്രം, തെക്ക് ഭാഗത്തെ കെട്ടിടത്തിന്റെ ഘടനാപരമായ ജോലികളും പൂർത്തീകരിച്ചു. ഫിനിഷിംഗ്, കാല്‍നട മേല്‍പ്പാലം നിർമ്മാണം നടന്നുവരികയാണ്.
വൈറ്റ്ഫീല്‍ഡ് സ്‌റ്റേഷനില്‍ ചുറ്റുമതില്‍, മെച്ചപ്പെട്ട പാർക്കിംഗ്, പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍, ലേഡീസ് വെയിറ്റിംഗ് ഹാള്‍ എന്നിവ പൂർത്തിയായി. അധിക ഷെല്‍ട്ടറുകള്‍, ഫുഡ് പ്ലാസ, പുതിയ മേല്‍ക്കൂര, 12 മീറ്റർ വീതിയുള്ള കാല്‍നട മേല്‍പ്പാലം എന്നിവയുടെ ജോലികള്‍ പുരോഗമിക്കുന്നു. കൃഷൻരാജപുരം, കെംഗേരി, ദൊഡ്ഡബല്ലാപുർ എന്നിവിടങ്ങളില്‍ അധിക പ്രവേശന കവാടങ്ങള്‍, പാർക്കിംഗ് മെച്ചപ്പെടുത്തല്‍, വിശ്രമമുറികള്‍, പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഓരോ സ്‌റ്റേഷന്റെയും മാസ്‌റ്റർ പ്ലാനിനനുസരിച്ച് ഘട്ടംഘട്ടമായാണ് വികസനം നടക്കുന്നത്. എന്നാല്‍ ചട്ടപരമായ അനുമതികള്‍, യൂട്ടിലിറ്റികള്‍ മാറ്റിവെക്കല്‍, തടസമില്ലാത്ത ട്രെയിൻ സർവീസുകള്‍ ഉറപ്പാക്കല്‍ തുടങ്ങിയ വെല്ലുവിളികള്‍ കാരണം പൂർത്തീകരണത്തിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.
കാലതാമസം, ചെലവ് വർധന എന്നിവ ഒഴിവാക്കാൻ പ്രത്യേക റെയില്‍വേ പോർട്ടല്‍ വഴി പദ്ധതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
രാജ്യത്ത് ആകമാനം അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വലിയ രീതിയില്‍ പല സ്‌റ്റേഷനുകളുടെയും നവീകരണം നടക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് ഇത്തരത്തില്‍ ഇവയുടെ നിർമ്മാണം നടത്തി വരുന്നത്. ബെംഗളൂരു നഗരത്തെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമാണ് യാത്രക്കാർക്ക് നല്‍കുക. അത് കൂടി കണക്കിലെടുത്ത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണം ഇത്തരം പ്രവർത്തനങ്ങള്‍ എന്നാണ് ആവശ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR